കോട്ടയം- കുറവിലങ്ങാട് മഠത്തില്‍ നടന്ന കുര്‍ബാനക്കിടെ വൈദികന്‍ മുസ്്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ കന്യാസ്ത്രീകള്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ സമരം നടത്തിയ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളായ അനുപമ, ആല്‍ഫി, നീനാ റോസ്, ജോസഫിന്‍ എന്നിവരാണ് വൈദികനെതിരേ ആരോപണം ഉന്നയിച്ച് മാധ്യമങ്ങളെ കണ്ടത്. മഠത്തിലെ ചാപ്പലില്‍ ഞായറാഴ്ച നടന്ന കുര്‍ബാനയില്‍ വൈദികന്‍ മുസ്്‌ലിം വിരുദ്ധ പ്രസംഗം ആരംഭിച്ചപ്പോഴാണ് തങ്ങള്‍ അത് തടഞ്ഞശേഷം പ്രതിഷേധിച്ച് ഇറങ്ങിപ്പോയതെന്ന് കന്യാസ്ത്രീകള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ക്രിസ്ത്യാനികള്‍ക്ക് പലര്‍ക്കും കുട്ടികള്‍ ഉണ്ടാകാതിരിക്കുന്നതുതന്നെ അതിനായി ചില മരുന്നുകള്‍ പ്രയോഗിക്കുന്നതുകൊണ്ടാണെന്ന് അച്ചന്‍ പ്രസംഗത്തില്‍ പറഞ്ഞതായി കന്യാസ്ത്രീകള്‍ ആരോപിക്കുന്നു. മുമ്പും മുസ്്‌ലിം സമുദായത്തില്‍പ്പെട്ടവരെ അവഹേളിച്ച് ഇതേ വൈദികന്‍ പ്രസംഗിക്കുക പതിവായിരുന്നു. ഈശോ സിനിമയുമായി ബന്ധപ്പെട്ടും ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.
കുര്‍ബാനക്കിടയില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടായപ്പോള്‍ തങ്ങള്‍ ഉള്‍പ്പെടെ കന്യാസ്ത്രീകള്‍ പ്രതികരിക്കുകയായിരുന്നുവെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
മുസ്്‌ലിം വിഭാഗത്തില്‍പ്പെട്ടവര്‍ നിരവധി പേരുമായി ഇടപെടാറുണ്ട്. അവരില്‍നിന്നൊന്നും മോശം അനുഭവം ഉണ്ടായിട്ടില്ല. ക്രിസ്തു പഠിപ്പിച്ചിരിക്കുന്നത് വര്‍ഗീയത വിതയ്ക്കാനല്ല. അയല്‍ക്കാരെയും മറ്റുള്ളവരെയും സ്‌നേഹിക്കാനാണ്. ആ മാര്‍ഗത്തിന് വിരുദ്ധമായി പോകുന്നത് കണ്ടപ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ സാധിച്ചില്ലെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു.