കുവൈത്ത് സിറ്റി- നീറ്റ് പരീക്ഷാകേന്ദ്രം അനുവദിച്ച് കിട്ടുന്നതിന് ഏറെ ശ്രമം നടത്തിയ കുവൈത്തിലെ ഇന്ത്യന്‍ എംബസിയും സ്ഥാനപതി സിബി ജോര്‍ജും വലിയ സന്തോഷത്തിലാണ്. സുഗമമായി പരീക്ഷ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് അവര്‍. രാജ്യത്തിന് പുറത്ത് ആദ്യമായി നീറ്റ് പരീക്ഷാകേന്ദ്രം അനുവദിച്ചത് കുവൈത്തിലാണ്. ഇതിന്റെ മുഴുവന്‍ ക്രെഡിറ്റും സിബി ജോര്‍ജ് എന്ന മലയാളി അംബാസഡര്‍ക്കാണ്.
ഏറെ നാളത്തെ ആവശ്യത്തെ തുടര്‍ന്ന് ലഭിച്ച കേന്ദ്രത്തിലെ പരീക്ഷാ നടത്തിപ്പ് പരാതികളില്ലാതെ പൂര്‍ത്തീകരിക്കുന്നതിന് എംബസി കൃത്യമായ ഒരുക്കങ്ങളാണ് നടത്തിയത്. ഒരു തരത്തിലുമുള്ള വീഴ്ച കൂടാതെ വിജയകരമായി പരീക്ഷ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവെന്ന് സിബി ജോര്‍ജ് പ്രതികരിച്ചു.
എല്ലാവിധ മുന്‍കരുതലുകളോടെയും ഇന്ത്യന്‍ എംബസിയില്‍ ഒരുക്കിയ പരീക്ഷാ കേന്ദ്രത്തില്‍ 300 ല്‍ അധികം കുട്ടികളാണ് പരീക്ഷ എഴുതിയത്.
പരീക്ഷാ ഒരുക്കത്തിന്റെ ഭാഗമായി എംബസിയിലെ പൊതുസേവനം നിര്‍ത്തിവച്ചിരുന്നു. കുവൈത്തില്‍ തന്നെ പരീക്ഷ എഴുതാന്‍ ലഭിച്ച അവസരം പ്രയോജനപ്പെടുത്താനായതില്‍ കുട്ടികള്‍ക്കും ആഹ്ലാദമാണ്.
ഡിപ്ലോമാറ്റിക് കോണ്‍ക്ലേവിന്റെ പ്രധാന കവാടത്തില്‍ വാഹനമിറങ്ങിയ കുട്ടികളെ പരീക്ഷാ കേന്ദ്രത്തില്‍ എത്തിക്കാന്‍ എംബസി വാഹന സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു.
രജിസ്‌ട്രേഷനും മറ്റു നടപടികള്‍ക്കുമായി എംബസി മുറ്റത്ത് എയര്‍കണ്ടീഷന്‍ സംവിധാനത്തോടെ വിശാലമായ ടെന്റും ഒരുക്കി. കോണ്‍ക്ലേവിന്റെ പ്രധാന കവാടത്തിലും രജിസ്‌ട്രേഷന്‍ കൗണ്ടറിലും പരിശോധന നടത്തിയാണ് കുട്ടികളെ ഹാളിലേക്ക് കടത്തിവിട്ടത്.
കോവിഡ് പശ്ചാത്തലത്തിലുള്ള എല്ലാ മുന്‍കരുതലുകളും നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍.ടി.എ) മാര്‍ഗ നിര്‍ദേശങ്ങളും പാലിച്ചുകൊണ്ടാണ് പരീക്ഷ നടത്തിയത്.