അനധികൃത പ്രസിദ്ധീകരണങ്ങള്‍ വില്‍ക്കുന്നവര്‍ക്ക് കുരുക്ക്
റിയാദ് - അറിയാതെയെങ്കിലും ഇക്കാര്യങ്ങൾ ചെയ്താൽ സൗദിയിൽ പിടിവീഴും. പൊതുതാൽപര്യ സംരക്ഷണ നിയമത്തിൽ ഭേദഗതികൾ വരുത്തുന്ന വിഷയം ശൂറാ കൗൺസിലിന്റെ പരിഗണനയിൽ. പൊതുമുതലുകളിലും നിരത്തുകളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ മനഃപൂർവം വീഴ്ച വരുത്തുന്നതും പള്ളികളിലും മുസല്ലകളിലും പാലിക്കേണ്ട മര്യാദ തെറ്റിക്കുന്നതിനും ശിക്ഷ നടപ്പാക്കണമെന്ന നിർദേശം ശൂറാ കൗൺസിൽ ചർച്ച ചെയ്യും. ഇത്തരം കേസുകളിൽ 300 റിയാൽ പിഴയും രണ്ട് മാസത്തിൽ കവിയാത്ത ശിക്ഷയും വേണമെന്ന് നിർദേശം മുന്നോട്ടുവെച്ച ശൂറാ കൗൺസിൽ അംഗം ഡോ. ഫായിസ് അൽശഹ്‌രി ആവശ്യപ്പെട്ടിരുന്നു. ചില സന്ദർഭങ്ങളിൽ ശിക്ഷയുടെ കാഠിന്യം പരിഗണിച്ച് രണ്ട് ശിക്ഷയും ഒരുമിച്ച് അനുഭവിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വൃദ്ധർക്കും അംഗപരമിതർക്കുമുള്ള ഇരിപ്പിടങ്ങളും പാർക്കുകളും ഉപയോഗപ്പെടുത്തുക, പൊതുസ്ഥലങ്ങളിൽ എഴുതിയും മൂർച്ചയേറിയ ഉപകരണങ്ങൾകൊണ്ട് വരഞ്ഞും വൃത്തികേടാക്കുക, വഴികളിലും പൊതുസ്ഥലങ്ങളിലും മാലിന്യം നിക്ഷേപിക്കുക, സ്ഥാപനങ്ങളിലും വീടുകളിലും അനധികൃത ആനുകാലിക പ്രസിദ്ധീകരണങ്ങൾ വിതരണം ചെയ്യുക, ചുമരുകളിലും ബോർഡുകളിലും വാതിലുകളിലും പരസ്യം പതിക്കുക, (മാർഗനിർദേശം നൽകുന്നതോ പ്രബോധനം ചെയ്യുന്നതുമായ പരസ്യങ്ങൾ ഒട്ടിക്കുന്നതിനും ഇതിന്റെ പരിധിയിൽവരും), കാൽനടയാത്രക്കാർക്കും പൊതുനിരത്തുകളും സ്ഥലങ്ങളും ഉപയോഗിക്കുന്നവർക്കും ശല്യമുണ്ടാക്കുക, അനുവാദമില്ലാതെ റോഡുകളും പൊതുസ്ഥലങ്ങളും അടക്കുകയോ തടസ്സങ്ങൾ സൃഷ്ടിക്കുകയോ സ്വയം ഉപയോഗപ്പെടുത്തുകയോ ചെയ്യുക, അനുവാദം കൂടാതെ ഫോൺ നമ്പർ, അഡ്രസ് എന്നിവ വാഹനങ്ങളിലും റോഡുകളിലും