കൊച്ചി-കൊച്ചി മെട്രോ റെയിൽ സർവീസ് എറണാകുളത്ത് നിന്ന് നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം വഴി അങ്കമാലിയിലേക്ക് നീട്ടുക എന്ന സ്വപ്‌നം അടഞ്ഞ അധ്യായമായേക്കും. കനത്ത പ്രവർത്തന നഷ്ടവും താങ്ങാനാകാത്ത കട ഭാരവും കൊച്ചി മെട്രോയുടെ വിപുലീകരണത്തിന് വിലങ്ങുതടിയാകുകയാണ്. കനത്ത നഷ്ടം നേരിടുന്ന കൊച്ചി മെട്രോയുടെ ഭാവി വിപുലീകരണത്തിന് തൽക്കാലം അനുമതി നൽകേണ്ടെന്നാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. കോഴിക്കോട് അടക്കം കേരളത്തിലെ പ്രധാന നഗരങ്ങളിൽ നടപ്പാക്കാനിരുന്ന ലൈറ്റ് മെട്രോ പദ്ധതികളെയും കൊച്ചി മെട്രോ നേരിടുന്ന പ്രതിസന്ധി പ്രതികൂലമായി ബാധിച്ചു. പത്തുലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളിൽ മാത്രമേ ഇനി മെട്രോ അനുവദിക്കൂവെന്നാണ് കേന്ദ്രത്തിന്റെ പുതിയ നിലപാട്. കാക്കനാട് ഇൻഫോ പാർക്ക് വരെയുള്ള രണ്ടാംഘട്ടം പോലും കോവിഡ് അനന്തര സാഹചര്യത്തിൽ നീണ്ടു പോകാനാണ് സാധ്യത.
2019-20 സാമ്പത്തിക വർഷത്തെ വാർഷിക റിപ്പോർട്ട് അനുസരിച്ചു കൊച്ചി മെട്രോയുടെ നഷ്ടം 310 കോടി രൂപയാണ്. കോവിഡ് ലോക്ഡൗൺ മൂലം 5 മാസം പൂർണമായും സർവീസ് ഇല്ലാതിരുന്ന ഈ വർഷത്തെ കണക്കുകൾ വരാനിരിക്കുന്നതേയുള്ളൂ. ലോക്ഡൗൺ കാലയളവിനു ശേഷം സർവീസ് പുനരാരംഭിച്ചപ്പോൾ കാലിയായി സർവീസ് നടത്തേണ്ട അവസ്ഥയാണുണ്ടായത്. പലദിവസങ്ങളിലും പ്രവർത്തന നഷ്ടം പ്രതിദിനം ഒരു കോടി കടന്നു. ഇപ്പോൾ പ്രവർത്തന നഷ്ടം ശരാശരി 500 കോടിയാണെന്നാണ് കണക്ക്. മറുവശത്ത് ഭീമമായ വായ്പയുടെ തിരിച്ചടവ് മെട്രോയെ തുറിച്ചു നോക്കുന്നു. എ.എഫ്.ഡി വായ്പയായ 1260 കോടിയുടെയും കാനറ ബാങ്കിൽനിന്നുള്ള വായ്പയായ 1170 കോടിയുടെയും തിരിച്ചടവിന് തന്നെ മാസം തോറും ഭീമമായതുക ആവശ്യമുണ്ട്. യാത്രക്കാരുടെ എണ്ണം കൂട്ടാനുള്ള ശ്രമങ്ങളൊന്നും ഇതുവരെയും വിജയം കണ്ടിട്ടില്ല. ലോക്ഡൗണിനു മുൻപു പ്രതിദിന യാത്രക്കാരുടെ എണ്ണം ശരാശരി 65000 ആയിരുന്നത് ഇപ്പോൾ 24000-ത്തിൽ എത്തിനിൽക്കുന്നു. കഴിഞ്ഞ വർഷം ജനുവരി ഒന്നിനാണു കൊച്ചി മെട്രോയിൽ ഏറ്റവും അധികം യാത്രക്കാർ കയറിയത്. ഒന്നേകാൽ ലക്ഷം. അതിനു മൂന്നു കാരണങ്ങളുണ്ടായിരുന്നു. റിട്ടേൺ ടിക്കറ്റ് ഫ്രീ, പാർക്കിങ് ഫ്രീ തുടങ്ങിയ ഓഫറുകളും സർവീസ് തീരുന്നതു രാത്രി 11 വരെയാക്കിയതുമായിരുന്നു കാരണം. എന്നാൽ ഇത് താൽക്കാലിക പ്രതിഭാസം മാത്രമായി ഒതുങ്ങി.
ആലുവയിൽ നിന്ന് നെടുമ്പാശേരി വഴി അങ്കമാലിയിലേക്കുള്ള 14 കിലോമീറ്റർ ദൂരമുള്ള നിർദിഷ്ട മൂന്നാം ഘട്ടത്തിൽ ആകെ 11 സ്റ്റേഷനുകളാണുള്ളത്. ആലുവ-അങ്കമാലി മെട്രോ റെയിൽ റൂട്ടിന്റെ ആദ്യ രൂപരേഖയും ഗതാഗത പഠനവുമെല്ലാം 2010-11 കാലഘട്ടത്തിൽ പൂർത്തിയാക്കിയിരുന്നു. 3115 കോടി രൂപയാണ് ചെലവായി കണക്കാക്കുന്നത്. ആദ്യ രൂപരേഖ പ്രകാരമാണ് ചെലവ് കണക്കാക്കി വെച്ചിരിക്കുന്നത്, എന്നാൽ രൂപരേഖയിൽ മാറ്റം വരുത്തുമ്പോൾ ചെലവ് ഇരട്ടിയിലധികമായി ഉയരും. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കാണ് മെട്രോ മൂന്നാംഘട്ടമായി ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും അത് പ്രാവർത്തികമാക്കാൻ സാധിക്കില്ലെന്നും ഗുണകരമാകില്ലെന്നും പഠനത്തിൽ കണ്ടെത്തി. തുടർന്നാണ് മൂന്നാംഘട്ടം അങ്കമാലിയിലേക്ക് തീരുമാനിച്ചത്. എന്നാൽ പിന്നീട് ഇതുസംബന്ധിച്ച നടപടികളൊന്നും മുന്നോട്ടു നീങ്ങിയില്ല.
നെടുമ്പാശരി വിമാനത്താവളത്തിൽ എത്തുമ്പോൾ മാത്രമാണ് കൊച്ചി മെട്രോ അതിന്റെ പൂർണതയിൽ എത്തൂവെന്നും ഈ സ്വപ്‌നം യാഥാർഥ്യമാക്കുകയാണ് തന്റെ ലക്ഷ്യമെന്നും പുതിയ എം ഡി ലോക്‌നാഥ് ബെഹ്‌റ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷെ അതിന് അദ്ദേഹത്തിന് മുന്നിലുള്ള കടമ്പകൾ വളരെ വലുതാണ്.