Sorry, you need to enable JavaScript to visit this website.

ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ എലവിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

പനമരം- വയനാട്ടിലെ പനമരത്ത് ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. കൊല്ലപ്പെട്ട ദമ്പതികളുടെ അയല്‍വാസി അര്‍ജുന്‍ എന്ന യുവാവാണ് പിടിയിലായത്.
കഴിഞ്ഞയാഴ്ച ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചതിനു പിന്നാലെ അര്‍ജുന്‍ എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.  ആശുപത്രിയിലായിരുന്ന അര്‍ജുന്‍ തന്നെയാണ് പ്രതിയെന്ന് സ്ഥിരീകരിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
മൂന്ന് മാസമായി പോലീസ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് കേസില്‍ അന്വേഷണം നടത്തി വരികയായിരുന്നു. റിട്ട. കായികാധ്യാപകന്‍ നെല്ലിയമ്പം കാവടം പത്മാലയത്തില്‍ കേശവന്‍ (75), ഭാര്യ പത്മാവതി (65) എന്നിവരാണ് കൊല്ലപ്പെട്ടത്. ജൂണ്‍ പത്തിനായിരുന്നു ദമ്പതികളുടെ കൊലപാതകം. വയറിന് വെട്ടേറ്റ കേശവന്‍ സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. കഴുത്തിന് വെട്ടേറ്റ പത്മാവതി വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്. കാപ്പിത്തോട്ടത്തിന് നടുവിലെ ഇരുനിലവീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്. കേശവനും പത്മാവതിയും മാത്രമാണ് സംഭവ ദിവസം വീട്ടില്‍ ഉണ്ടായിരുന്നത്. പത്മാവതിയുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരെയും വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്.
ഹോട്ടല്‍ മാനേജ്‌മെന്റ് പഠനം പൂര്‍ത്തിയാക്കിയശേഷം ബംഗളൂരുവിലും ചെന്നൈയിലും ജോലി ചെയ്തിരുന്ന അര്‍ജുന്‍ ലോക്ഡൗണ്‍ കാലത്താണ് നാട്ടിലെത്തിയത്. ജോലി നഷ്ടമായതിനെ തുടര്‍ന്ന് നാട്ടില്‍ മറ്റുജോലികള്‍ ചെയ്തിരുന്നു.

 

Latest News