Sorry, you need to enable JavaScript to visit this website.

രാമപുരത്തെ വയോധികയുടെ കൊലപാതകം: പേരമകളുടെ ഭര്‍ത്താവ് അറസ്റ്റില്‍

മലപ്പുറം-മങ്കടക്കടുത്ത് രാമപുരം ബ്ലോക്ക് പടിയില്‍ ദേശീയപതയോരത്തെ വീട്ടില്‍ വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ ബന്ധുവും അധ്യാപകനുമായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു മാസം മുമ്പ്
രാമപുരം ബ്ലോക്ക് പടിയിലെ മുട്ടത്തില്‍ ആയിഷുമ്മ(72) കൊല്ലപ്പെട്ട കേസിലാണ് ഇവരുടെ പേരകുട്ടിയുടെ ഭര്‍ത്താവും മമ്പാട് സ്വദേശിയുമായ പാന്താര്‍ നിഷാദ് അലി(34)യെ പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തത്.
ജുലൈ 16 നാണ് ആയിഷുമ്മ കൊല്ലപ്പെട്ടത്.വീട്ടില്‍ ഒറ്റക്ക് താമസിച്ചിരുന്ന ഇവരെ രാത്രിയില്‍ അടുത്ത വീട്ടിലേക്ക് കൂട്ടികൊണ്ടു പോകാന്‍ അടുത്തവീട്ടില്‍ താമസിക്കുന്ന പേരകുട്ടികള്‍ വന്നപ്പോള്‍ വീടിനുള്ളില്‍ മൃതദേഹമാണ് കണ്ടത്.ദേഹത്ത് പരിക്കുകളുണ്ടായിരുന്നു. സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു.
കേസില്‍ അന്വേഷണം ആരംഭിച്ച പോലീസ് ആയിരത്തോളം പേരെ ചോദ്യം ചെയ്‌തെങ്കിലും സൂചനകളൊന്നും കിട്ടിയില്ല.ആയിഷുമ്മയുടെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതിനാല്‍ കൊലയാളിയുടെ ലക്ഷ്യം കവര്‍ച്ചയാണെന്ന് പോലീസ് അനുമാനിച്ചിരുന്നു.കൊല നടന്ന വീടുമായി അടുത്ത പരിചയമുള്ള ആളാണ് ഘാതകനെന്നും  പോലീസിന് സംശയമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ക്കൊപ്പം ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്തിരുന്നു.ഇതിനിടയിലാണ് അന്വേഷണം പ്രതി നിഷാദ് അലിയില്‍ എത്തിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കഴിയുന്ന ഇയാള്‍ ബന്ധുക്കളില്‍ നിന്നും സോഷ്യല്‍മീഡിയ സുഹൃത്തുക്കളില്‍ നിന്ന് വലിയ തോതില്‍ പണം കടം വാങ്ങിയിരുന്നതായി പോലീസിന് വിവരം ലഭിച്ചു.ഇയ്യാള്‍ നാട്ടില്‍ നിന്ന് വിട്ടുനിന്നതും പോലീസിന് സംശയം വര്‍ധിപ്പിച്ചു.നിഷാദ് അലിയുമായി പണമിടപാടുകള്‍ നടത്തിയവരെയും ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചും പോലീസ് തെളിവുകള്‍ ശേഖരിച്ചതിന് ശേഷമാണ് കോഴിക്കോട് നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്. എം.