കോട്ടയം- പാലാ ബിഷപ്പിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള മന്ത്രി വി.എന്‍ വാസവന്റെ പ്രസ്തവനക്കും ഫേസ് ബുക്ക് പോസ്റ്റിനുമെതിരെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശം.
ഇദ്ദേഹം പ്രതിനിധീകരിക്കുന്ന രാഷ്ട്രീയത്തെ ഇടതുപക്ഷ രാഷ്ട്രീയമെന്ന് വിളിക്കാനാവില്ലെന്നാണ് പ്രധാന വിമര്‍ശം. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് എവിടെയും വിജയിക്കുന്നതെന്നും കമന്റുകളില്‍ പറയുന്നു.
ബിഷപ്പ് നടത്തിയ നാര്‍കോട്ടിക്‌സ് ജിഹാദ് പരാമര്‍ശം രൂക്ഷമായ പ്രശ്‌നമാക്കാന്‍ ശ്രമിക്കുന്നത് തീവ്രവാദികളാണെന്ന അഭിപ്രായം വിവാദമായതിന് പിന്നാലെയാണ് പാലാ ബിഷപ്പിനെ പുകഴ്ത്തി മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ബിഷപ്പിനെ നേരില്‍ക്കണ്ടതിന് ശേഷം അദ്ദേഹത്തോടൊപ്പമുള്ള ചിത്രവും മന്ത്രി പോസ്റ്റ് ചെയ്തിരുന്നു.
അഭിവന്ദ്യനായ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവിനെ സന്ദര്‍ശിക്കുവാന്‍ കഴിഞ്ഞു. മന്ത്രിസഭാ രൂപീകരണത്തിന് ശേഷം ഇപ്പോഴാണ് പിതാവിനെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞത്. തികച്ചും സൗഹാര്‍ദ്ദപരമായ സന്ദര്‍ശനമായിരുന്നു. ബൈബിള്‍, ഖുറാന്‍, രാമായണം, ഭഗവദ്ഗീത തുടങ്ങിയ പുണ്യ ഗ്രന്ഥങ്ങളില്‍ അഗാധ പാണ്ഡിത്യമുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ വളരെ ശ്രദ്ധാ പൂര്‍വ്വം ശ്രവിക്കാറുണ്ട്. സന്ദര്‍ശനം ഹൃദ്യമായ ഒരു അനുഭവമായിരുന്നു. സമൂഹ മാധ്യമങ്ങള്‍ വഴിയും മറ്റും വര്‍ഗ്ഗീയ ധ്രുവീകരണത്തിനും ചേരിതിരിവുണ്ടാക്കുവാനും ശ്രമിക്കുന്ന ചില ആസൂത്രിത നീക്കങ്ങള്‍ക്കെതിരെ ഗവണ്മെന്റ് ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് സ്വാഗതം ചെയ്യുന്നു. അസാമാധാന അന്തരീക്ഷം സൃഷ്ടിക്കുവാന്‍ ആരെയും അനുവദിക്കില്ല- മന്ത്രി കുറിപ്പില്‍ പറഞ്ഞു.
ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടുമായി നടത്തിയത് സൗഹൃദ കൂടിക്കാഴ്ച മാത്രമാണെന്ന് കൂടിക്കാഴ്ചക്ക് ശേഷം മന്ത്രി വാര്‍ത്താ ലേഖകരോട് പറഞ്ഞു. തീര്‍ത്തും വ്യക്തിപരമായ സന്ദര്‍ശനമാണ് നടത്തിയത്. സര്‍ക്കാര്‍ പ്രതിനിധിയായിട്ടല്ല എത്തിയത്. നാര്‍കോടിക്‌സ് ജിഹാദ് വിവാദത്തെക്കുറിച്ച് ബിഷപ്പുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിഷപ്പ് ഒരു പരാതിയും തന്നോട് പറഞ്ഞില്ല. പാലാ ബിഷപ്പ് ഏറെ പാണ്ഡിത്യമുളള വ്യക്തിയാണ്. നാര്‍കോട്ടിക്‌സ് ജിഹാദ് വിഷയത്തില്‍ ഒരു സമവായ ചര്‍ച്ചയുടെ സാഹചര്യമില്ലെന്നുംമന്ത്രി പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ചേരിതിരിവ് ഉണ്ടാക്കുന്ന പ്രതികരണങ്ങളില്‍ ശക്തമായ നടപടി ഉണ്ടാകും. തീവ്രവാദികളാണ് പ്രശ്‌നം രൂക്ഷമാക്കാന്‍ ശ്രമിക്കുന്നത്. ഈ വിഷയം ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടുവെന്ന് പറഞ്ഞ മന്ത്രി അസമാധാനത്തിന്റെ അന്തരീക്ഷമുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും പറഞ്ഞു.