കണ്ണൂര്‍- കണ്ണൂര്‍ സ്വദേശി ഉള്‍പ്പെടെ ജോലി ചെയ്യുന്ന ചരക്കുകപ്പലിന് നേരെ ആഫ്രിക്കയിലെ ഗാബോനി തുറമുഖത്ത് കടല്‍കൊള്ളക്കാരുടെ ആക്രമണം. രണ്ട് പേര്‍ക്ക് വെടിയേറ്റു. കണ്ണൂര്‍ സ്വദേശി ഉള്‍പ്പെടെ മറ്റ് 14 ഇന്ത്യക്കാരും സുരക്ഷിതരാണെന്നാണ് വിവരം.
എം.ബി. ടാമ്പല്‍ എന്ന കപ്പലിന് നേരെയാണ് കഴിഞ്ഞ രാത്രി ആക്രമണമുണ്ടായതെന്നാണ് കപ്പലിലെ ജീവനക്കാരനായ കണ്ണൂര്‍ സിറ്റി മരക്കാര്‍ കണ്ടി സ്വദേശി ദീപക് ഉദയരാജ് വീട്ടില്‍ അറിയിച്ചത്. രാവിലെയാണ് ഇതുസംബന്ധിച്ച സന്ദേശമെത്തിയത്.
17 ഇന്ത്യന്‍ വംശജരാണ് കപ്പലില്‍ ജീവനക്കാരായി ഉണ്ടായിരുന്നത്. പശ്ചിമ ആഫ്രിക്കയില്‍ ഗബോനിയിലെ ഓവാണ്ടോ തുറമുഖത്ത് നങ്കൂരമിട്ടപ്പോഴായിരുന്നു ആക്രമണം. സാങ്കേതിക തകരാറിനെത്തുടര്‍ന്നാണ് കപ്പല്‍ നങ്കൂരമിട്ടത്. അര്‍ധ രാത്രിയോടെ കപ്പലിലെത്തിയ കടല്‍ കൊള്ളക്കാര്‍ വെടിയുതിര്‍ക്കുകയായിരുന്നു. കപ്പല്‍ തട്ടിക്കൊണ്ടുപോകാനായിരുന്നു ഇവരുടെ ശ്രമം. ഇതിനെ ചെറുത്തപ്പോഴാണ് വെടിയുതിര്‍ത്തത്. ഒരാള്‍ക്ക് മൂന്നു വെടിയേറ്റു.
കപ്പലിലെ ചീഫ് ഓഫീസര്‍ നൗരിയന്‍ വികാസ്, കുക്ക് ഘോഷ് സുന്ദര്‍ എന്നിവര്‍ക്കാണ് വെടിയേറ്റത്. ഇവരെ ഗബോനിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. കപ്പലിലെ എന്‍ജിനിയറായ കുമാര്‍ പങ്കജിനെ കടല്‍ കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയെന്നാണ് സംശയിക്കുന്നത്. ഇദ്ദേഹത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. കപ്പലിലെ മറ്റ് ഇന്ത്യന്‍ വംശജര്‍ സുരക്ഷിതമാണെന്നാണ് ദീപക് ഉദയരാജ് ബന്ധുക്കളെ അറിയിച്ചത്. കേന്ദ്ര സര്‍ക്കാര്‍ സംഭവത്തില്‍ ഇടപെട്ടിട്ടുണ്ടെന്നാണ് വിവരം.