ഇഡ്‌ലിമാവ് കൊണ്ട് വിജയകഥകൾ ചുട്ടെടുത്ത വയനാട്ടുകാരന്റെ വിസ്മയകഥ. റിയാദ് സൗദി അമേരിക്കൻ ബാങ്കിലെ ആകർഷകമായ ജോലി രാജിവെച്ച് ബാംഗ്ലൂരിൽ ഇഡ്‌ലി-ദോശമാവ് ബിസിനസ് തുടങ്ങി പതിമൂന്ന് വർഷം കൊണ്ട് കോടികളുടെ ലാഭം കൊയ്ത പി.സി. മുസ്തഫ കഴിഞ്ഞയാഴ്ച' എക്‌സലൻസി ഫോറം' അതിഥിയായി ജിദ്ദയിലെത്തി. ആറാം ക്ലാസിൽ തോറ്റ മുസ്തഫ, ആയിരം കോടിയെന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്ന കമ്പനിയുടമയായി ഉയർന്ന അനുഭവങ്ങൾ ഇവിടെ പങ്ക് വെക്കുന്നു.
വയനാട് ജില്ലാ ആസ്ഥാനമായ കൽപറ്റയിൽ നിന്ന് പന്ത്രണ്ടു കിലോമീറ്ററകലെ ചെന്നലോട് എന്ന കുഗ്രാമത്തിൽ ജനിച്ച പി.സി. മുസ്തഫയ്ക്ക് മൂന്നു നേരത്തെ ഭക്ഷണം എന്നുമൊരു സ്വപ്നമായിരുന്നു. അന്യരുടെ ഔദാര്യം കൊണ്ടാണ് ജീവിതം മുന്നോട്ടുപോയിരുന്നത്. ആറാം ക്ലാസിൽ തോറ്റതോടെ കൂലിപ്പണിക്കാരനായ ബാപ്പയെ സഹായിക്കാൻ പോയിത്തുടങ്ങി. ഇതോടെ നേരത്തിനു വിശപ്പടക്കാമെന്നായി. അപ്പോഴും പക്ഷേ പ്രാതലുൾപ്പെടെയുള്ള ഇഷ്ടമുള്ള ഭക്ഷണം കിട്ടാക്കനി തന്നെയായിരുന്നു. ആറു കിലോമീറ്റർ നടന്നാണ് എന്നും സ്‌കൂളിൽ പോയിരുന്നത്. ഇടയ്ക്ക് പഠനം നിർത്തി തോട്ടത്തിൽ കൂലിവേലയ്ക്കു പോകുന്ന മുസ്തഫയെ കണ്ട് സ്‌കൂളിലെ കണക്ക് അധ്യാപകൻ മാത്യുസാർ ബാപ്പയേയും മകനേയും വഴിയിൽ തടഞ്ഞുനിർത്തി. പിന്നെ അദ്ദേഹം ബാപ്പയോട് ശാസനാരൂപത്തിൽ അഭ്യർഥിച്ചു: കണക്കിൽ ഇവൻ മിടുക്കനാണ്. ഇംഗ്ലീഷിൽ മാത്രം അൽപം പിറകിലായതാകണം മാർക്ക് കുറഞ്ഞുപോയതും തോറ്റതും. ഇവന്റെ പഠിപ്പ് നിർത്തരുത്. നാളെ മുതൽ സ്‌കൂളിൽ പറഞ്ഞയക്കണം.. മാത്യുസാർ നിർബന്ധിച്ചപ്പോൾ ബാപ്പ സമ്മതം മൂളി.
