കോഴിക്കോട് - ദേശീയതലത്തിൽ ബി.ജെ.പിയെ പ്രതിരോധിക്കാൻ കോൺഗ്രസുമായി സഹകരിക്കില്ലെന്ന സി.പി.എം നിലപാട് കേരളത്തിൽ യു.ഡി.എഫിന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തുണയാകും. 2019 ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ അധികാരത്തിൽനിന്ന് മാറ്റിനിർത്തുക എന്ന അജണ്ടയനുസരിച്ച് വോട്ട് ചെയ്യുന്നവരുടെ ഒന്നാമത്തെ പരിഗണന കോൺഗ്രസ് ആകുമെന്നാണ് സൂചന.
കോൺഗ്രസുമായി സഹകരിക്കുന്നതു സംബന്ധിച്ച് സി.പി.എമ്മിന്റെ കേന്ദ്രകമ്മിറ്റിയിൽ നടന്ന ചർച്ചയിലും വോട്ടെടുപ്പിലും സംസ്ഥാന സി.പി.എം എടുത്ത നിലപാടിനോടല്ല സി.പി.എം അനുഭാവികളടങ്ങുന്ന ഇടതു മതേതര സമൂഹത്തിന് താൽപര്യം. സാമൂഹ്യ മാധ്യമങ്ങളിലെ ചർച്ചകൾക്ക് മറുപടി പറയാൻ സി.പി.എം പ്രയാസപ്പെടുകയാണ്.
ബി.ജെ.പിയെ നേരിടാൻ ആരുമില്ലെന്ന പ്രതീതിയാണ് അടുത്തകാലം വരെ ഉണ്ടായിരുന്നതെങ്കിൽ ഗുജറാത്ത് തെരഞ്ഞെടുപ്പോടെ ഈ സ്ഥിതി മാറിയിരിക്കുന്നു. കോൺഗ്രസിനെയും രാഹുൽഗാന്ധിയെയും എഴുതിത്തള്ളിയ മതേതരാഭിമുഖ്യ സമൂഹം കോൺഗ്രസിൽ പ്രതീക്ഷയർപ്പിക്കുന്നുണ്ട്. ദേശീയതലത്തിൽ തന്നെ നടന്ന ചില സർവെകളും നരേന്ദ്രമോഡിയുടെയും ബി.ജെ.പിയുടെയും ഗ്രാഫ് താഴോട്ടാണെന്ന് വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ മതേതര ഇടതു ശക്തികൾ ഒന്നിച്ചുനിന്നാൽ 2019 ൽ ബി.ജെ.പിയെ താഴെയിറക്കാമെന്ന തോന്നൽ രൂപപ്പെട്ടിട്ടുണ്ട്. ഇതാകട്ടെ കർണാടക, മധ്യപ്രദേശ്, രാജസ്ഥാൻ തെരഞ്ഞെടുപ്പുകളുടെ ഫലത്തിന്റെ കൂടി അടിസ്ഥാനത്തിലാവും. കർണാടക കോൺഗ്രസ് നിലനിർത്തുകയും മധ്യപ്രദേശ്, രാജസ്ഥാൻ തെരഞ്ഞെടുപ്പുകളിൽ നില മെച്ചപ്പെടുത്തുകയും ചെയ്താൽ ജനത്തിന് കോൺഗ്രസിലും രാഹുൽ ഗാന്ധിയിലുമുള്ള പ്രതീക്ഷ വർധിക്കും.
ഈ സാഹചര്യത്തിലാണ് സി.പി.എമ്മിൽ കോൺഗ്രസ് സഹകരണ ചർച്ച നടക്കുന്നത്. അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി കോൺഗ്രസുമായി സഹകരിക്കണമെന്ന സമീപനം സ്വീകരിച്ചപ്പോൾ കേരളത്തിലെ പാർട്ടിയുടെ പിന്തുണയോടെ പ്രകാശ് കാരാട്ട് വിഭാഗം ഇതിനെ എതിർത്ത് തോൽപ്പിച്ചിരിക്കുകയാണ്. ഇതാകട്ടെ സി.പി.എമ്മിൽ കടുത്ത ഭിന്നിപ്പിന് ഇടയാക്കിയിട്ടുണ്ട്. കോൺഗ്രസ് അനുകൂലിയെന്ന് തന്നെ വിളിക്കുന്നവരെ ബി.ജെ.പി അനുകൂലികളെന്ന് തിരിച്ചും വിളിക്കേണ്ടിവരുമെന്ന യെച്ചൂരിയുടെ പരസ്യ അഭിപ്രായം ശ്രദ്ധേയമാണ്.
