Sorry, you need to enable JavaScript to visit this website.

കാഥികന്‍ കൊല്ലം ബാബു അന്തരിച്ചു

കൊല്ലം- കാഥികനും നാടകസംവിധായകനുമായ കൊല്ലം ബാബു (80) അന്തരിച്ചു. പതിനായിരത്തിലേറെ വേദികളില്‍ കഥ അവതരിപ്പിച്ച കാഥികനാണ് കൊല്ലം ബാബു.
യവന നാടക ട്രൂപ്പിന്റെ അമരക്കാരനായിരുന്ന കൊല്ലം ബാബുവിന്റെ കലാജീവിതം തുടങ്ങുന്നത് 13  വയസ്സില്‍ നാടകവേദിയിലൂടെയാണ്. തെരുവിന്റെ മക്കള്‍ എന്ന അമച്വര്‍ നാടകത്തില്‍ 60 വയസ്സുകാരന്റെ വേഷത്തിലാണ് ആദ്യമായി വേദിയിലെത്തുന്നത്. പിന്നീട് 1959ല്‍ എസ്.എസ്.എല്‍.സി. പരീക്ഷ കഴിഞ്ഞ ഉടനെ കാഥികന്റെ വേഷമണിഞ്ഞു. പാട്ടുകാരനായ സഹോദരന്‍ ഗോപിനാഥന്‍ നായരുടെ പ്രോത്സാഹനമായിരുന്നു അതിന് കാരണമായത്. പില്‍ക്കാലത്ത് കഥാപ്രസംഗത്തില്‍  തന്റേതായ ശൈലി വെട്ടിത്തുറന്ന് തിരക്കുള്ള കാഥികനായി മാറി.

കഥാപ്രസംഗത്തില്‍ പ്രശസ്തി നേടിക്കഴിഞ്ഞശേഷമാണ് 1982ല്‍ യവന എന്ന നാടക ട്രൂപ്പ് ആരംഭിക്കുന്നത്.
1979 ല്‍ കഥാപ്രസംഗത്തിന് സംഗീതനാടക അക്കാദമി പുരസ്‌കാരം, 2010ല്‍ കേരള കഥാപ്രസംഗ അക്കാദമിയുടെ കാഥികശ്രേഷ്ഠ അവാര്‍ഡ്, 2012 ല്‍ കഥാപ്രസംഗത്തില്‍ സമഗ്രസംഭാവനാ പുരസ്‌കാരം എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ കിട്ടിയിട്ടുണ്ട്. ഭാര്യ: സി.എന്‍. കൃഷ്ണമ്മ. മക്കള്‍: കല്യാണ്‍ കൃഷ്ണന്‍, ആരതി, ഹരികൃഷ്ണന്‍.

 

Latest News