തിരുവന്തപുരം- ഫോൺ കെണി കേസിൽ മുൻ മന്ത്രി എ.കെ ശശീന്ദ്രനെ കോടതി കുറ്റവിമുക്തനാക്കി. മന്ത്രി സ്ഥാനത്തിരിക്കെ മാധ്യമപ്രവർത്തകയായ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന കേസിലാണ് മന്ത്രിയെ കുറ്റവിമുക്തനാക്കിയത്. എ.കെ ശശീന്ദ്രനെതിരെ പരാതിയില്ലെന്ന മാധ്യമപ്രവർത്തകയുടെ വാദം കണക്കിലെടുത്താണ് കോടതിയുടെ നടപടി. തിരുവനന്തപുരം സി.ജെ.എം കോടതിയുടേതാണ് വിധി. കേസിൽ ഉടൻ തീർപ്പാക്കരുതെന്ന് ചൂണ്ടിക്കാട്ടി ഇന്നും കോടതിയിൽ പരാതി വന്നിരുന്നു. ഇത് കോടതി പരിഗണിച്ചില്ല. കേസ് ഒത്തുതീർപ്പാക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു പൊതുതാൽപര്യഹരജി സമർപ്പിച്ചിരുന്നത്.
വിധിയിൽ സന്തോഷമുണ്ടെന്ന് ശശീന്ദ്രൻ വ്യക്തമാക്കി. എനിക്കെതിരെ പാർട്ടിയിൽ ആരും ഗൂഢാലോചന നടത്തില്ലെന്നും കോടതിയിൽ എന്താണ് നടന്നതെന്ന് അറിയില്ലെന്നും ശശീന്ദ്രൻ പറഞ്ഞു. തനിക്ക് നൽകിയ പിന്തുണ എല്ലാവരോടും ശശീന്ദ്രൻ പറഞ്ഞു.
ഫോൺ കെണിവിവാദകേസിൽ മുൻ മന്ത്രി എ.കെ.ശശീന്ദ്രൻ ഫോണിലുടെ അശ്ലീലം പറഞ്ഞിട്ടില്ലെന്ന് കോടതിയിൽ ചാനൽ ജീവനക്കാരി മൊഴി മാറ്റിനൽകിയിരുന്നു. ഔദ്യോഗിക വസതിയിൽവച്ച് തന്നോട് അപമര്യദയായി പെരുമാറിയിട്ടില്ലെന്നും അവർ വ്യക്തമാക്കി. മന്ത്രിയുടെ വസതിയിൽനിന്ന് ആരാണ് തന്നോട് മോശമയായി പെരുമാറിയതെന്ന് അറിയില്ലെന്നും അവർ പറഞ്ഞിരുന്നു. ഈ സഹചര്യത്തിൽ കേസുമായി മുന്നോട്ടുപോകാനാകില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
കഴിഞ്ഞ വർഷം ഏപ്രിലിൽ പരാതി നൽകിയ കാര്യങ്ങളിൽ നിന്നും ചാനൽ പ്രവർത്തക മൊഴി മാറ്റിയതോടെ കേസ് വഴിത്തിരിവിലായി. ഫോൺ കെണിയുമായി ബന്ധപ്പെട്ട െ്രെകം ബ്രാഞ്ച് രെജിസ്റ്റർ ചെയ്ത കേസിലെ ഒൻപതാം പ്രതിയായിരുന്നു ഇവർ.
തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസേട്രറ്റ് കോടതി ജഡ്ജി പ്രഭാകരനാണ് കേസിൽ വിധി പറഞ്ഞത്. ചാനൽ പ്രവർത്തക നൽകിയ പരാതിയിൽ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതിരായ നിയമ പ്രകാരം കേസ് എടുത്തിരുന്നു . പരമാവധി മൂന്നു വർഷം വരെ ശിക്ഷ കിട്ടാവുന്നതുമായ വകുപ്പുകളാണ് ചുമത്തിയട്ടുള്ളത്. പരാതിക്കാരിയായ ചാനൽ റിപ്പോർട്ടർ ഉൾപ്പെടെ മൂന്ന് സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. ഇവർ മൂന്ന് പേരും മുൻ മന്ത്രി ചാനൽ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയിരുന്നുവെന്നാണ് മൊഴി നൽകിയത്. മന്ത്രിയുടെ വസതിയിൽ അഭിമുഖത്തിനെത്തിയ ചാനൽ പ്രവർത്തകയോട് മുൻ മന്ത്രി അപമര്യാദയായി പെരുമാറി എന്നാണ് സ്വകാര്യ ഹർജിയിലെ ആരോപണം. സംസ്ഥാനത്ത് ഇത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു, ഫോൺ വിളി വിവാദമായതിനെ തുടർന്ന് മാർച്ച് 26ന് മുൻ മന്ത്രി എ.കെ.ശശീന്ദ്രൻ മന്ത്രി സ്ഥാനം രാജിവച്ചിരുന്നു. കേസ് അവസാനിച്ചതോടെ വീണ്ടും അദ്ദേഹത്തിന് മന്ത്രിസ്ഥാനത്ത് തിരികെയെത്താൻ സാധിച്ചേക്കും.