കൊച്ചി-കളമശേരി ആശുപത്രിയില്‍ കോവിഡ് ബാധിച്ച് മരിച്ച ദളിത് വൃദ്ധന്റെ മൃതദേഹം പുഴുവരിച്ച നിലയിലായിരുന്നെന്ന് ബന്ധുക്കള്‍. പെരുമ്പാവൂര്‍ കൊമ്പനാട് കയ്യാലക്കുടി വീട്ടില്‍ കുഞ്ഞുമോന്റെ (85) മകനാണ് ആശുപത്രിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. സെപ്റ്റംബര്‍ 14 നാണ് 85 കാരനായ കുഞ്ഞുമോന്‍ മരിച്ചത്. മൃതദേഹം പെരുമ്പാവൂര്‍ നഗരസഭാ ശ്മശാനത്തില്‍ സംസ്കാരത്തിന് കൊണ്ടുവന്നപ്പോഴാണ് മൃതദേഹത്തില്‍ പുഴുക്കളെ കണ്ടത്.
മൂക്കിലൂടെയും മറ്റും പുഴുക്കള്‍ വരുന്ന കാര്യം അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും ധൃതിപ്പെട്ട് സംസ്കാരം നടത്തുകയായിരുന്നെന്ന് മകന്‍ പറയുന്നു. അച്ഛന്‍ മരിച്ച വിവരം ദിവസങ്ങളോളം അധികൃതര്‍ മറച്ചുവെച്ചെന്ന സംശയമാണ് മകനുയര്‍ത്തുന്നത്. ഓഗസ്റ്റ് 29 ന് പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ആയിരുന്നു ആദ്യം കുഞ്ഞുമോനെ പ്രവേശിപ്പിച്ചത്. പിന്നീട് അമ്പലമുകള്‍ കോവിഡ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില വഷളായതോടെ സെപ്റ്റംബര്‍ ആറിന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
മരിച്ചതിന്റെ തലേദിവസവും രോഗിക്കായി 6000 രൂപയുടെ കുത്തിവയ്പ് മരുന്നും രണ്ടു നാപ്കിനുകളും നല്‍കിയതായി ബന്ധുക്കള്‍ പറയുന്നു. 14 ന് രാത്രി 12.10നു മരിച്ചു എന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെതന്നെ മൃതദേഹം മോര്‍ച്ചറിയില്‍നിന്നു പൊതിഞ്ഞു നല്‍കി. അന്നുതന്നെ ഉച്ചക്കു രണ്ടുമണിയോടെ സംസ്കാരവും നടത്തി. മൃതദേഹം കണ്ടാല്‍ മരിച്ച് ദിവസങ്ങള്‍ ആയതിന്റെ ലക്ഷണമുണ്ടായിരുന്നുവെന്നും സംസ്കരിക്കും മുന്‍പ് എടുത്ത ഫോട്ടോയില്‍ പുഴുവിനെ കാണാമെന്നും ഇവര്‍ പറയുന്നു.
എന്നാല്‍ ആരോപണം കളമശ്ശേരി മെഡിക്കല്‍ കോളജ് അധികൃതര്‍ നിഷേധിച്ചു. ഇത്തരത്തിലുള്ള ഒരു വീഴ്ചയും കളമശ്ശേരി മെഡിക്കല്‍ കോളിജില്‍ ഉണ്ടായിട്ടില്ലെന്നും തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാകാം ബന്ധുക്കള്‍ ആരോപണമുന്നയിക്കുന്നതെന്നും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് പറഞ്ഞു.