- ആദ്യഘട്ടത്തിൽ 10, 12 ക്ലാസുകൾക്ക്
ജിദ്ദ-- അടുത്ത തിങ്കളാഴ്ച മുതൽ 10, 12 ക്ലാസ് വിദ്യാർഥികൾക്ക് നേരിട്ടുള്ള ക്ലാസ് തുടങ്ങുമെന്ന് ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ അധികൃതർ അറിയിച്ചു. ഒമ്പത്, 11 ക്ലാസ് വിദ്യാർഥികൾക്ക് സെപ്റ്റംബർ 20നും ഓഫ് ലൈൻ ക്ലാസ് ആരംഭിക്കും. സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് ഈ തീരുമാനമെന്നും പ്രിൻസിപ്പൽ ഡോ. മുസഫർ ഹസൻ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച വിദ്യാർഥികൾക്ക് മാത്രമായിരിക്കും ഓഫ് ലൈൻ ക്ലാസിൽ പങ്കെടുക്കാൻ അർഹതയുണ്ടാകുക. ഈ വിദ്യാർഥികൾ നേരിട്ടുള്ള ക്ലാസിൽ വരുന്നതിന് വിരോധമില്ലെന്ന് രക്ഷിതാക്കളുടെ സമ്മതപത്രവും സമർപ്പിക്കണം.
രണ്ട് ഡോസ് വാക്‌സിൻ സ്വീകരിക്കാത്ത കുട്ടികൾക്ക് ഓൺലൈൻ പ്ലാറ്റ് ഫോമിലുള്ള ക്ലാസ് തുടരും. രാവിലെ എട്ട് മണി മുതൽ ഉച്ചക്ക് 1.20 വരെയായിരിക്കും ക്ലാസ് നടക്കുക. പത്ത് മിനിറ്റ് മുമ്പ് കുട്ടികൾ നിർബന്ധമായും ക്ലാസിൽ ഹാജരാകണം. അതേസമയം, ഒരു അറിയിപ്പുണ്ടാകുന്നത് വരെ സ്‌കൂൾ ഒരു ഗതാഗത സൗകര്യവും ലഭ്യമാക്കില്ലെന്നും സർക്കുലർ വ്യക്തമാക്കുന്നു.
ഒമ്പത്, 11 ക്ലാസിലെ കുട്ടികൾക്ക് റൊട്ടേഷൻ അടിസ്ഥാനത്തിലാണ് ക്ലാസ് സംഘടിപ്പിക്കുന്നത്. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവരിൽ സമ്മതപത്രം നൽകുന്ന കുട്ടികളെ എ, ബി ഗ്രൂപ്പുകളായി തരംതിരിച്ച് ബന്ധപ്പെട്ട ക്ലാസ് ടീച്ചർമാരുടെ കീഴിലാക്കും. തുടർന്ന് എ ഗ്രൂപ്പിലെ കുട്ടികൾക്ക് ഒറ്റയക്ക തീയതികളിൽ നേരിട്ടുള്ള ക്ലാസും ബി ഗ്രൂപ്പിലെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസും നൽകും. ഇതുപോലെ, ഇരട്ടയക്ക തീയതികളിൽ ബി ഗ്രൂപ്പ് കുട്ടികൾ ഓഫ് ലൈൻ ക്ലാസിലും എ ഗ്രൂപ്പ് ഓൺലൈൻ ക്ലാസിലും പങ്കെടുക്കണം.
നേരിട്ടുള്ള ക്ലാസിൽ പങ്കെടുക്കാൻ താൽപര്യമുള്ള കുട്ടികൾ രക്ഷിതാക്കളുടെ സമ്മതപത്രത്തിന് പുറമെ, രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവരാണെന്ന് വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് കോപ്പി (ഹെൽത്ത് പാസ്‌പോർട്ട്) സമർപ്പിക്കണമെന്നും സർക്കുലർ വിശദമാക്കുന്നു. ക്ലാസ് അധ്യാപകന് നൽകുന്ന ഹെൽത്ത് പാസ്‌പോർട്ടിന്റെ ഒരു കോപ്പി സ്‌കൂളിലെത്തുന്ന വിദ്യാർഥികൾ കൈവശം വെച്ചിരിക്കണം. ഫെയ്‌സ് മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങി മുഴുവൻ കോവിഡ് സുരക്ഷ മാനദണ്ഡങ്ങളും കർശനമായി പാലിക്കാൻ ഓരോ വിദ്യാർഥിയും രക്ഷിതാക്കളും ബാധ്യസ്ഥരായിരിക്കും.
സ്‌കൂൾ കോമ്പൗണ്ടിൽ കാന്റീൻ സൗകര്യമുണ്ടായിരിക്കില്ല എന്നതിനാൽ കുട്ടികളുടെ കൈവശം വെള്ളവും ഭക്ഷണവും കൊടുത്തയക്കാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. ഏതെങ്കിലുമൊരു രോഗലക്ഷണം പ്രകടമാകുന്നുവെങ്കിൽ അത്തരം കുട്ടികളെ യാതൊരു കാരണവശാലും സ്‌കൂളിലേക്ക് അയക്കാൻ പാടില്ല. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ എട്ടാം ക്ലാസ് വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസ് തൽസ്ഥിതിയിൽ തുടരുമെന്നും സർക്കുലർ വിശദമാക്കുന്നു.