തിരൂര്‍- ഹരിത നേതാക്കള്‍ നടത്തിയത് അച്ചടക്ക ലംഘനം തന്നെയാണെന്നും മുസ്‌ലിം ലീഗിന്റെ ഉന്നതാധികാര സമിതിയുടെ തീരുമാനം ശരിയാണെന്നും വനിതാ ലീഗ് നേതാവ് ഖമറുന്നീസ അന്‍വര്‍ പറഞ്ഞു. ലൈംഗികാധിക്ഷേപ വിഷയത്തില്‍ എം.എസ്.എഫ് നേതാക്കള്‍ മാപ്പ് പറഞ്ഞിട്ടും ഹരിത നേതാക്കള്‍ പരാതി പിന്‍വലിക്കാത്തത് അച്ചടക്ക ലംഘനമാണെന്ന് വനിതാ ലീഗ് ദേശീയ വൈസ് പ്രസിഡന്റും സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ മുന്‍ ചെയര്‍പേഴ്‌സനുമായ അവര്‍ പറഞ്ഞു.
എം എസ് എഫ് നേതാക്കള്‍ മാപ്പ് പറയാന്‍ തയാറായിട്ടും പരാതിയുമായി മുന്നോട്ട് പോകാനുള്ള ഹരിതാ നേതൃത്വത്തിന്റെ തീരുമാനം അപക്വമാണ്. വിഷയത്തില്‍ സമവായമാണ് പാര്‍ട്ടിയും നേതാക്കളും ആഗ്രഹിക്കുന്നത്. എന്നാല്‍ പരസ്പരം ഒരുമിച്ചിരുന്ന് വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കാനുള്ള സാവകാശം പോലും ഹരിതാ നേതാക്കള്‍ നല്‍കിയില്ല. ഒരു പാര്‍ട്ടിയുടെ ഭാഗമാകുമ്പോള്‍ നേതാക്കള്‍ പറയുന്നത് അനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. നേതാക്കളെയും മുതിര്‍ന്നവരെയും ധിക്കരിച്ച് പാര്‍ട്ടിയില്‍ തുടരാനാകില്ല- അവര്‍ പറഞ്ഞു.