പദ്ധതി ബിനാമി വ്യവസായത്തിന് അറുതി വരുത്തുന്നതിന്
മദീന- ചില്ലറ വിൽപന മേഖലയിലെ ബിനാമി ബിസിനസ് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ബഖാല നടത്തിപ്പുകാർക്ക് സ്വതന്ത്ര ഇഖാമ നൽകാൻ നിർദേശം. സ്‌പോൺസർമാരുടെ പേരിൽ വിദേശികൾ ചെറുകിട വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നത് അവസാനിപ്പിച്ച് സ്ഥാപനങ്ങൾ സ്വന്തം പേരിലാക്കാൻ ഇത് സഹായകമാകും. ഇതിനായി സൗദി അറേബ്യയിൽ അഞ്ച് വർഷത്തിലേറെയായി താമസിക്കുന്ന ബഖാല ഉടമസ്ഥരായ വിദേശികൾക്ക്, സ്‌പോൺസർമാരുടെ കീഴിലല്ലാത്ത, മൂന്നു വർഷ കാലാവധിയുള്ള സ്വതന്ത്ര ഇഖാമ അനുവദിക്കാൻ സ്‌മോൾ ആന്റ് മീഡിയം എന്റർപ്രൈസസ് ജനറൽ അതോറിറ്റി നിർദേശിച്ചു.
ഇതിലൂടെ നിയമ വിരുദ്ധമായ ബിനാമി ബിസിനസ് അവസാനിപ്പിക്കാൻ സാധിക്കുമെന്നും സ്വദേശിവത്കരണത്തിന് ആക്കം കൂട്ടാനാവുമെന്നുമാണ് പ്രതീക്ഷ. ഇപ്പോൾ ബഖാലകൾ ഏതാണ്ട് നൂറു ശതമാനവും ബിനാമി ബിസിനസ് ആയാണ് നടക്കുന്നത്. ഈയവസ്ഥക്ക് മാറ്റം വരുത്താനും സ്വദേശികളെ കൂടുതലായി ഈ മേഖലകളിലേക്ക് കൊണ്ടുവരാനുമുദ്ദേശിച്ചാണ് പുതിയ നിർദേശം. സ്വദേശി കമ്പനികൾക്കെന്ന പോലെ വിദേശി കമ്പനികൾക്കും ലൈസൻസ് അനുവദിക്കണമെന്നാണ് അതോറിറ്റി സമർപ്പിച്ച സുപ്രധാന നിർദേശം.
സ്വദേശികൾക്ക് വായ്പ അനുവദിച്ച് ഈ മേഖലയിലേക്ക് അവരെ ആകർഷിക്കണമെന്നും ബാങ്കുകളുമായി സഹകരിച്ച് നടപടികൾ സുതാര്യമാക്കണമെന്നും അതോറിറ്റി പറയുന്നു. നിശ്ചിത ശതമാനം സ്വദേശികളെ നിയമിച്ച് ആറ് മാസത്തിനകം ബഖാലകൾ പദവി ശരിയാക്കേണ്ടതുണ്ടെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു. ക്രമാനുഗതമായി ആറ് മാസത്തിനകം ഈ മേഖല പരമാവധി സ്വദേശിവത്കരിക്കുന്നതിന് ആവശ്യമായ നിർദേശങ്ങളാണ് അതോറിറ്റി മുന്നോട്ടു വെച്ചിരിക്കുന്നത്.
രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് തടസ്സം നിൽക്കുന്ന ബിനാമി വ്യവസായത്തിന് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് നിർദേശങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് അതോറിറ്റി സമർപ്പിച്ചത്. നിലവിൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിൽ സ്വദേശി ജീവനക്കാർ 29 ശതമാനം മാത്രമാണെന്നാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കുന്നത്. കൂടാതെ 70 ശതമാനത്തിൽ അധികം സ്ഥാപനങ്ങളും സ്വദേശികളുടെ മറവിൽ നടക്കുന്നവയാണെന്നും തെളിഞ്ഞിട്ടുണ്ട്. പദ്ധതി ലക്ഷ്യം കാണുന്നതിന് ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾക്ക് നിർവഹിക്കേണ്ട ഉത്തരവാദിത്തങ്ങളും അതോറിറ്റി നിർവചിച്ചിട്ടുണ്ട്. ബിനാമി വ്യവസായം അവസാനിപ്പിക്കുന്നതിനായി ആവിഷ്‌കരിച്ച കർമ പദ്ധതി ബഖാലകളിൽ വിജയകരമായാൽ മറ്റു മേഖലകളിലേക്കും വ്യാപിപ്പിക്കാനാണ് അതോറിറ്റിയുടെ തീരുമാനം. ഇതിന് 2020 വരെ 850 ദശലക്ഷം റിയാൽ ബജറ്റിൽ അനുവദിക്കണമെന്നും അതോറിറ്റി ആവശ്യപ്പെടുന്നു.
2016 ൽ മാത്രം രജിസ്റ്റർ ചെയ്തത് 2003 ബിനാമി പരാതികളാണ്. ഇതിൽ 450 കേസുകളിൽ പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. 27 കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടു. ആറ് മാസത്തിന് ശേഷം വരുന്ന ബിനാമി കേസുകളിൽ ഉടൻ തീർപ്പ് കൽപിക്കാൻ പ്രത്യേക ജുഡീഷ്യൽ വകുപ്പ് രൂപീകരിക്കണമെന്നും സ്‌മോൾ ആന്റ് മീഡിയം എന്റർപ്രൈസസ് ജനറൽ അതോറിറ്റി വ്യക്തമാക്കുന്നു. രാജ്യത്തെ 20 ലക്ഷം വരുന്ന ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിൽ മുപ്പതിനായിരം കോടി റിയാൽ ദേശീയ വരുമാനത്തിന് ഉതകുന്ന ഇടപാടുകൾ നടക്കുന്നതായാണ് ഔദ്യോഗിക പഠനം.