ബംഗാളിൽ കോൺഗ്രസുമായി ചേർന്നതിനെ കാരാട്ട് വിഭാഗം നേരത്തെ വിമർശിച്ചിരുന്നു. യെച്ചൂരിയെ മത്സരിപ്പിക്കുകയാണെങ്കിൽ രാജ്യസഭയിലേക്ക് പിന്തുണക്കാമെന്ന ബംഗാൾ കോൺഗ്രസിന്റെ നിലപാടിനെ കാരാട്ട് വിഭാഗം തള്ളിക്കളയുകയും ചെയ്തു.
കോൺഗ്രസിനെതിരെ ഏതു ചെകുത്താനുമായും കൂടാമെന്ന പഴയ നിലപാടിന്റെ അടിസ്ഥാനത്തിൽ ജനസംഘത്തെയും ആർ.എസ്.എസിനെയും പിന്തുണച്ച സി.പി.എം ഇപ്പോൾ കോൺഗ്രസിനെ തൊടില്ലെന്ന് പറയുന്നതിനെ പാർട്ടി അനുഭാവികൾ പോലും സാമൂഹ്യ മാധ്യമങ്ങളിൽ ചോദ്യം ചെയ്യുന്നു. ഒന്നാം യു.പി.എ സർക്കാരിനെ പിന്തുണച്ചത് ഇവർ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു.
പിണറായി സർക്കാരിന്റെ പല ഭരണ നടപടികളും മോഡി അനുകൂലമാണെന്ന ആക്ഷേപം നിലനിൽക്കുകയാണ്. ലാവ്‌ലിൻ അടക്കം കേസുകളെ മുൻനിർത്തി കേരളഘടകം ബി.ജെ.പിക്ക് അനുകൂല സമീപനം സ്വീകരിക്കുകയാണെന്ന യു.ഡി.എഫിന്റെ ആക്ഷേപത്തിന് സ്വീകാര്യത വർധിക്കുന്നുണ്ട്.
ബി.ജെ.പിയുമായി ഏറ്റുമുട്ടുന്ന സി.പി.എം രാഷ്ട്രീയം 2015 ലെ തദ്ദേശ തെരഞ്ഞെടുപ്പിലും 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ന്യൂനപക്ഷങ്ങളടക്കം മതേതരവിശ്വാസികളെ ഇടതിന് അനുകൂലമാക്കിയിരുന്നു. ഇത് 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ കൂടി സഹായകമാകുമെന്ന സി.പി.എം കണക്കുകൂട്ടലാണ് 'കോൺഗ്രസ് സഹകരണ' ചർച്ച മൂലം തെറ്റുന്നത്.
കോൺഗ്രസിന് ഏറ്റവും കൂടുതൽ എം.പിമാരുണ്ടാകുകയാണ് ബി.ജെ.പിയെ താഴെയിറക്കാൻ വേണ്ടതെന്ന യു.ഡി.എഫ് പ്രചാരണം കൂടി വരുന്നതോടെ വോട്ടർമാർ യു.ഡി.എഫിലേക്ക് ചായാൻ സാധ്യതയുണ്ട്. ദേശീയതലത്തിൽ രാഹുൽ-മോഡി പോരിനാണ് കളം ഒരുങ്ങുന്നതെങ്കിൽ കേരളത്തിൽ ഇതിന്റെ പ്രതിഫലനം യു.ഡി.എഫിനെയാണ് തുണക്കുക.
നവ ഉദാരീകരണ സാമ്പത്തിക നയത്തെക്കുറിച്ച സി.പി.എം വിശദീകരണങ്ങൾ മോഡി വിരുദ്ധരെ തൃപ്തരാക്കുന്നില്ല. ത്രിപുരയിലെ കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയിലേക്ക് മാറിയത് ചൂണ്ടിക്കാട്ടിയാണ് സി.പി.എം ഇതിനെ സാമൂഹ്യ മാധ്യമങ്ങളിൽ ചോദ്യം ചെയ്യുന്നത്.