കണ്ണൂർ- എ.ആർ നഗർ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര ഇടപെടൽ തേടി ബി.ജെ.പി രംഗത്ത്. മുസ്്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ മുൻ മന്ത്രി കെ.ടി ജലീൽ ഉന്നയിച്ച ആരോപണങ്ങൾ മുഖ്യമന്ത്രി മുഖവിലക്കെടുക്കാത്ത സഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടൽ തേടി ബി.ജെ.പി രംഗത്തെത്തിയത്. കേന്ദ്ര സഹകരണ മന്ത്രാലയത്തിനും ധനകാര്യ മന്ത്രാലയത്തിനും പരാതി നൽകുമെന്ന് ബി.ജെ.പി ഉപാധ്യക്ഷൻ എ.പി അബ്ദുല്ലക്കുട്ടി പറഞ്ഞു. നേരത്തെ ലാവ്‌ലിൻ കേസിൽ പിണറായിയെ കുഞ്ഞാലിക്കുട്ടി സഹായിച്ചിരുന്നുവെന്നും ഇതിനുള്ള പ്രത്യുപകാരമാണ് പിണറായി ചെയ്യുന്നതെന്നും അബ്ദുല്ലക്കുട്ടി ആരോപിച്ചു.
സഖാവ് പിണറായി വിജയൻ കെ.ടി ജലീലിനെ തള്ളിപ്പറഞ്ഞ് കുഞ്ഞാലിക്കുട്ടിയെ തലോടിയത് കേരളത്തിലെ സഹകാരികൾക്ക് സഹിക്കാൻ പറ്റുന്ന ഒന്നല്ല. കാരണം എ.ആർ നഗർ, കരുവന്നൂർ തുടങ്ങിയ ബാങ്കുകളിലെ ഞെട്ടിപ്പിക്കുന്ന തട്ടിപ്പ് പുറത്ത് വന്നപ്പോൾ അവിടെയുള്ള നിക്ഷേപകർ മാത്രമല്ല. കേരളത്തിലെ എല്ലാ സഹകരണ ബേങ്ക് നിക്ഷേപകരും വലിയ ആകെ ആശങ്കയിലാണ്. സഹകരണ ബേങ്കിലെ ഒരു സംഘം തട്ടിപ്പുകാരായ എലികളെ കൊല്ലുന്നതിന് പകരം ആ മഹാപ്രസ്ഥാനമായ സഹകരണ ഇല്ലത്തിന് തീ കൊളുത്ത നിലപാടാണ് പിണറായി സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ പ്രസ്താവന കുഞ്ഞാലികുട്ടിയെ സഹായിക്കാനാണ് എന്ന് ഉറപ്പാണ്. അത് പ്രത്യുപകാരമാവാം
പണ്ട് ലാവ്‌ലിൻ കേസിൽ പിണാറായി കുഞ്ഞാലിക്കുട്ടി സഹായിച്ചതിന്?. പക്ഷെ മിസ്റ്റർ പിണറായി നിങ്ങൾ കുഞ്ഞാലികുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ സ്വാതന്ത്ര്യ പിതാമാഹാൻമാർ കെട്ടിപ്പെടുത്ത ഒരു വലിയ പ്രസ്ഥാനത്തെയാണ് ശിക്ഷിച്ചത്. സഹകരണ മേഖല നിങ്ങൾക്ക് മാപ്പ് തരുമെന്ന് തോന്നുന്നില്ല.
നമ്മുടെ നാട്ടിൽ കള്ളപ്പണം സൂക്ഷിക്കാൻ പറ്റുന്ന സുരക്ഷിത മേഖലയാക്കി സഹകരണ സെസൈറ്റി കളെ മാറ്റിയത് ആരാണ്? അത് സംബന്ധിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നതിന് എന്തിനാണ് ഭയപ്പെടുന്നത് ?. റബ്‌കോയിലും റെയ്ഡ്‌കോയിലും, കമ്മ്യൂണിസ്റ്റ്കാരും, റബർ മാർക്കറ്റിംങ് സൊസൈറ്റിയിൽ കോൺഗ്രസ്‌കാരും നടത്തിയ കൊള്ളയും, അഴിമതിയും മൂലം ഉണ്ടായ കടം കേരള ഖജാനാവിൽ നിന്ന് 350 കോടി രൂപ നൽകി രക്ഷപ്പെടുത്തിയത് പോലെ മുങ്ങികൊണ്ടിരിക്കുന്ന കരുവന്നൂർ, എ.ആർ നഗർ ബാങ്കുകൾക്ക് ഖജനാവിലെ കാശ് കൊടുക്കാനുള്ള പരിപാടിയിലേക്കാണോ. എങ്കിൽ കേരളത്തിലെ ജനങ്ങൾ കയ്യുംകെട്ടി നോക്കി നിൽക്കുമെന്ന് മുഖ്യമന്ത്രി മനപ്പായസമുണ്ണണ്ട. നിങ്ങളുടെ നെറികെട്ട അഭിശപ്ത കൂട്ട് കെട്ട് തടയാൻ കേന്ദ്ര സഹകരണ മന്ത്രാലയം കളത്തിലിറങ്ങാൻ അവസരമുണ്ടാക്കരുത്.