മുസ്തഫ പാർട്ണർമാരായ നാസർ, ഷംസു, ജാഫർ, നൗഷാദ്
ബാപ്പയെപ്പോലെ എന്നും കൂലിപ്പണിക്കാരനാകാൻ തന്നെയാണോ നിന്റേയും പരിപാടിയെന്ന സ്‌നേഹനിധിയായ ആ അധ്യാപകന്റെ ചോദ്യം മുസ്തഫയുടെ ഇളം മനസ്സിനെ സ്പർശിച്ചു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള കഷ്ടപ്പാട് മുസ്തഫയ്ക്ക് നന്നായറിയാം. മാത്യുസാറിനെപ്പോലെ ഒരധ്യാപകനാകണം എന്ന ആഗ്രഹവുമായാണ് അവൻ പിറ്റേന്ന് മുതൽ വീണ്ടും സ്‌കൂളിൽ പോയിത്തുടങ്ങിയത്. പ്രായത്തിൽ തന്നെക്കാൾ താഴെയുള്ള കുട്ടികളോടൊപ്പം ആറാം ക്ലാസിൽ വീണ്ടുമിരിക്കുമ്പോൾ അപകർഷതാബോധം മുസ്തഫയെ വലയം ചെയ്തു. എങ്കിലും ഉൽസാഹത്തോടെ പഠിച്ച് ആ വർഷം പാസായി. പിന്നീട് പത്താം ക്ലാസിലെത്തുമ്പോഴേക്കും സ്‌കൂളിലെ മിടുക്കനായ വിദ്യാർഥിയായിരുന്നു മുസ്തഫ. ഡിസ്റ്റിംഗ്ഷനോടെയാണ് പത്താം ക്ലാസ് ജയിച്ചത്. സാമ്പത്തിക പ്രശ്‌നം കോളേജ് പഠനത്തിനു തടസ്സമായിരുന്നു. ബാപ്പയുടെ ഒരു സുഹൃത്താണ് ഫാറൂഖ് കോളേജിലേക്ക് പറഞ്ഞയച്ച് അവിടെ അഡ്മിഷൻ ശരിയാക്കിക്കൊടുത്തത്. അപ്പോഴും വിശപ്പടക്കണമെങ്കിൽ വിവിധ ഹോസ്റ്റലുകളിൽ നിന്ന് സൗജന്യമായി ലഭിച്ച് വന്നിരുന്ന 'ചാരിറ്റി ഭക്ഷണം' ആശ്രയിക്കേണ്ടിവന്നു. പക്ഷേ നന്നായി പഠിച്ച മുസ്തഫ പ്രീഡിഗ്രി നല്ല മാർക്കോടെ വിജയിച്ച് എൻജിനീയറിംഗ് പ്രവേശന പരീക്ഷയെഴുതി. എൻട്രൻസിൽ 63 - മത്തെ റാങ്ക്. കോഴിക്കോട് റീജ്യനൽ എൻജിനീയറിംഗ് കോളേജിൽ ( ഇപ്പോൾ എൻ.ഐ.ടി) ബി.ടെക് കംപ്യൂട്ടർ സയൻസിനു ചേർന്നു. എന്ത് ചെയ്യണം, എങ്ങനെ പഠിക്കണം എന്നൊക്കെ മാർഗനിർദേശം നൽകാൻ ആരുമില്ലാതിരുന്ന എനിക്ക് അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം മാത്രമായിരുന്നു തുണ- മുസ്തഫ പറയുന്നു.
ജിദ്ദ എക്‌സലൻസി ഫോറം പരിപാടിയിൽ മുസ്തഫ
1995 ൽ ബി.ടെക് മികച്ച നിലയിൽ ജയിച്ച് പുറത്ത് വന്ന മുസ്തഫ അൽപകാലം ബാംഗ്ലൂരിൽ ജോലി ചെയ്തു. തുടർന്ന് മോട്ടോറോള കമ്പനിയുടെ പരിശീലന പരിപാടിക്കായി ഐറിഷ് തലസ്ഥാനമായ ഡബ്ലിനിലേക്ക്. ആദ്യവിമാനയാത്ര. വിമാനത്തിലിരിക്കുമ്പോൾ ബാംഗ്ലൂരിന്റെ ആകാശവീക്ഷണം മുസ്തഫയെ വിടാതെ പിന്തുടരുകയായിരുന്നു. ഞാൻ തിരികെയെത്തും. ബാംഗ്ലൂർ തന്നെയാണ് തട്ടകമെന്ന് വെറുതെ ആ ചെറുപ്പക്കാരൻ മനസ്സിൽ കരുതിയിട്ടുണ്ടാവണം.
