Sorry, you need to enable JavaScript to visit this website.

വലീദ് ബിൻ ത്വലാൽ രാജകുമാരൻ മോചിതനായെന്ന് റിപ്പോർട്ട്

അൽവലീദ് ബിൻ ത്വലാൽ രാജകുമാരൻ റിയാദ് റിട്‌സ് കാൾട്ടൻ ഹോട്ടലിൽ. 

റിയാദ് - അഴിമതി കേസിൽ അന്വേഷണ ഏജൻസികൾ അറസ്റ്റ് ചെയ്ത മിഡിലീസ്റ്റിലെ ഏറ്റവും വലിയ സമ്പന്നൻ വലീദ് ബിൻ ത്വലാൽ രാജകുമാരനെ വിട്ടയച്ചതായി റിപ്പോർട്ട്. കുടുംബത്തെ ഉദ്ധരിച്ച് റോയിട്ടറാണ് വാർത്ത റിപോർട്ട് ചെയ്തത്. അതേസമയം, വലീദ് ബിൻ തല്വാൻ രാജകുമാന്റെ അഭിമുഖം റിയാദിലെ റിട്‌സ് കാൾട്ടൻ ഹോട്ടലിൽനിന്ന് റോയിട്ടേഴ്‌സ് റിപോർട്ട് ചെയ്തു. തന്നോട് ഭരണാധികാരികൾ മോശമായി പെരുമാറിയിട്ടില്ലെന്ന് ത്വലാൽ രാജകുമാരൻ വ്യക്തമാക്കി. നിരപരാധിത്വം തെളിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ വിട്ടയക്കുമെന്നാണ് കരുതുന്നതെന്ന് രണ്ടര മാസത്തിലധികമായി തടവിൽ കഴിയുന്ന റിട്‌സ് കാൾട്ടൻ ഹോട്ടലിൽവെച്ച് റോയിട്ടേഴ്‌സിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ അൽവലീദ് രാജകുമാരൻ പറഞ്ഞു. ഏറ്റവും നല്ല രീതിയിലാണ് അന്വേഷണ ഏജൻസികൾ പെരുമാറുന്നത്. അധികൃതർ തന്നോട് മോശമായാണ് പെരുമാറുന്നത് എന്ന പ്രചാരണം ശരിയല്ല. ഇത്തരം കിംവദന്തികൾ നിഷേധിക്കുന്നതിനാണ് വാർത്താ ഏജൻസിക്ക് അഭിമുഖം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. റിട്‌സ് കാൾട്ടൻ ഹോട്ടലിൽ തനിക്ക് അനുവദിച്ച സ്യൂട്ടിൽ സ്വന്തം ഓഫീസും ഭക്ഷണം കഴിക്കുന്നതിനുള്ള മുറിയും അടുക്കളയും മറ്റു സൗകര്യങ്ങളുമുണ്ടെന്നും അൽവലീദ് രാജകുമാരൻ പറഞ്ഞു.


അതിനിടെ, എം.ബി.സി ഗ്രൂപ്പ് ഉടമ വലീദ് ആലുഇബ്രാഹിമിനെ വിട്ടയച്ചു. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിൽ ഒന്നായ എം.ബി.സി ഗ്രൂപ്പിന്റെ ഉടമയായ വലീദ് ആലുഇബ്രാഹിം വെള്ളിയാഴ്ച രാത്രി റിയാദിൽ കുടുംബാംഗങ്ങൾക്കൊപ്പമാണ് ചെലവഴിച്ചതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

അഴിമതിയിലൂടെ സമ്പാദിച്ച പണം പൊതുഖജനാവിൽ തിരിച്ചടക്കുന്നതിന് ഒത്തുതീർപ്പ് ധാരണയുണ്ടാക്കിയതിനെ തുടർന്നാണ് എം.ബി.ഗ്രൂപ്പ് ഉടമയെ വിട്ടയച്ചത്. ഫവാസ് അബ്ദുൽ അസീസ് അൽഹുകൈർ കമ്പനിയിലെ ഏറ്റവും വലിയ ഓഹരിയുടമകളിൽ ഒരാളായ ഫവാസ് അൽഹുകൈർ, മുൻ റോയൽ കോർട്ട് പ്രസിഡന്റ് ഖാലിദ് അൽതുവൈജിരി, മുൻ കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ വകുപ്പ് പ്രസിഡന്റ് തുർക്കി ബിൻ നാസിർ രാജകുമാരൻ തുടങ്ങിയവർ അടക്കം മറ്റേതാനും വ്യവസായികളെയും മുതിർന്ന ഉദ്യോഗസ്ഥരെയും വിട്ടയച്ചതായും റിപ്പോർട്ടുകളുണ്ട്. 

 

Latest News