കുവൈത്ത് സിറ്റി/ ന്യൂദല്‍ഹി- ഇന്ത്യയില്‍നിന്നും തിരിച്ചും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിച്ച് കുവൈത്ത്. ഇന്ത്യക്കു പുറമെ, ഈജിപ്ത്, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍നിന്നും നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കുകയാണെന്ന് ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) അറിയിച്ചു.
നിബന്ധനകള്‍ പൂര്‍ത്തിയാക്കുന്ന യാത്രക്കാരുടെ എണ്ണമനുസരിച്ച് ഇന്ത്യയില്‍നിന്ന് പ്രതിദിനം അഞ്ച് സര്‍വീസുകളുണ്ടാകുമെന്ന് ഡി.ജി.സി.എയിലെ സൂപ്പര്‍വൈസര്‍ റാഇദ് അല്‍ താഹിര്‍ പറഞ്ഞു.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് കുവൈത്തിലേക്കുള്ള ടിക്കറ്റ് ബുക്കിങ് നേരത്ത തന്നെ ആരംഭിച്ചിരുന്നു. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ കൊച്ചിയില്‍നിന്നും ബുധന്‍, വെള്ളി, തിങ്കള്‍ ദിവസങ്ങളില്‍ കോഴിക്കോട്ടുനിന്നും സര്‍വിസുണ്ട്.
ഇന്ത്യയില്‍നിന്ന് 768 സീറ്റുകളാണ് പ്രതിദിനം അനുവദിച്ചിരിക്കുന്നത്. ഇതില്‍ പകുതി കുവൈത്ത് എയര്‍വേസും ജസീറ എയര്‍വേസും പങ്കിടും. 50 ശതമാനം സീറ്റുകള്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ക്കാണ്.