Sorry, you need to enable JavaScript to visit this website.

12 ടിക്കറ്റിന് 5,000 രൂപ വീതം 60,000 രൂപ ലോട്ടറിയടിച്ചു;  പണം വാങ്ങാന്‍  എത്തിയ ആളെ  അറസ്റ്റ് ചെയ്തു 

തൃശൂര്‍- ഒരേ സീരീസിലെ 12 ടിക്കറ്റുകള്‍, ഓരോ ടിക്കറ്റിനും 5,000 രൂപ വീതം 60,000 രൂപ ലോട്ടറിയടിച്ചു.സമ്മാനര്‍ഹമായ ലോട്ടറിയുമായി സ്റ്റാന്‍ലി ലോട്ടറി ഏജന്‍സിയില്‍ എത്തി. സമ്മാനത്തുക ഇപ്പോള്‍തരാമെന്ന്  പറഞ്ഞ് ലോട്ടറി ഏജന്‍സി ജീവനക്കാരന്‍ സ്റ്റാന്‍ലിക്ക് കസേര നീക്കിയിട്ടുകൊടുത്തു. ഉടനെ തന്നെ പൊലീസ് സ്ഥലത്തെത്തി. സ്റ്റാന്‍ലിയെ അറസ്റ്റ് ചെയ്തു. തൃശൂര്‍ നഗരത്തിലെ രാഗം തിയറ്ററിന് സമീപമുള്ള അമ്മ ലോട്ടറി ഏജന്‍സിയിലേക്കാണ് കുണ്ടന്നൂര്‍ ആലപ്പാടന്‍ സ്റ്റാന്‍ലി (55 ) എത്തിയത്. എന്തിനാണ് പൊലീസ് സ്റ്റാന്‍ലിയെ അറസ്റ്റ് ചെയ്തതെന്ന് ചുറ്റിലുമുള്ളവര്‍ക്ക് മനസിലായില്ല. കഴിഞ്ഞ ഓഗസ്റ്റ് 25-ന് പൂങ്കുന്നത്തിനടുത്ത് കുട്ടന്‍കുളങ്ങരയില്‍ പലചരക്കുകടയില്‍ മോഷണം നടന്നിരുന്നു. നഷ്ടപ്പെട്ടത് കടയിലെ മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന 15,000 രൂപയും വില്‍പ്പനയ്ക്ക് വെച്ചിരുന്ന ലോട്ടറി ടിക്കറ്റുകളുമാണ് മോഷണം പോയത്. മോഷണം പോയ ടിക്കറ്റുകള്‍ക്കാണ് തൊട്ടടുത്ത ദിവസത്തെ നറുക്കെടുപ്പില്‍ സമ്മാനമുള്ളതായി അറിഞ്ഞത്.
ഒരേ സീരീസിലുള്ള 12 എണ്ണത്തിന് 5,000 രൂപ വീതം സമ്മാനം ലഭിച്ചെന്ന് മോഷണ കേസ് അന്വേഷിക്കുന്ന തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരറിഞ്ഞു. ലോട്ടറി ടിക്കറ്റുകള്‍ പണമാക്കാന്‍ മോഷ്ടാവ് ശ്രമിക്കുമെന്ന് മനസ്സിലാക്കിയ പൊലീസ് തൃശൂര്‍ നഗരത്തിലെയും പരിസരത്തെയും ചില്ലറ വില്‍പ്പനശാലകളില്‍ മുന്നറിയിപ്പ് നല്‍കി. ഒപ്പം ജില്ലാ ലോട്ടറി ഓഫീസിലും വിവരമറിയിച്ചു. നറുക്കെടുപ്പ് കഴിഞ്ഞ് 12-ാം ദിവസമാണ് സ്റ്റാന്‍ലി സമ്മാനത്തുക വാങ്ങാന്‍ ടിക്കറ്റുമായി വില്‍പ്പനശാലയിലെത്തിയത്.


 

Latest News