തിരുവനന്തപുരം- കണ്ണൂർ സർവകലാശാലയിലെ പി.ജി സിലബസുമായി ബന്ധപ്പെട്ട് ഉയർന്ന് വിവാദത്തിൽ വി.സിയുടെ മറുപടി ലഭിച്ചതിന് ശേഷം കൂടുതൽ നടപടികളിലേക്ക് നീങ്ങുമെന്ന് ഉന്നതവിദ്യഭ്യാസ മന്ത്രി ആർ.ബിന്ദു പറഞ്ഞു. സിലബസുമായി ബന്ധപ്പെട്ട് സർവകലാശാല വി.സിയോട് വിശദീകരണം തേടിയിട്ടുണ്ട്.
വിദ്യാർഥികൾക്ക് സിലബസനുസരിച്ച് പാഠഭാഗങ്ങൾ പഠിപ്പിച്ച് തുടങ്ങാത്തതിനാൽ ഇത് ഇപ്പോൾ മരവിപ്പിക്കേണ്ട കാര്യമില്ല. വി.സിയുടെ വിശദീകരണം ലഭിച്ച ശേഷം ഇക്കാര്യങ്ങൾ ഉൾപ്പടെ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. സിലബസ് വിവാദത്തിൽ വിവിധ സംഘടനകള്‍ യൂനിവേഴ്സിറ്റിക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
പ്രതിഷേധം ഭയന്ന് തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും സർവകലാശാലയുടെ പി.ജി സിലബസ് പിൻവലിക്കില്ലെന്നും വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ അവകാശപ്പെട്ടിരുന്നു.
ഗോൾവാൾക്കറും സവർക്കറുമാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അടിസ്ഥാനം. ഇന്ത്യയിലെ രാഷ്ട്രീയപാർട്ടികളെ കുറിച്ച് പഠിക്കുേമ്പാൾ ബി.ജെ.പിയുടെ വളർച്ച എന്തെന്ന് വിദ്യാർഥികൾ മനസിലാക്കണം. അതിനായാണ് സിലബസിൽ പുസ്തകങ്ങൾ ഉൾപ്പെടുത്തിയതെന്നും വൈസ് ചാൻസലർ പറഞ്ഞു. ഇവർക്കൊപ്പം മഹാത്മഗാന്ധി, ജവഹർലാൽ നെഹ്റു, അരബിന്ദോ എന്നിവരുടെ പുസ്തകങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹംഅവകാശപ്പെടുന്നു.