Sorry, you need to enable JavaScript to visit this website.

വേണുഗോപാലിനെതിരെ പരാതിക്കാരി നല്‍കിയ പീഡന ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക്

കൊച്ചി- സോളാര്‍ കേസിലെ പരാതിക്കാരി കൈമാറിയ ലൈംഗിക പീഡന ദൃശ്യങ്ങള്‍ സിബിഐ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാലിനെതിരെ കൈമാറിയ ഡിജിറ്റല്‍ തെളിവുകളാണ് സിബിഐ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുക. പീഡന ദൃശ്യങ്ങള്‍, ശബ്ദ സംഭാഷണങ്ങള്‍, ചികിത്സ രേഖകള്‍, വസ്ത്രങ്ങള്‍ എന്നിവയാണ് പരാതിക്കാരി അന്വേഷണ സംഘത്തിന് സമര്‍പ്പിച്ചത്. കൈമാറിയ തെളിവുകളുടെ ആധികാരികത പരിശോധിക്കാനാണ് സിബിഐ തീരുമാനം. പരിശോധനയ്ക്കായി ദൃശ്യങ്ങള്‍ ഉള്‍പ്പടെ ഹൈദരാബാദിലെ സെന്‍ട്രല്‍ ഫോറന്‍സിക് ലാബിലേക്ക് അയക്കും. പരിശോധനാഫലം വന്നതിനുശേഷം കെ സി വേണുഗോപാലിനെതിരെ കടുത്ത നടപടിയിലേക്ക് സിബിഐ സംഘം നീങ്ങുമെന്നാണ് സൂചന. തിരുവനന്തപുരം സിബിഐ യൂണിറ്റിലെ ഡിവൈഎസ്പി രണ്‍ധീര്‍ സിംഗ് ഷഖാവത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
അതേസമയം, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഹൈബി ഈഡന്‍ എന്നിവര്‍ക്കെതിരെയും പരാതിക്കാരി സിബിഐക്ക് മൊഴി നല്‍കിയിട്ടുണ്ട്. 2011 ജൂലൈ ഒമ്പതിന് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങളും സംഭാഷണങ്ങളും പരാതിക്കാരി സിബിഐയ്ക്ക് കൈമാറി എന്നാണ് സൂചന. എഐസിസി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, ഉമ്മന്‍ ചാണ്ടി, ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി, എ പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ് എന്നിവര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി.നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് പരാതിക്കാരിയുടെ ആവശ്യത്തെ തുടര്‍ന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സിബിഐയ്ക്ക് കൈമാറിയത്. ക്രൈംബ്രാഞ്ചിന് കൈമാറാത്ത തെളിവുകളാണ് പരാതിക്കാരി ഇപ്പോള്‍ സിബിഐക്ക് നല്‍കിയിരിക്കുന്നത്. മുതിര്‍ന്ന നേതാക്കള്‍ക്ക് എതിരെയുള്ള മൊഴിയില്‍ ഉറച്ച് നില്‍ക്കുന്ന പരാതിക്കാരി കൂടുതല്‍ തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറിയതോടെ ആശങ്കയിലാണ് കോണ്‍ഗ്രസ് നേതൃത്വം.

Latest News