റിയാദ്- റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി കമ്മിറ്റിയെ മരവിപ്പിച്ചതായി സംസ്ഥാന മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം അറിയിച്ചു. കഴിഞ്ഞ ദിവസം അയച്ച കത്തില്‍ റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി യോഗം ചേരാന്‍ പാടില്ലെന്ന രീതിയില്‍ വന്നത് ക്ലറിക്കല്‍ മിസ്റ്റേക് ആണ്. റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ യോഗം ചേരുന്നതിനോ പ്രവര്‍ത്തനത്തിനോ വിലക്കേര്‍പ്പെടുത്തിയിട്ടില്ല. നിലവിലുള്ള മലപ്പുറം ജില്ല കമ്മിറ്റിയും സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴിലുള്ള പുതിയ സംവിധാനവും സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റിയുടെ തീരുമാനം ഉണ്ടാകുന്നത് വരെ യോഗം ചേരുകയോ പ്രവര്‍ത്തനം നടത്തുകയോ ചെയ്യരുത്. പിഎ.എ സലാം വ്യക്തമാക്കി.
റിയാദില്‍ കെ.എം.സി.സി പ്രവര്‍ത്തനം മരവിപ്പിച്ചു എന്ന രീതിയിലാണ് കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നത്. സെന്‍ട്രല്‍ കമ്മിറ്റിക്കും മലപ്പുറം ജില്ലാ കമ്മിറ്റിക്കും യോഗം ചേരാനോ മലപ്പുറം ജില്ല കെഎംസിസികള്‍ക്ക് പ്രവര്‍ത്തനം തുടരാനോ പാടില്ലെന്നായിരുന്നു ഇന്നലെ സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറിയുടെതായി പ്രചരിച്ച കത്തിലുണ്ടായിരുന്നത്. മലപ്പുറം ജില്ല കമ്മിറ്റിക്ക് മാത്രമല്ല സെന്‍ട്രല്‍ കമ്മിറ്റിക്കെതിരെയും നടപടിയുണ്ടായിട്ടുണ്ടെന്ന് മലപ്പുറം ജില്ല കമ്മിറ്റി അംഗങ്ങള്‍ മലയാളം ന്യൂസിനോട് പറഞ്ഞിരുന്നു. ഇതാണ് ഇപ്പോള്‍ സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റി തിരുത്തിയിരിക്കുന്നത്.