കൊച്ചി- മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചലച്ചിത്രത്തിനെതിരെ ലഭിച്ച പരാതിയില്‍ നാലാഴ്ചക്കുള്ളില്‍ തീരുമാനമെടുക്കണമെന്നു ഹൈക്കോടതി സെന്‍ട്രല്‍ ബോര്‍ഡ് ഫിലിം സര്‍ട്ടിഫിക്കേഷന് (സി.ബി.എഫ്.സി) നിര്‍ദേശം നല്‍കി. ചിത്രം മരക്കാരെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നു ചൂണ്ടിക്കാട്ടി മരക്കാരുടെ പിന്‍മുറക്കാരി മുഫീദ അരാഫത്ത്് മരക്കാരാണ് ഹരജി സമര്‍പ്പിച്ചത്. സി.ബി.എഫ്.സിക്ക് നല്‍കിയ പരാതിയില്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോകുകയാണെന്ന ഹരജിക്കാരി കോടതിയില്‍ ബോധിപ്പിച്ചു. തുടര്‍ന്നാണ് നാലാഴ്ചക്കുള്ളില്‍ തീരുമാനമെടുക്കണമെന്നു കോടതി നിര്‍ദ്ദേശം നല്‍കിയത്.
കുഞ്ഞാലി മരക്കാരുടെ യഥാര്‍ഥ ജീവിതം വളച്ചൊടിച്ചാണ് ചിത്രം നിര്‍മിച്ചിട്ടുള്ളതെന്നും പ്രദര്‍ശനാനുമതി ലഭിച്ചാല്‍ മതവിദ്വേഷത്തിനു കാരണമാവുമെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. ചിത്രം പ്രദര്‍ശിപ്പിക്കുന്നതിലൂടെ സമൂഹത്തിലെ സമാധാനാന്തരീക്ഷം തകരുമെന്നും ഹരജിക്കാരി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ സര്‍ക്കാരിനും ജില്ലാ കലക്ടര്‍ക്കും ചിത്രത്തിന്റെ പ്രദര്‍ശനം തടയാന്‍ കഴിയുമെന്നുമാണ് ഹരജിക്കാരിയുടെ വാദം.