തിരുവനന്തപുരം- കേരള പോലീസില്‍ ആര്‍.എസ്.എസ് ഗ്യാംഗ് പ്രവര്‍ത്തിക്കുന്നുവെന്ന സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം ആനി രാജയുടെ വിമര്‍ശം സംബന്ധിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി. രാജയുടെ പ്രതികരണം ആശയക്കുഴപ്പമുണ്ടാക്കിയെന്ന് സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ്.
ആനി രാജയുടെ പരസ്യവിമര്‍ശം തെറ്റായിപ്പോയെന്ന് ദേശീയ എക്‌സിക്യൂട്ടീവ് വിലയിരുത്തിയ ശേഷം ജനറല്‍സെക്രട്ടറി ഡി. രാജ പുറത്ത് നടത്തിയ വ്യത്യസ്ത പ്രതികരണത്തിലുള്ള സംസ്ഥാന ഘടകത്തിന്റെ അതൃപ്തി രാജയെ ദേശീയ സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം അറിയിക്കും.
ഏതെങ്കിലും സംസ്ഥാനത്തെ രാഷ്ട്രീയ വിഷയങ്ങളില്‍ ബഹുജനസംഘടനാ നേതാക്കളുള്‍പ്പെടെ പ്രതികരിക്കുന്നതിന് മുമ്പ് അതത് സംസ്ഥാനഘടകവുമായി ചര്‍ച്ച ചെയ്യണമെന്ന് സി.പി.ഐ
ദേശീയ എക്‌സിക്യൂട്ടീവ് നേരത്തേ തീരുമാനിച്ചതാണ്. ആനി രാജ അത് ലംഘിച്ചതിലുള്ള അതൃപ്തി ദേശീയ നതൃത്വത്തെ സംസ്ഥാനനേതൃത്വം അറിയിച്ചിരുന്നു. അതിന് ശേഷം ചേര്‍ന്ന ദേശീയ സെക്രട്ടേറിയറ്റ്, ക്‌സിക്യൂട്ടീവ് യോഗങ്ങള്‍ ആനി രാജയുടെ നടപടി തെറ്റായിപ്പോയെന്ന് വിലയിരുത്തി. പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍സെക്രട്ടറി ഡി. രാജ പാര്‍ട്ടി തീരുമാനം വ്യക്തമാക്കി. പിന്നാലെ, തമിഴ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവേ നല്‍കിയ വിശദീകരണമാണ് ആശയക്കുഴപ്പമുണ്ടാക്കിയത്. തമിഴ് ചോദ്യത്തിന് തമിഴില്‍ നല്‍കിയ മറുപടിയാണ് കുഴപ്പമായതെന്നും ,തനിക്കത് കൃത്യമായി പിടി കിട്ടിയില്ലെന്നും ബിനോയ് വിശ്വം യോഗത്തില്‍ വിശദീകരിച്ചു. മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി. ഇക്കാര്യം ജനറല്‍ സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെടുത്തും. ആനി രാജയുടെ അപക്വമായ പ്രതികരണം പ്രതിപക്ഷത്തിന് ആയുധമിട്ട് കൊടുക്കുന്നതായെന്നു സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.