പൊതുനിരത്തുകളിലും പ്രദർശിപ്പിക്കുക, റോഡുകളിലും പൊതുസ്ഥലങ്ങളിലും ഉപയോഗശ്യൂന്യമായ വസ്തുക്കളും ഉപകരണങ്ങളും വാഹനങ്ങളും ഉപേക്ഷിക്കുക, സിഗരറ്റ് കുറ്റികളും ഭക്ഷണാവശിഷ്ടങ്ങളും കാറിൽനിന്ന് റോഡിലേക്ക് വലിച്ചെറിയുകയോ കുപ്പത്തൊട്ടിക്ക് പുറത്ത് ഉപേക്ഷിക്കുകയോ ചെയ്യുക, സർക്കാർ ഉടമസ്ഥതയിൽ വിജനമായ സ്ഥലത്തുള്ള മരങ്ങൾ വെട്ടിയോ തീവെച്ചോ നശിപ്പിക്കുക, അനുവാദമില്ലാത്ത സ്ഥലങ്ങളിൽ തമ്പടിക്കുകയോ ഒരുമിച്ച് കൂടുകയോ പരിപാടികൾ സംഘടിപ്പിക്കുക, വീടിനകത്ത് ഉപയോഗിക്കുന്നതോ സഭ്യതക്ക് നിരക്കാത്തതോ ആയ വസ്ത്രം ധരിച്ച് പുറത്തിറങ്ങുക, നിരോധിത സ്ഥലങ്ങളിൽ പുക വലിക്കുക, താമസകെട്ടിടങ്ങളിൽ മൃഗങ്ങളെ വളർത്തുകയോ പരിപാലിക്കാതെ അവയെ പൊതുവഴിയിൽ ഉപേക്ഷിക്കുകയോ ചെയ്യുക, നിശ്ചയിച്ച സ്ഥലങ്ങളിലല്ലാതെ പ്രാഥമികാവശ്യം നിർവഹിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഒന്നാമത് ഗണത്തിൽ പ്രതിപാദിക്കുന്ന നിയമലംഘനങ്ങൾ.
വൃത്തിയില്ലാത്തതും ദുർഗന്ധം വമിക്കുന്നതും സഭ്യമല്ലാത്തതുമായ വസ്ത്രങ്ങൾ ധരിച്ച് പള്ളിയിൽ പ്രവേശിക്കുക, പള്ളികൾക്ക് സമീപം സംഗീതോപകരണങ്ങൾ ഉപയോഗിച്ചോ മറ്റോ ഉച്ഛത്തിൽ ശബ്ദമുണ്ടാക്കുക, പള്ളികളിലേക്ക് പ്രവേശിക്കുന്നതിന് വിശ്വാസികൾക്ക് മാർഗതടസ്സം സൃഷ്ടിക്കുക, പള്ളി മുറ്റത്ത് ബന്ധപ്പെട്ട വകുപ്പിന്റെ സമ്മതമില്ലാതെ കച്ചവടം നടത്തുക, പള്ളിയുടെ പരിപാവനത്തിന് കളങ്കമുണ്ടാക്കുന്ന വിധത്തിൽ ഇലക്ടോണിക് ഉപകരണങ്ങൾ ഉപയോഗിച്ചോ മറ്റോ ശബ്ദമുണ്ടാക്കുക, പള്ളിക്കകത്തോ പുറത്തോ യാചന നടത്തുക, പള്ളിയുടെ വക വസ്തുവകകളോ ഉപകരണങ്ങളോ കേടുവരുത്തുകയോ തെറ്റായ രീതിയിൽ ഉപയോഗിക്കുകയോ ചെയ്യുക എന്നിവയാണ് പള്ളികളും മുസല്ലകളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ.