അയർലാന്റിലെ തിരക്കേറിയ നഗരങ്ങളിലൂടെ അലഞ്ഞുനടക്കവെ റെസ്റ്റോറന്റുകളും വിവിധ രാജ്യങ്ങളുടെ 'മെനു'വും മുസ്തഫയെ മോഹിപ്പിച്ചു. വിവിധ ഭക്ഷണരീതികൾ, അവയുടെ പാചകവിധി, രുചിക്കൂട്ട്.. (ഒരു നേരത്തെ ഭക്ഷണം സ്വപ്നമായിരുന്ന നാളുകൾ അത്രയൊന്നും പിറകിലല്ലെന്ന ബോധ്യം ഓരോ റസ്റ്റോറന്റിലെ മെനു കാർഡിലൂടെ കണ്ണോടിക്കുമ്പോഴും മുസ്തഫ തിരിച്ചറിഞ്ഞു). മോട്ടോറോള കമ്പനിയിലെ ജോലിക്കും അയർലാന്റിലെ പരിശീലനത്തിനു ശേഷം മുസ്തഫയ്ക്ക് ദുബായ് സിറ്റിബാങ്കിൽ ജോലി കിട്ടി. ആദ്യശമ്പളത്തിൽ നിന്ന് ഒരു ലക്ഷം രൂപ ബാപ്പയുടെ കൈയിലെത്തിയപ്പോൾ ആനന്ദം കൊണ്ട് അദ്ദേഹം പൊട്ടിക്കരഞ്ഞ കാര്യം മുസ്തഫയ്ക്ക് മറക്കാനാവില്ല. ബാധ്യതകളൊക്കെ ഏതാണ്ട് അവസാനിച്ചു. വീട് പുതുക്കിപ്പണിതു. 2000 -ൽ മുസ്തഫയും വിവാഹിതനായി.
ബാംഗ്ലൂരിലെ ഐഡി ഫ്രഷ് ഫുഡ് ഫാക്ടറി
ദുബായ് സിറ്റിബാങ്കിൽ നിന്ന് 2003ൽ റിയാദ് സൗദി അമേരിക്കൻ ബാങ്കിൽ (സാംബ) ജോലി കിട്ടി. മുസ്തഫയിൽ ബാല്യം തൊട്ടെ മൊട്ടിട്ട ബിസിനസ് മോഹം വീണ്ടും തളിർത്ത് തുടങ്ങിയത് റിയാദിൽ വെച്ചാണ്. ( ആറാം ക്ലാസിൽ തോറ്റ കാലത്ത് നാട്ടിലെ ബന്ധുവിന്റെ ചായക്കടയുടെ മുമ്പിൽ തുണി കൊണ്ട് മറച്ച് മിഠായിക്കച്ചവടം ചെയ്തിരുന്ന ഒരു 'കച്ചവടകാല' വും കൊച്ചുമുസ്ഫയ്ക്കുണ്ടായിരുന്നു). നല്ല ശമ്പളവും ആനുകൂല്യവുമുള്ള 'സാംബ'യിലെ ജോലി കളഞ്ഞ് നാട്ടിൽ പോയി ബിസിനസ് രംഗത്തേക്കിറങ്ങുകയെന്നത് മുസ്തഫയുടെ സാഹസികമായൊരു തീരുമാനമായിരുന്നു. പലരും പിന്തിരിപ്പിച്ചെങ്കിലും ബാംഗ്ലൂരിലുള്ള അമ്മാവന്റെ മക്കൾ നാസറും ഷംസുവും ധൈര്യം പകർന്നു. ഭാര്യയുടെ ഉറച്ച പിന്തുണയും ഇക്കാര്യത്തിൽ ലഭിച്ചതായി മുസ്തഫ ഓർക്കുന്നു. സാംബയിലെ ജോലി രാജിവെച്ച് റിയാദിൽ നിന്ന് നേരെ നാട്ടിലേക്കും അവിടെനിന്ന് ബാംഗ്ലൂരിലേക്കും. നൂറു ശതമാനം ആത്മവിശ്വാസവും പതിനഞ്ചു ലക്ഷം രൂപയുമായിരുന്നു ആസ്തി.