എസ്‌സി കംമ്പ്യൂട്ടര്‍ ബിരുദധാരിയും അധ്യാപകനുമാണ് പ്രതി.തന്റെ വിദ്യാര്‍ത്ഥികളോടും സുഹൃത്തുക്കളോടും സോഷ്യല്‍ മീഡിയ വഴി അസുഖത്തിന്റെ പേരില്‍ പണവും സ്വര്‍ണവും കടം വാങ്ങുകയും തിരിച്ചു നല്‍കാത്തതിന്റെ പേരില്‍ നിലമ്പൂര്‍ പോലീസില്‍ ചിലര്‍ പരാതിപ്പെടുകയും ചെയ്തിട്ടുണ്ട്.നിഷാദ് അലി ജോലി ചെയ്ത സ്്കൂളില്‍ നിന്നും പണം മോഷ്ടിച്ചതായും കേസ് നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു.
ഏറെ ആസുത്രിതവും ക്രൂരവുമായാണ് പ്രതി കൊലപാതകം നടത്തിയതെന്ന് പോലീസ് വെളിപ്പെടുത്തി.
നിഷാദ് അലിയുടെ ഭാര്യയുടെ വല്യുമ്മയാണ് മരിച്ചഅയിഷുമ്മ. രാമപുരത്ത് തനിച്ചു താമസിച്ചിരുന്ന ഇവര്‍ ധരിച്ചിരിക്കുന്ന ആഭരണങ്ങള്‍ നിഷാദ് അലി ദിവസങ്ങള്‍ക്ക് മുമ്പേ നോട്ടമിട്ടിരുന്നെന്ന് പോലീസ് പറഞ്ഞു.ആയിഷുമ്മയുമായി കൂടുതല്‍ അടുപ്പം സ്ഥാപിക്കാന്‍ നിഷാദ് അലി പല തവണ അവരുടെ വീട്ടിലെത്തിയിരുന്നു.ആഭരണം കൈക്കലാക്കാന്‍ പല ശ്രമങ്ങളും നടത്തിയെങ്കിലും വിജയിച്ചില്ല.ജൂലൈ 16 ന് അതി രാവിലെ വീട്ടിലെത്തിയ പ്രതി വിശേഷങ്ങള്‍ ആരായുകയും ആയിഷുമ്മ നല്‍കിയ ചായ കുടിക്കുകയും ചെയ്തു.ബാത്ത് റൂമില്‍ പോകണമെന്ന് ആവശ്യപ്പെട്ട പ്രതി ഇതിനായി വീട്ടിലെ മുറിയിലേക്ക് കയറി.ബാത്ത് റൂമില്‍ കയറി കയ്യില്‍ ഗ്ലൗസ് ധരിച്ചെത്തി ആയിഷുമ്മയെ ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ആഭരണങ്ങള്‍ കൈക്കലാക്കിയ ശേഷം ഇവിടെ നിന്ന് പോയി.പിന്നീട് ആയിഷുമ്മയുടെ മരണ വിവരം പുറത്തറിഞ്ഞതോടെ പ്രതി ഇവിടെയെത്തി മരണാനന്തര ചടങ്ങുകളിലും പങ്കെടുത്തതായി പോലീസ് പറഞ്ഞു.
പ്രതിയെ പോലീസ് ഇന്നലെ തെളിവെടുപ്പിനായി രാമപുരത്ത് കൊണ്ടു വന്നു. കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് തുടരുമെന്ന് പോലീസ് പറഞ്ഞു.
ജില്ലാ പോലീസ് മേധാവി എസ്.സുജിത്ത് ദാസിന്റെ മേല്‍നോട്ടത്തില്‍ പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി  ടി.എം സന്തോഷ് കുമാര്‍,മങ്കട സി.ഐ ഷാജഹാന്‍,സി.പി മുരളീധരന്‍,സി.പി സന്തോഷ് കുമാര്‍,ഷാഹുല്‍ഹമീദ്,പി.എസ് ഷിജു,പ്രശാന്ത് പയ്യനാട്,എം.മനോജ് കുമാര്‍,എന്‍.ടി കൃഷ്ണകുമാര്‍,അഷറഫ് കൂട്ടില്‍,ദിനേശ് കിഴക്കേകര,പ്രഭുല്‍, വനിത എസ്.സി,പി ഒ,ബിന്ദു, സൈബര്‍ സെല്ലിലെ ഷൈലേഷ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

 

Latest News