കോട്ടയം- നാർക്കോട്ടിക് ജിഹാദ് ഉണ്ടെന്ന് പറഞ്ഞ പാലാ ബിഷപ്പ് പറഞ്ഞ കാര്യം സത്യമാണെന്ന് ഒരാഴ്ച്ചക്കകം എല്ലാവർക്കും ബോധ്യമായെന്ന് ദീപിക പത്രത്തിൽ ലേഖനം. ബിഷ്പ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ വാളെടുത്തവരെല്ലാം ഒരാഴ്ചക്കകം മാളത്തിൽ കയറിയെന്നും ദീപികയിലെ ലേഖനത്തിലുണ്ട്.
സി.കെ കുര്യാച്ചനാണ് ലേഖനം എഴുതിയത്.
ലേഖനത്തില്നിന്ന്:
ആഗോള ഭീകരപ്രസ്ഥാനങ്ങൾക്കു കുടപിടിക്കുന്നവരുടെ ചങ്ങാത്തം ഉപേക്ഷിക്കാൻ മറ്റു പല താത്പര്യങ്ങളുടെയും പേരിൽ തയാറാകാത്തവർ മാത്രമാണ് ഇനിയും കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുന്നത്. മാർ കല്ലറങ്ങാട്ടിന്റെ മുന്നറിയിപ്പിനു വർഗീയതയുടെയും മതസ്പർധയുടെയും നിറം നൽകാൻ ഇറങ്ങിപ്പുറപ്പെട്ടവരുടെ തനിനിറവും കേരളസമൂഹത്തിനു ബോധ്യപ്പെട്ടുകഴിഞ്ഞു.
മാർ കല്ലറങ്ങാട്ട് കേരളത്തിൽ വർഗീയകലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നു എന്നാക്രോശിച്ച് ആദ്യം രംഗത്തുവന്നത് മാധ്യമവിചാരണക്കാരായിരുന്നല്ലോ. അവരുടെ കെണിയിൽപ്പെട്ടും ഒരു ബിഷപ്പിനെയും ക്രൈസ്തവ സമൂഹത്തെയും ആക്ഷേപിക്കാൻ കിട്ടിയ അവസരം മുതലെടുത്തും മതേതരത്വത്തിന്റെ വക്താക്കളാകാൻ ശ്രമിച്ചവരാണ് ഈ വിഷയത്തിൽ ആദ്യമേ തോറ്റത്.
താൻ പറഞ്ഞതു യാഥാർഥ്യമാണെന്ന് ഉറച്ച ബോധ്യമുള്ള മാർ കല്ലറങ്ങാട്ടിനെക്കൊണ്ടു മാപ്പു പറയിക്കാമെന്ന മാധ്യമവിധിയാളരുടെ അതിമോഹത്തിന് അല്പായുസേ ഉണ്ടായിരുന്നുള്ളൂ. സാമാന്യബോധമുള്ളവരെല്ലാം പിൻവാങ്ങിയെങ്കിലും ചിലർ ഇപ്പോഴും പ്രതീക്ഷ വച്ചുപുലർത്തുന്നുണ്ട്. കാരണം, അവർ സത്യം അന്വേഷിക്കുന്നവരല്ല, മറിച്ച് അവർ പറയുന്നതു മാത്രമാണ് സത്യമെന്ന മിഥ്യാധാരണയുള്ളവരാണ്. അവരെ തിരുത്തുക പ്രയാസമായതിനാൽ വിട്ടുകളയുക.
മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും ആദ്യപ്രതികരണങ്ങളും ബിഷപ് എന്തോ അപരാധം ചെയ്തു എന്ന നിലയിലായിരുന്നു. എന്നാൽ, മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയും അറിഞ്ഞുകൊണ്ടു മൂടിവയ്ക്കാൻ ശ്രമിച്ച യാഥാർഥ്യമാണ് മാർ കല്ലറങ്ങാട്ട് പറഞ്ഞത് എന്നാണ് ഇപ്പോൾ കേരളജനത മനസിലാക്കുന്നത്.
സംസ്ഥാന സർക്കാരിനെ നയിക്കുന്ന സിപിഎം കേരളത്തിലാകമാനം അടിത്തറയുള്ളതും ജനകീയബന്ധമുള്ളതുമായ രാഷ്ട്രീയ പാർട്ടിയാണ് എന്നതിൽ ആർക്കും തർക്കമുണ്ടാകില്ല. കേഡർ സ്വഭാവത്തിൽ പ്രവർത്തിക്കുന്ന പാർട്ടി ഘടകങ്ങളും വിവരശേഖരണത്തിന് വിപുലമായ സംവിധാനവും സിപിഎമ്മിനുണ്ട്.
അത്തരമൊരു പാർട്ടി അതിന്റെ സമ്മേളനത്തിന്റെ ചർച്ചയ്ക്കായി തയാറാക്കി കീഴ്ഘടകങ്ങൾക്കു നൽകിയ സർക്കുലറിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളല്ലേ പാലാ ബിഷപ്പും ചൂണ്ടിക്കാട്ടിയത്? സിപിഎമ്മിന്റെ സർക്കുലർ ചർച്ചചെയ്യാൻ ചാനൽചർച്ചക്കാർ തയാറാകുമോ?