ബിസിനസ് സ്വപ്നങ്ങൾ മിന്നിമറയുന്നതിനിടെ, ബാംഗ്ലൂർ ഐ.ഐ.എമ്മിൽ ചേർന്ന് എം.ബി.എ ബിരുദമെടുക്കാനും മുസ്തഫ സമയം കണ്ടെത്തി. ഐ.ഐ.എം ക്യാംപസാണ് ബിസിനസിന്റെ അനന്തസാധ്യതയിലേക്ക് കവാടം തുറന്നതെന്ന് ഈ സ്ഥിരോൽസാഹി അനുസ്മരിക്കുന്നു. ഏത് ബിസിനസിലേക്കിറങ്ങണമെന്ന ആലോചനകളും അഭിപ്രായങ്ങളും തൽസംബന്ധമായ സർവേകളും ചർച്ചകളും മുറുകി. അതിനിടെ, ഷംസുവാണ് ദോശമാവിന്റെ ആശയം മുന്നോട്ട് വെച്ചത്. അത് വരെ റബർബാൻഡിട്ട് മുറുക്കിയ കൊച്ചു പ്ലാസ്റ്റിക് സഞ്ചികളിലായിരുന്നു ദോശമാവ് ബാംഗ്ലൂർ നഗരത്തിൽ വിതരണം ചെയ്തിരുന്നത്. കാലോചിതമായി ഇതിനൊരു മാറ്റം കുറിച്ച് പുതിയ തരം ഗുണമേന്മയുള്ളതും ആധുനികവുമായ രീതിയിൽ ദോശ-ഇഡ്‌ലി മാവ് തയാറാക്കി ഉപഭോക്താക്കളിലെത്തിക്കുക എന്ന ഐഡിയയുമായി മുസ്തഫയും മച്ചുനന്മാരായ ഷംസു, നാസർ, ജാഫർ, നൗഷാദ് എന്നിവരും രംഗത്തിറങ്ങി. പ്രാരംഭ മുടക്ക്മുതൽ കാൽലക്ഷം രൂപ മാത്രം. മുസ്തഫയ്ക്ക് പാതി ഷെയർ. മറ്റു ഓഹരികൾ തുല്യമായി അമ്മാവന്റെ മക്കൾക്ക്. ഐഡി ഫ്രഷ് ഫുഡ് എന്ന പേരിൽ കമ്പനി റജിസ്റ്റർ ചെയ്തു. ഈ ബിസിനസ് ചുരുങ്ങിയ കാലം കൊണ്ട് ബാംഗ്ലൂരിന്റെ ബിസിനസ് ഭൂപടത്തിൽ വളരെ പെട്ടെന്ന് ഇടം പിടിച്ചു. ഗുണനിലവാരത്തിൽ ഐഡി ഫ്രഷ്ഫുഡിന്റെ ഇഡ്‌ലി മാവിനേയും ദോശമാവിനേയും വെല്ലാൻ മറ്റൊരു ബ്രാൻഡ് ഇല്ലെന്ന് ഉപഭോക്താക്കൾ സമ്മതിക്കുന്നു. പ്രതിദിനം നൂറ് പായ്ക്കറ്റുകൾ എന്ന നിലയ്ക്ക് ഉൽപാദനമാരംഭിച്ച ഈ ബ്രാൻഡ് ആളുകൾ ചോദിച്ച് വാങ്ങിത്തുടങ്ങി. നൂറുക്കണക്കിന് ഔട്ട്‌ലെറ്റുകളും സൂപ്പർമാർക്കറ്റുകളും ഐഡി ഫ്രഷ്ഫുഡിന്റെ ദോശ-ഇഡ്‌ലി മാവ് പായ്ക്കറ്റുകളാൽ സമൃദ്ധമായി. അത്യാധുനിക വിപണനരീതി, ന്യൂജെൻ സംവിധാനം, ഡിജിറ്റൽ സാങ്കേതിക സമ്പ്രദായം എന്നിവയാണ് ഐഡി ഫ്രഷ് ഫുഡിന്റെ സവിശേഷത. ഇത് കുടുംബിനികളേയും ഗൃഹനാഥന്മാരേയും കുട്ടികളേയും ഒരു പോലെ ആകർഷിച്ചു. രാസപദാർഥങ്ങളോ, അതിശീതീകൃത സംവിധാനമോ മറ്റ് കൃത്രിമ രീതികളോ ഇല്ലാതെയാണ് ഉൽപാദനരീതിയെന്നത് ഉപഭോക്താക്കളിൽ ഈ ബ്രാൻഡിനെ അനായാസം സ്വീകാര്യമാക്കി.
