ഊട്ടി- ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ വിധി പറയാനിരിക്കെ, പ്രതി കോടതിയില്‍നിന്ന് മുങ്ങി. തിരച്ചില്‍ നടത്തി പോലീസ് പ്രതിയെ കണ്ടെത്തിയപ്പോഴേക്കും കോടതി പിരിഞ്ഞു. ശിക്ഷ വിധിക്കുന്നത് കോടതി ബുധനാഴ്ചത്തേക്ക് മാറ്റിയിരിക്കയാണ്. ഊട്ടി ജില്ലാ സെഷന്‍സ് കോടതിയില്‍ ചൊവ്വാഴ്ച ഉച്ചക്കായിരുന്നു പോലീസിനെ കുഴക്കിയ സംഭവം.
2017ലായിരുന്നു കേസിനാസ്പദമായ കൊലപാതകം. മകളുടെ വീട്ടിലേക്ക് പിണങ്ങിപ്പോയ ഭാര്യ അന്തോണിയമ്മാളിനെ (53) കുത്തിക്കൊന്ന കേസിലാണ് എടപ്പള്ളി സ്വദേശി ബെന്നി(58) ജയിലിലായത്. ജാമ്യം ലഭിച്ച ബെന്നി ശിക്ഷാവിധി കേള്‍ക്കാന്‍ രാവിലെ കോടതിയിലെത്തിയിരുന്നു.
പത്തരയോടെ ബെന്നികുറ്റവാളിയാണെന്ന് കോടതി വിധിച്ചു. ശിക്ഷ ഉച്ചയ്ക്കു മൂന്ന് മണിക്ക് പ്രഖ്യാപിക്കുമെന്നും കോടതി അറിയിച്ചു. രണ്ടുമണി വരെ കോടതിയില്‍ ഉണ്ടായിരുന്ന ബെന്നി, പോലീസിന്റെ ശ്രദ്ധ തെറ്റിയതോടെ ഇറങ്ങി ഓടുകയായിരുന്നു. കൊലകമ്പ പോലീസ് നഗരം മുഴുവന്‍ തിരഞ്ഞാണ് മൂക്കറ്റം മദ്യപിച്ച നിലയില്‍ പ്രതിയെ കണ്ടെത്തിയത്.