സാവോ പോളോ- ലോക ഫുട്‌ബോളിലെ ഇതിഹാസ ബ്രസീല്‍ താരം പെലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍. കഴിഞ്ഞ മാസം വന്‍കുടലിലെ ട്യൂമര്‍ നീക്കം ചെയ്തതിനു ശേഷം വിശ്രമത്തിലായിരുന്നു 80കാരനായ പെലെ. ഇപ്പോള്‍ ആശങ്കപ്പെടാനില്ലെന്നും ആരോഗ്യ നില തൃപ്തികരമാണെന്നും സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. പെലെ സംസാരിക്കുന്നുണ്ടെന്നും എല്ലാം സാധാരണ പോലെ ആണെന്നും വൈകാതെ മുറിയിലേക്ക് മാറ്റാനാകുമെന്നും ആശുപത്രി അറിയിച്ചു.
ഓരോ ദിവസവും താന്‍ സുഖം പ്രാപിച്ചു വരികയാണെന്ന് നേരത്തെ പെലെ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നു. സാധാരണ ആരോഗ്യ പ്രിശോധനയ്ക്കിടെയാണ് ട്യൂമര്‍ കണ്ടെത്തിയത്. ഇത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ഇതിന്റെ സാംപിളുകളെടുത്ത് പരിശോധിച്ചിട്ടുണ്ടെങ്കിലും ഫലം പുറത്തു വിട്ടിട്ടില്ല.