Sorry, you need to enable JavaScript to visit this website.

9 മുതല്‍ 12 വരെ ക്ലാസുകള്‍ ആദ്യം; കേരളത്തില്‍  സ്‌കൂള്‍ തുറക്കുന്നതില്‍ തീരുമാനം ഉടന്‍

തിരുവനന്തപുരം- സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച തീരുമാനം അടുത്ത ആഴ്ച എടുക്കാന്‍ സാധ്യത. ഒക്ടോബറില്‍ സ്‌കൂള്‍ തുറക്കാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 9 മുതല്‍ 12 വരെ ക്ളാസുകള്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ആരംഭിക്കുന്നതാണ് ആദ്യം പരിഗണനയിലുള്ളത്. ഒന്നിടവിട്ട ദിവസങ്ങളിലായി 50 ശതമാനം വീതം കുട്ടികള്‍ വീതം ക്ലാസിലെത്തുന്ന വിധമായിരിക്കും ക്രമീകരണങ്ങള്‍.ആരോഗ്യവകുപ്പിന്റേയും കൊവിഡ് വിദഗ്ധ സമിതിയുടെയും അഭിപ്രായം കണക്കിലെടുത്താവും സ്‌കൂള്‍ തുറക്കേണ്ട തീയതിയും പ്രവര്‍ത്തന മാനദണ്ഡങ്ങളും തീരുമാനിക്കുക. ഒന്നിടവിട്ട ദിവസങ്ങളില്‍ 50 ശതമാനം കുട്ടികള്‍ വീതം, അല്ലെങ്കില്‍ ആഴ്ചയില്‍ രണ്ടു ദിവസം മാത്രമായി ക്ലാസ് എന്നീ സാധ്യതകളാണ് വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുന്നത്.
രാവിലെയും ഉച്ചക്കും രണ്ട് ഷിഫ്റ്റ് പ്രായോഗികമല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്ലസ് 1 പരീക്ഷ സംബന്ധിച്ച സുപ്രീം കോടതി തീരുമാനം കാത്തിരിക്കുകയാണ് സര്‍ക്കാര്‍. സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് എസ്ഇആര്‍ടിസി ആരോഗ്യവിദഗ്ധരുമായി ചര്‍ച്ച നടത്തും. ക്യുഐപി സമിതിയുടെ അഭിപ്രായവും ആരായും. ഇതെല്ലാം അടിസ്ഥാനമാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടറും സെക്രട്ടറിയും ആരോഗ്യവകുപ്പുമായി ആലോചിച്ച് വ്യക്തമായ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കും.ദീര്‍ഘകാലമായി അടഞ്ഞുകിടക്കുന്ന സ്‌കൂളുകളുടെ അറ്റകുറ്റ പണി, വൃത്തിയാക്കല്‍ എന്നിവക്കൊപ്പം കൊവിഡ് സുരക്ഷക്കാവശ്യമായ പ്രത്യേക ക്രമീകരണങ്ങളും ഉറപ്പാക്കണം. ഇക്കാര്യത്തില്‍ ഐസിഎംആര്‍, കേന്ദ്ര ആരോഗ്യമന്ത്രാലയം എന്നിവരുടെ അഭിപ്രായം നിര്‍ണായകമാകും. വരുന്ന ഒരാഴ്ചത്തെ കൊവിഡ് കണക്കുകള്‍കൂടി പരിഗണിച്ചാവും സ്‌കൂള്‍ തുറക്കുന്ന തീയതി സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുക.സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം അറിയിച്ചിരിന്നു. ഇതിനായി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും സ്‌കൂളുകള്‍ തുറക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞിരിന്നു. വിദ്യാഭ്യാസ തദ്ദേശ ആരോഗ്യവകുപ്പുകള്‍ ചേര്‍ന്നുള്ള സമിതിയാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്.

Latest News