പ്രാദേശികവാദം ഉയർത്തിയോ ആളുകളെ പരിഹസിക്കുകയോ ആപേക്ഷിക്കുകയോ അപവാദം പ്രചരണം നടത്തുകയോ ചെയ്യുന്ന പോസ്റ്ററുകൾ പതിക്കുക, കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷിതത്വം അപകടത്തിലാക്കുന്നവിധം പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കുക, കുട്ടികൾസ്ത്രീകൾമുതിർന്നവർവികലാംഗകർ എന്നിവരെ പരിഹസിക്കുക, ഉപകരണങ്ങൾ ഉപയോഗിച്ചോ മറ്റോ പൊതുസ്ഥലങ്ങളിൽ കോലാഹലം സൃഷ്ടിക്കുക, ഔദ്യോഗിക കേന്ദ്രങ്ങളിൽനിന്ന് അനുവാദം നേടാതെ പൊതുസ്ഥലങ്ങളിൽ ശബ്ദമുഖരിതമാക്കി ആഘോഷങ്ങൾ സംഘടിപ്പിക്കുക, വസ്ത്രങ്ങളിലോ വാഹനങ്ങളിലോ മറ്റോ അശ്ലീല ചിത്രങ്ങളോ ചിഹ്നങ്ങളോ പതിപ്പിക്കുക, സർക്കാർ സേവനങ്ങളോ മറ്റോ ഉപയോഗപ്പെടുത്തുന്നതിൽ ക്യൂ പാലിക്കാതെ മറ്റുള്ളവർക്ക് ശല്യമുണ്ടാക്കുക, പൊതുസ്ഥലങ്ങളിലോ ജനങ്ങൾ കാൺകെയോ വിവസ്ത്രനാവുക, വളർത്തുമൃഗങ്ങളോട് ക്രൂരമായി പെരുമാറുക, ആംബുലൻസ് സേവനം തടസ്സപ്പെടുത്തുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് മൂന്ന് മാസം വരെ തടവുശിക്ഷ നൽകണമെന്നാണ് നിർദേശത്തിലുള്ളത്.
കൂടാതെ ചുരുങ്ങിയത് 300 മുതൽ 1000 റിയാൽ വരെ പിഴയും ഇക്കൂട്ടരിൽനിന്ന് ഈടാക്കണമെന്നും കുറ്റകൃത്യത്തിന്റെ കാഠിന്യം പരിഗണിച്ച് രണ്ട് ശിക്ഷയും ഒന്നിച്ച് നൽകണമെന്നും ഡോ. ഫായിസ് അൽശഹ്‌രി വ്യക്തമാക്കി.
18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുടെ ചിത്രങ്ങളോ വീഡിയോ ക്ലിപ്പിംഗുകളോ പരസ്യപ്പെടുത്തുക, വ്യക്തികളുടെയോ സംഘത്തിന്റെയോ മോശം ക്ലിപ്പുകളോ ചിത്രങ്ങളോ നിർമിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക, സമ്മതമില്ലാതെ മുതിർന്നവരുടെയോ വികലാംഗരുടെയോ ചിത്രം എടുക്കുക, മുൻകൂട്ടി അറിയിക്കാതെ ഹിഡൻ ക്യാമറ ഉപയോഗിച്ച് ആളുകളെ ചിത്രീകരിക്കുക, പൊതുസ്ഥലങ്ങളിൽ അനുവാദമില്ലാതെ ഹിഡൻ ക്യാമറ ഉപയോഗിക്കുക, സമ്മതമില്ലാതെ ആളുകളുടെ ചിത്രങ്ങളോ വീഡിയോ ക്ലിപ്പിംഗുകളോ മെസേജുകളോ മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്യുക, ടെലിഫോണിലൂടെയെ പ്രോഗ്രാമുകളിലൂടെയോ ലേഖനങ്ങൾ വഴിയോ പൊതുമര്യാദക്ക് വിരുദ്ധമായ പരാമർശം നടത്തുക, സമ്മതമില്ലാതെ വീടുകളുടെയോ സ്വകാര്യവസ്തുവകകളുടെയോ ചിത്രങ്ങൾ എടുത്ത് പ്രചരിപ്പിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് അഞ്ച് മാസം വരെ തടവും 1000 മുതൽ 10,000 റിയാൽ വരെ പിഴയും ഈടാക്കണമെന്ന് നിർദേശവും ഡോ. ഫായിസ് അൽശഹ്‌രി മുന്നോട്ടുവെച്ചിട്ടുണ്ട്. ശൂറാ കൗൺസിൽ വിഷയം സമഗ്രമായി ചർച്ച ചെയ്തതിന് ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം വിശദമാക്കി.