പാലക്കാട്- കല്ലും കമ്പിയുമായി സഹായം ഒഴുകിയെത്തി, അനില്‍കുമാറിന് ഇനി സ്വന്തം കൂരയില്‍ തല ചായ്ക്കാം. നിരവധി കായിക മല്‍സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മെഡലുകള്‍ സ്വന്തമാക്കിയ മുട്ടിക്കുളങ്ങര വാളേക്കാട് സ്വദേശി വി.െക. അനില്‍കുമാറിനാണ് നാട്ടുകാര്‍ വീട് കെട്ടിക്കൊടുത്തത്.
തറവാട് ഭാഗിച്ചപ്പോള്‍ ലഭിച്ച നാലു സെന്റ് ഭൂമിയില്‍ സ്വന്തമായി വീടു പണിയണമെന്ന ആഗ്രഹത്തോടെ കായികതാരം മുട്ടാത്ത വാതിലുകളുണ്ടായിരുന്നില്ല. പുതുപ്പരിയാരം സമഗ്ര വെല്‍നെസ് എജ്യുക്കേഷന്‍ സൊസൈറ്റി അദ്ദേഹത്തെ സഹായിക്കാന്‍ മുന്നോട്ടു വരികയായിരുന്നു. 'ഒരു പുഞ്ചിരി+ ഒരു രൂപ= ഒരു വീട്'എന്ന പദ്ധതിക്ക് മികച്ച പ്രതികരണമാണ് നാട്ടുകാരില്‍നിന്ന് ലഭിച്ചത്.
പണത്തിനു പുറമേ കരിങ്കല്ല്, മെറ്റല്‍, എം.സാന്റ്, കട്ട, കട്ടിള, സിമന്റ്, കമ്പി എന്നിവയെല്ലാം സഹായമായി ഒഴുകിയെത്തി. കൊറോണക്കാലത്തെ സാമ്പത്തികമാന്ദ്യം സംരംഭത്തിന് തടസ്സമേ ആയില്ല. കഴിഞ്ഞ കൊല്ലം ഡിസംബറിലാണ് വീടിന് കുറ്റിയടിച്ചത്. പൂര്‍ത്തിയായ 900 ചതുരശ്രയടി വീട് അനില്‍കുമാറിന് കൈമാറി. വിചാരിച്ചതിലും മികച്ച രീതിയില്‍ പരിപാടി നടപ്പിലാക്കാനായതില്‍ സന്തോഷമുണ്ടെന്ന് സമഗ്ര സൊസൈറ്റി പ്രസിഡന്റ് എം.ജെ. സണ്ണിയും സെക്രട്ടറി ജോസ് ചാലക്കലും അറിയിച്ചു.