കൊച്ചി- പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡലത്തിലെ എം.എല്‍.എ നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയില്‍ എതിര്‍കക്ഷികള്‍ക്ക് ഹൈക്കോടതി നോട്ടിസയച്ചു. നജീബിന്റെ വിയജം ചോദ്യം ചെയ്ത് ഇടതു മുന്നണി സ്ഥാനാര്‍ഥി കെ.പി. മുഹമ്മദ് മുസ്തഫ സമര്‍പ്പിച്ച തെരഞ്ഞെടുപ്പ് ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കോടതി നജീബ് കാന്തപുരവും തെരഞ്ഞെടുപ്പു കമ്മീഷനും ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്ക് വിശദീകരണം ബോധിപ്പിക്കാന്‍ നിര്‍ദേശിച്ചു നോട്ടീസയച്ചു.
പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതില്‍ വരണാധികാരിയുടെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ഹരജി. 348 പോസ്റ്റല്‍ ബാലറ്റുകള്‍ വരണാധികാരി നിരസിച്ചുവെന്നും അതില്‍ മുന്നൂറോളം വോട്ടുകള്‍ തനിക്ക് അനുകൂലമായി പോള്‍ ചെയ്തിട്ടുണ്ടെന്നും നജീബിന്റെ വിജയം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ഹരജി ഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു. 38 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് നജീബ് കാന്തപുരം ജയിച്ചത്.