Sorry, you need to enable JavaScript to visit this website.

സമാധാന അന്തരീക്ഷവും പരസ്പര വിശ്വാസവും തകർക്കരുത്; പാലാ ബിഷപ്പിന്റെ പ്രസ്താവനക്കെതിരെ വി.ഡി സതീശൻ

തിരുവനന്തപുരം- കേരളത്തിലെ സമാധാന അന്തരീക്ഷവും മനുഷ്യർ തമ്മിലുള്ള പരസ്പര വിശ്വാസവും തകർക്കുന്ന ഒരു നീക്കവും പ്രസ്താവനകളും ഉണ്ടാകരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കുറ്റകൃത്യങ്ങൾക്ക് ജാതിയോ മതോമോ ജെൻഡറോ ഇല്ല. കൊലപാതകങ്ങൾ, തീവ്ര നിലപാടുകൾ, ലഹരി വസ്തുക്കളുടെ ഉപയോഗം തുടങ്ങി സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗവും സത്രീകളെയും കുഞ്ഞുങ്ങളെയും ആക്രമിക്കുന്നതും വരെ എന്തെല്ലാം നീചവും ഭീകരവുമായ സംഭവപരമ്പരകളാണ് ദിവസേന അരങ്ങേറുന്നത്. ജാതി തിരിച്ചും മതം നോക്കിയും ഇവയുടെ കണക്കെടുക്കുന്നതും ഏതെങ്കിലും സമുദായത്തിനു മേൽ കുറ്റം ചാർത്തുന്നതും ശരിയല്ല. അത് അക്ഷന്തവ്യമായ തെറ്റാണ്. കടുത്ത മാനസിക വൈകല്യങ്ങൾക്ക് ജാതിയും മതവും നിശ്ചയിക്കുന്നത് വർണവിവേചനത്തിന് തുല്യമാണ്. 
പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിലിന്റെ പ്രസ്താവന അതിരുകടന്നതാണ്. മതമേലദ്ധ്യക്ഷൻമാർ സംയമനവും ആത്മനിയന്ത്രണവും പാലിക്കണം. അനാവശ്യമായ അഭിപ്രായ പ്രകടനങ്ങൾ സമൂഹത്തിൽ സ്പർദ്ധ വളർത്തും. വെല്ലുവിളികളെ നമുക്ക് ഒരുമിച്ച് നേരിടാം. അതിന് ആത്മീയ നേതൃത്വം വെളിച്ചം പകരണം, അല്ലാതെ കൂരിരുട്ട് പടർത്തുകയല്ല ചെയ്യേണ്ടത്. ഈ വിവാദങ്ങൾ ഇവിടെ അവസാനിപ്പിക്കുന്നതാണ് ഉചിതം. താഴേത്തട്ടിലേക്ക് കൊണ്ടുപോയി, പരസ്പരം ചെളിവാരിയെറിഞ്ഞ് കേരളത്തിന്റെ സാമൂഹിക അന്തരീക്ഷം കലുഷിതമാക്കരുതെന്നും സതീശൻ ആവശ്യപ്പെട്ടു.
 

Latest News