ഇന്നലെ സിപിഎം ആക്ടിംഗ് സെക്രട്ടറിയുടെ പ്രതികരണവും മന്ത്രി വാസവന്റെ ബിഷപ്സ് ഹൗസ് സന്ദർശനവുമെല്ലാം യാഥാർഥ്യം ഉൾക്കൊള്ളുന്നുവെന്ന സൂചനതന്നെയാണ് നൽകുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ ഉന്നതതലയോഗത്തിലും അദ്ദേഹത്തിന് ഇക്കാര്യങ്ങളൊക്കെ ബോധ്യമായിക്കാണണം.
ഇടതുപക്ഷത്തെ രണ്ടാം കക്ഷിയായ സിപിഐ ഇതെല്ലാം അംഗീകരിക്കാൻ ഇനിയും സമയമെടുത്തേക്കും. കേരള കോൺഗ്രസ്-എം നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. അതിനാൽ മാർ കല്ലറങ്ങാട്ട് ഉന്നയിച്ചതും സിപിഎം ഇപ്പോൾ ശരിവച്ചിരിക്കുന്നതുമായ പ്രശ്നങ്ങളെപ്പറ്റി സർക്കാർ മുൻ വിധികളില്ലാതെ അന്വേഷണം നടത്തി സമുദായങ്ങളുടെ ആശങ്കകൾക്ക് അറുതിവരുത്തുകയല്ലേ വേണ്ടത്.
ഇനി പ്രതിപക്ഷ നേതാവിന്റെയും കോൺഗ്രസിന്റെയും യുഡിഎഫ് ഘടകകക്ഷികളുടെയും അവസ്ഥയാണ് പരിശോധിക്കപ്പെടേണ്ടത്. ക്ലീൻ ഇമേജ് സൃഷ്ടിക്കാൻ പാടുപെടുന്ന വി.ഡി. സതീശനു ചങ്ങനാശേരിയിൽനിന്നു കാര്യങ്ങൾ വ്യക്തമായിക്കാണണം. അതായിരിക്കും അദ്ദേഹം പാലായ്ക്കു പോകാഞ്ഞത്.
എന്നാലും തന്റെ ഇമേജ് കാത്തുസൂക്ഷിക്കാൻ അദ്ദേഹം ചില പൊടിക്കൈകൾ കോട്ടയത്തുതന്നെ കാട്ടുകയും ചെയ്തു. സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് പാലായിലെത്തി ബിഷപ്പിനെ കണ്ട് കാര്യങ്ങൾ മനസിലാക്കിയിരിക്കുന്നു എന്നു വേണം ഇതുവരെയുള്ള പ്രതികരണങ്ങളിൽനിന്നു മനസിലാക്കാൻ.
യുഡിഎഫിലെ രണ്ടാം കക്ഷിയായ മുസ്ലിം ലീഗിലെ മിക്ക നേതാക്കൾക്കും ബിഷപ് പറഞ്ഞ കാര്യങ്ങൾ മുമ്പേ അറിയാം. എന്നാൽ, അറിയാത്തവരും അജ്ഞത നടിക്കുന്നവരും ഏറെയുണ്ട്. യുഡിഎഫിലെ കേരള കോൺഗ്രസുകളുടെ നിലപാട് സുവ്യക്തവുമാണ്.
ബിഷപ്പിനു ബിജെപി സംരക്ഷണം ഒരുക്കുന്നുവെന്ന പ്രചാരണംവരെ നടത്തുകയാണ്. കേന്ദ്രം ഭരിക്കുന്ന പാർട്ടി എന്ന നിലയിൽ ദേശസുരക്ഷയെപ്പോലും ബാധിക്കാവുന്ന തരത്തിലുള്ള വിധ്വംസക പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് അവർക്കു ബോധ്യമുണ്ടെങ്കിൽ ശക്തമായ അന്വേഷണവും നടപടികളും എടുക്കുകയാണു വേണ്ടത്. അല്ലാതെ ബിഷപ്പിന്റെ പ്രസ്താവനയെ മറയാക്കി രാഷ്ട്രീയ മുതലെടുപ്പു നടത്താൻ ശ്രമിക്കുകയും സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുകയുമല്ല വേണ്ടത്.
ഇനി മറ്റൊരു കൂട്ടർകൂടിയുണ്ട്. അവരെയാണ് കേരളസമൂഹം കരുതിയിരിക്കേണ്ടത്. താലിബാൻ ഭീകരതയെപ്പോലും താലോലിക്കുന്ന ഇക്കൂട്ടർ കേരളസമൂഹത്തിൽ വളരെ സമർഥമായി വർഗീയതയും തീവ്രവാദവും പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവരാണ്. അവരുടെ കാഴ്ചകൾ ഏകപക്ഷീയമാണ്. അവരെ തിരുത്തുക പ്രയാസവുമാണ്.
എന്നാൽ, അവരുടെ കരുക്കളാകുന്നവർ തങ്ങളുടെ തലച്ചോറും നാവും തൂലികയും പണയപ്പെടുത്തരുത്. അതാണ് കൂടുതൽ അപകടകരം. തങ്ങളുടെ മറവിലാണ് കേരളസമൂഹത്തിൽ ഭിന്നത വളർത്താൻ ശ്രമിക്കുന്നതെന്ന് അവർ തിരിച്ചറിയണം.