തൃശൂര്‍ - ചേര്‍പ്പില്‍ മകന്റെ അടിയേറ്റു മരിച്ച അച്ഛനു പിന്നാലെ അമ്മയും മരിച്ചു. അവിണിശേരി ഏഴുകന്പനിക്ക് സമീപം കറുത്തേടത്ത് രാമകൃഷ്ണന്റെ ഭാര്യ തങ്കമണിയാണ് (70) ഇന്നു പുലര്‍ച്ചെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. രാമകൃഷ്ണന്‍ ഇന്നലെ രാത്രി മരിച്ചിരുന്നു. ഇവരെ തലക്കടിച്ച് കൊലപ്പെടുത്തിയ മകന്‍ പ്രദീപ് നെടുപുഴ പോലീസിന്റെ കസ്റ്റഡിയിലാണ്. ഇന്നലെ രാത്രി തന്നെ പോലീസ് അവിണിശേരിയിലെ വീട്ടിലെത്തി പരിശോധന നടത്തി വീട് സീല്‍ ചെയ്തിട്ടുണ്ട്. ഇന്ന് കൂടുതല്‍ തെളിവെടുപ്പ് നടത്തി അറസ്റ്റ് രേഖപ്പെടുത്തും. സ്ഥിരം മദ്യപാനിയായ പ്രദീപ് ഇന്നലെ രാത്രി വീട്ടിലെത്തി അച്ഛനും അമ്മയുമായി വാക്കുതര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന ഇരുന്പിന്റെ എളാങ്കെടുത്ത് ഇരുവരുടേയും തലക്കടിക്കുകയുമായിരുന്നു. തലക്കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ രാമകൃഷ്ണനേയും തങ്കമണിയേയും ആദ്യം തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ച് രാത്രി പത്തരയോടെയാണ് രാമകൃഷ്ണന്‍ മരിച്ചത്.
ഗുരുതരമായി പരിക്കേറ്റിരുന്ന തങ്കമണി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവേ ഇന്നു പുലര്‍ച്ചെയും മരിച്ചു.
പ്രദീപ് സ്ഥിരം മദ്യപാനിയാണെന്നും ഇയാള്‍ ഉപദ്രവിച്ചതിനെ തുടര്‍ന്ന് ഇയാളുടെ ഭാര്യയും മകളും അവരുടെ സ്വന്തം വീട്ടിലേക്ക് പോയിരിക്കുകയാണെന്നും പറയുന്നു. സ്വത്തു സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തിലും രണ്ടുപേരുടെ മരണത്തിലും കലാശിച്ചതെന്നാണ് പോലീസ് കരുതുന്നത്.