ബാംഗ്ലൂർ നഗരത്തിൽ 400 ഔട്ട്‌ലെറ്റുകൾ, പ്രതിദിനം നാലായിരം കിലോഗ്രാം ദോശ-ഇഡ്‌ലിമാവ് നിർമാണം എന്നതിൽനിന്ന് 2008 ആയതോടെ കമ്പനി വൻവളർച്ചയിലെത്തി. 2500 ചതുരശ്ര അടിയിൽ കർണാടകയിലെ ഹൊസ്‌കോട്ടെ വ്യവസായ മേഖലയിൽ സ്വന്തമായി ഫാക്ടറി നിർമിച്ചു. പ്രതിദിനം പത്ത് ലക്ഷം ഇഡ്‌ലി എന്ന നിലയിലേക്ക് കുതിച്ചുയർന്ന സ്ഥാപനം നാലു വർഷം കൂടി കഴിഞ്ഞതോടെ കർണാടകയുടെ അതിര് വിട്ട് ചെന്നൈ, മംഗലാപുരം, മുംബൈ, പൂനെ, ഹൈദരബാദ് എന്നിവിടങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചു. 2013 ൽ ദുബായിയിലും ശാഖതുടങ്ങി. ദിവസം തോറും 75000 കിലോഗ്രാം ഇഡ്‌ലി-ദോശ മാവ് എന്ന നിലയിലേക്ക് അവിശ്വസനീയമായ വേഗതയിലാണ് ഉൽപാദനശേഷി വളർന്നത്. നാലു കോടി രൂപ കൂടി നിക്ഷേപിച്ചുകൊണ്ടാണ് കർണാടക ഒഴിച്ചുള്ള സംസ്ഥാനങ്ങളിലേക്ക് ഐഡി ഫ്രഷ് ഫുഡ് വികസിപ്പിച്ചത്. ആ ഒരൊറ്റ വർഷം കൊണ്ട് തന്നെ മൊത്തം നൂറു കോടി രൂപയിലേക്കും തുടർന്നുള്ള രണ്ടു വർഷം കൊണ്ട് ഇരുന്നൂറ് കോടി രൂപയിലേക്കും വാർഷിക വിറ്റുവരവിന്റെ ഗ്രാഫ് ഉയർന്നു. വ്യവസായ ലോകം തികച്ചും അദ്ഭുതത്തോടെയാണ് ഈ വളർച്ച നോക്കിക്കണ്ടത്. ബിസിനസ് മാസികകളുടെ കവർച്ചിത്രമായി മുസ്തഫയും ഐഡി ഫ്രഷ്ഫുഡും നിറഞ്ഞു. ബിസിനസ് ടുഡേ, ബിസിനസ് സ്റ്റാൻഡേർഡ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ ലേഖകർ മുസ്തഫയെത്തേടി ബാംഗ്ലൂരിലെത്തി. രണ്ടായിരത്തോളം തൊഴിലാളികളുള്ള ഈ സ്ഥാപനത്തിന്റെ അടുത്ത ലക്ഷ്യം ആയിരം കോടിയുടെ വിറ്റുവരവാണ്. ദോശ, ഇഡ്‌ലി മാവിനു പുറമെ വടയുടെ മാവും ഇവർ പുറത്തിറക്കിത്തുടങ്ങി. അത് കൊണ്ടു തന്നെ ആയിരം കോടി എന്ന ടാർഗറ്റ് തികയ്ക്കാൻ വിഷമമുണ്ടാകില്ലെന്ന ശുഭപ്രതീക്ഷയാണ് തങ്ങൾക്കുള്ളതെന്ന് മുസ്തഫ പറഞ്ഞു.
- പുതുതായി ബിസിനസ് രംഗത്തേക്കിറങ്ങാൻ ആഗ്രഹിക്കുന്നവരോട് മുസ്തഫയ്ക്ക് പറയാനുള്ളത്:
മനസ്സിൽ എന്തെങ്കിലും ബിസിനസ് ആശയമുണ്ടെങ്കിൽ അധികം വൈകാതെ, അധികം ആശയവിനിമയം നടത്താതെ അത് ഉടൻ പ്രാവർത്തികമാക്കാൻ വേണ്ടി രംഗത്തിറങ്ങുക. തീരുമാനങ്ങളെടുക്കാൻ വൈകിക്കുന്ന മലയാളി കോംപ്ലക്‌സ് ദൂരെക്കളയുക..