തിരുവനന്തപുരം- പാലാ ബിഷപ്പിന്റെ പേരിൽ കേസെടുക്കാനുള്ള ആലോചനയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹത്തിൽ ഐക്യം ഉണ്ടാക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടത്. ലോകത്ത് എല്ലായിടത്തും മയക്കുമരുന്ന് മാഫിയ ഉണ്ട്. ചിലയിടങ്ങളിൽ അവർ സർക്കാറിനേക്കാൾ ശക്തരാണ്. മാഫിയയെ മാഫിയ ആയി കാണണം. ആദരീയനായ പാലാ ബിഷപ്പിന് വേണ്ടി വിശദീകരണം വന്നിട്ടുണ്ട്. അതിൽ ഏതെങ്കിലും തരത്തിലുള്ള മതസ്പർദ്ധ ലക്ഷ്യമാക്കിയിട്ടില്ലെന്നും തങ്ങളുടെ വിഭാഗങ്ങൾക്ക് മുന്നറിയിപ്പ് നൽകുക മാത്രമാണ് ചെയ്തത് എന്നുമാണ് പറഞ്ഞത്.
ആഭിചാരത്തിലൂടെ ആളുകളെ മയക്കും എന്നൊക്കെ പറയുന്നത് നാടുവാഴിത്ത കാലത്തെ സംസാരമാണ്. അതൊന്നും ഇപ്പോൾ ചെലവാകില്ല. ഇപ്പോൾ നാം ജീവിക്കുന്നത് ശാസ്ത്ര യുഗത്തിലാണ്. സമൂഹത്തിൽ വർഗീയ ചിന്തകളോടെ നീങ്ങിക്കൊണ്ടിരിക്കുന്ന ശക്തികൾ ദുർബലമാകുകയാണ്. ദുർബലരായ ശക്തികൾ ആരുടെയെങ്കിലും സഹായം കിട്ടുമോ എന്ന് നോക്കുകയാണ്. അത് എല്ലാവരും മനസിലാക്കുന്ന കാര്യമാണ്. എന്നാലും മനസിലാക്കണം എന്നാണ് പറയാനുള്ളത്.
എല്ലാ വിഭാഗത്തെയും കൂട്ടിയിരുത്തി ചർച്ച ചെയ്യണം എന്നത് നല്ല നിർദ്ദേശമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാലാ ബിഷപ്പിന്റെ വാക്കുകൾ അദ്ദേഹത്തിന്റെ ആശങ്കയാണെന്ന് പറഞ്ഞ ജോസ് കെ മാണിയുടെ നിലപാടിനെയും മുഖ്യമന്ത്രി ന്യായീകരിച്ചു. സമുദായത്തോട് പറയേണ്ട കാര്യങ്ങളിൽ ആരും കുറ്റം പറയുന്നില്ല. അത് മറ്റേതെങ്കിലും മത ചിഹ്നങ്ങളെ ഉപയോഗിച്ച് പറയരുത് എന്ന് മാത്രമാണുള്ളത്. അക്കാര്യമാണ് ജോസ് കെ മാണി എടുത്തുപറഞ്ഞത്. നാർക്കോട്ടിക് ജിഹാദ് എന്ന വാക്ക് ഇതേവരെ ആരും കേൾക്കാത്ത കാര്യമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.