കണ്ണൂർ- സി.പി.എം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ ചൈനയെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഏകലോകക്രമം സ്ഥാപിക്കാൻ ശ്രമിക്കുന്ന അമേരിക്കക്കെതിരെ നിലകൊള്ളുന്ന ചൈനയെ തകർക്കാനാണ് ശ്രമിക്കുന്നതെന്ന് പിണറായി ആരോപിച്ചു. സാമ്പത്തിക രംഗത്ത് വൻ മുന്നേറ്റമാണ് ചൈന നടത്തുന്നത്. ആഗോള സാമ്പത്തിക വളർച്ചയുടെ മുപ്പത് ശതമാനവും ചൈനയുടെ സംഭാവനയാണ്. ആറു മുതൽ ഏഴു ശതമാനം വരെയായിരുന്നു ചൈന ജി.ഡി.പി വളർച്ച ലക്ഷ്യമിട്ടിരുന്നത്. അത് കൈവരിക്കാൻ ചൈനക്കായി. ചൈനയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂടുതൽ വിശദമായി പോകുന്നില്ലെന്നും പിണറായി പറഞ്ഞു.
നേരത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചൈനയെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. ഇത് വൻ വിവാദമാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ചൈനയെ പുകഴ്ത്തി പിണറായി വിജയനും രംഗത്തെത്തിയത്.