കൊച്ചി- ചന്ദ്രികയിലെ കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് തന്റെ കയ്യിലുള്ള രേഖകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറിയതായി മുൻ മന്ത്രി കെ.ടി ജലീൽ. ഈ മാസം 16ന് കുഞ്ഞാലിക്കുട്ടിയെയും പിറ്റേന്ന് മുഈൻ അലിയെയും ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ടെന്നും ജലീൽ പറഞ്ഞു. ചന്ദ്രികയുടെ പേരിൽ വാങ്ങിയ ഭൂമിയുടെ രേഖകൾ ഇ.ഡിക്ക് സമർപ്പിച്ചിട്ടുണ്ട്. പാലാരിവട്ടം പാലത്തിന്റെ അഴിമതിപ്പണമാണ് ചന്ദ്രികയുടെ എക്കൗണ്ടിൽ നിക്ഷേപിച്ചതെന്ന് സംശയിക്കുന്നതായും ജലീൽ പറഞ്ഞു.
എ.ആർ നഗറിലെ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങൾ ഇൻകംടാക്‌സ് ഡിപ്പാർട്ട്‌മെന്റും അന്വേഷണം നടത്തുന്നുണ്ട്. അക്കാര്യത്തിൽ ഇ.ഡിയുടെ അന്വേഷണം ആവശ്യമില്ലെന്നും ജലീൽ പറഞ്ഞു. ഏത് ഏജൻസികളാണ് അന്വേഷിക്കേണ്ടത് എന്ന് പറയേണ്ടത് നമ്മളല്ലെന്നും ജലീൽ വ്യക്തമാക്കി. എന്നെ ഇ.ഡി വിളിപ്പിച്ചത് ചന്ദ്രികയിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ്. എന്നെ മുഖ്യമന്ത്രി വിളിപ്പിച്ചിട്ടില്ലെന്നും മാസത്തിലൊരിക്കലെങ്കിലും മുഖ്യമന്ത്രിയെ കാണാറുണ്ടെന്നും അതിൽ അസ്വാഭാവികതയില്ലെന്നും ജലീൽ വ്യക്തമാക്കി. എ.ആർ നഗർ ബാങ്കിലെ ഇടപാടുമായി ബന്ധപ്പെട്ട ഇ.ടി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും ജലീൽ അറിയിച്ചു.എ.ആർ നഗറിൽ നിരവധി ലീഗ് കമ്മിറ്റികളുടെ പേരിൽ വ്യാജ എക്കൗണ്ടുകളുണ്ടായിരുന്നു. പാർട്ടിയുടെ സംവിധാനം ഉപയോഗിച്ച് കള്ളപ്പണം സൂക്ഷിച്ചുവെച്ചതായിരുന്നുവെന്നും ജലീൽ ആരോപിച്ചു. ഇക്കാര്യത്തിൽ വിജിലൻസ് അന്വേഷണമാണോ വേണ്ടത് എന്നത് അടക്കം സംസ്ഥാന സർക്കാർ സ്വീകരിക്കുമെന്നും ജലീൽ വ്യക്തമാക്കി.