താമരശ്ശേരി- ലൗ ജിഹാദ് ആരോപണവുമായി കൈപുസ്തകം പുറത്തിറക്കിയതില്‍ ഖേദം പ്രകടിപ്പിച്ച് താമരശ്ശേരി രൂപത. പുസ്തകത്തിലൂടെ ഒരു മതത്തെയും വിശ്വാസത്തെയും വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല. ആര്‍ക്കെങ്കിലും തെറ്റിധാരണ ഉണ്ടാവുകയോ വിഷമമുണ്ടാവുകയോ ചെയ്തിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്ന് രൂപത അറിയിച്ചു. യുവജനങ്ങളെ ക്രിസ്തീയ വിശ്വാസ ബോധ്യത്തില്‍ നിലനിറുത്തുകയും പെണ്‍കുട്ടികളെ ചൂഷ്ണത്തില്‍നിന്ന് സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിലാണ് പുസ്തകം പുറത്തിറക്കിയതെന്ന് മതബോധന കേന്ദ്രം ഡയറക്ടര്‍ ഫാദര്‍ ജോണ്‍ പള്ളിക്കാവയലില്‍ വ്യക്തമാക്കി. സത്യങ്ങളും വസ്തുതകളും 33 ചോദ്യങ്ങളിലൂടെ എന്ന പുസ്തകമാണ് വിവാദത്തിലായത്.അതേസമയം, പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ സുരേഷ് ഗോപി എംപി പാലാ ബിഷപ്പുമായി ബിഷപ്പ് ഹൗസിലെത്തി കൂട്ടിക്കാഴ്ച നടത്തി. ബിഷപ്പ് ആവശ്യപ്പെട്ടാല്‍ വിഷയത്തില്‍ ഇടപെടുമെന്നും ബിഷപ്പിനെ സന്ദര്‍ശിക്കുമെന്നും സുരേഷ് ഗോപി ഇന്നലെ വ്യക്തമാക്കിയിരുന്നു. ബിജെപി നേതാക്കളെല്ലാം ബിഷപ്പിന് പിന്തുണയര്‍പ്പിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപിയുടെ ഇടപെടലും.
പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വചന സന്ദേശത്തിലെ നാര്‍ക്കോട്ടിക് ജിഹാദ് എന്ന പരാമര്‍ശം വന്‍ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. ഈ പശ്ചാത്തലത്തിലാണ് സുരേഷ് ഗോപി എംപി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തുന്നത്. നാര്‍കോട്ടിക്, ലവ് ജിഹാദുകള്‍ക്ക് കത്തോലിക്ക പെണ്‍കുട്ടികളെ ഇര ആക്കുന്നു എന്ന് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വചന സന്ദേശത്തില്‍ പറഞ്ഞു. ഈ ജിഹാദിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളില്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നുവെന്നും ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറയുന്നു.