കോഴിക്കോട്- എം.എസ്.എഫ് സംസ്ഥാന സമിതിയിൽനിന്ന് നേരിട്ടത് ഗുരുതരമായ ആക്ഷേപവും അപമാനവുമായിരുന്നുവെന്ന് ഹരിത മുൻ നേതാക്കൾ. കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുൻ നേതാക്കൾ ആരോപണം ഉന്നയിച്ചത്. അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവർ പോലും ആക്ഷേപിച്ചുവെന്നും നേതാക്കൾ വ്യക്തമാക്കി. നിരവധി തവണ പരാതി ഉന്നയിച്ചിട്ടും നേതൃത്വത്തിൽ നിന്ന് നീതി ലഭിച്ചില്ല. ഒരു സൈബർ ഗുണ്ടയാണ് ഹരിതയെ നയിക്കുന്നതെന്ന് ഉത്തരവാദപ്പെട്ട നേതാക്കൾ തന്നെപ്രചരണം നടത്തി. ലൈംഗിക അധിക്ഷേപത്തിൽ യഥാസമയം തന്നെ നേതാക്കൾക്ക് പരാതി നൽകിയിരുന്നു. എന്നാൽ അതിൽ ഒരു നടപടിയും സ്വീകരിക്കാൻ തയ്യാറായില്ല. തുടർന്നാണ് വനിത കമ്മീഷനെ സമീപിച്ചത്. അഞ്ചു പേജുള്ള പരാതിയാണ് ലീഗ് നേതൃത്വത്തിന് നൽകിയത്. ഇതിന് പുറമെ, മുഴുവൻ നേതാക്കളെയും നേരിട്ട് കണ്ടു. എന്നിട്ടും പരാതിയിൽ തീർപ്പുണ്ടായില്ല. തുടർന്നാണ് പരസ്യപ്രതികരണത്തിന് തയ്യാറായതെന്നും മുൻ നേതാക്കൾ വ്യക്തമാക്കി.
ലീഗിന്റെ ന്യൂനപക്ഷ രാഷ്ട്രീയമാണ് കാലത്തിന് യോജിച്ചതെന്നും ഒരിക്കലും അതിൽനിന്ന് മാറില്ലെന്നും പത്രസമ്മേളനത്തിന് എത്തിയ മുൻ നേതാക്കൾ അറിയിച്ചു.