മലപ്പുറം-താലിബാനെ മുന്‍നിര്‍ത്തി സി.പി.എം കേരളത്തില്‍ ഇസ്ലാമോഫോബിയ വളര്‍ത്തുകയാണെന്ന ആരോപണവുമായി വിവിധ മുസ്ലിം സംഘടനകളും നേതാക്കളും രംഗത്ത്.
അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ച താലിബാനെ അനുകൂലിക്കുന്നവരാണ് കേരളത്തിലെ മുസ്ലിംകളെന്ന വ്യാജ പ്രചാരണം നടത്തുന്നത് സംഘികളേക്കാള്‍ സഖാക്കളാണെന്ന് മുസ്ലിം ലീഗ് എം.എല്‍.എ നജീബ് കാന്തപുരം ആരോപിച്ചു. കേരളത്തിലെ മദ്രസകളും ഇസ്ലാമിക വസ്ത്രധാരണ രീതിയും താലിബാനിസമാണെന്ന് സി.പി.എം പ്രവര്‍ത്തകരായ ലെഫ്റ്റ് ലിബറലുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി.
സി.പി.ഐ.എമ്മിനെ രാഷ്ട്രീയമായും സൈദ്ധാന്തികമായും വിമര്‍ശിക്കുന്നവരെ താലിബാന്‍ ചാപ്പ കുത്തുകയാണ്. മതവിരുദ്ധരെയും യുക്തിവാദികളെയും കൂടെക്കൂട്ടി കേരളത്തെ മുസ്ലിം മണ്ഡലത്തെ അപ്പാടെ അപരവത്കരിക്കുകയും രാഷ്ട്രീയ സ്വാതന്ത്ര്യം നിഷേധിക്കുകയുമാണ് സി.പി.ഐ.എം ചെയ്യുന്നത്. ഇതിന് പിറകില്‍ കുടിലമായ രാഷ്ട്രീയ തന്ത്രമുണ്ട്. ഇത് തിരിച്ചറിയാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതില്ല- നജീബ് കാന്തപുരം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
താലിബാനെ മുന്‍നിര്‍ത്തി സി.പി.ഐ.എം കേരളത്തില്‍ ഇസ്ലാമോഫോബിയ വളര്‍ത്തുന്നു
അഫ്ഗാനിസ്താനില്‍ ഭരണം പിടിച്ച താലിബാനെ അനുകൂലിക്കുന്നവരാണ് കേരളത്തിലെ മുസ്ലിംകളെന്ന വ്യാജപ്രചാരണം നടത്തുന്നത് സംഘികളേക്കാള്‍ സഖാക്കളാണ്. കേരളത്തിലെ മദ്രസകളും ഇസ്ലാമിക വസ്ത്രധാരണ രീതിയും താലിബാനിസമാണെന്ന് സി.പി.ഐ.എം പോരാളികളായ ലെഫ്റ്റ് ലിബറലുകള്‍ സോഷ്യല്‍ മീഡിയയില്‍ മറയേതുമില്ലാതെ പ്രചരിപ്പിക്കുകയാണ്.
വെടിപ്പുരക്ക് തീ കൊടുക്കും പോലെ അപകടകരമായ ഒരു കളിയിലാണ് സി.പി.ഐ.എം തൊഴിലാളികള്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് മുന്നറിയിപ്പ് നല്‍കുകയാണ്. ഭരണത്തുടര്‍ച്ചക്ക് വേണ്ടി ബി.ജെ.പിയുമായി രഹസ്യസഖ്യമുണ്ടാക്കിയ സി.പി.ഐ.എം ഹിന്ദുത്വ പ്രചാരണങ്ങള്‍ കേരളത്തില്‍ പച്ചക്ക് നടത്തുകയാണ്.
സി.പി.ഐ.എമ്മിനെ രാഷ്ട്രീയമായും സൈദ്ധാന്തികമായും വിമര്‍ശിക്കുന്നവരെ താലിബാന്‍ ചാപ്പ കുത്തുകയാണ്. മതവിരുദ്ധരെയും യുക്തിവാദികളെയും കൂടെക്കൂട്ടി കേരളത്തെ മുസ്ലിം മണ്ഡലത്തെ അപ്പാടെ അപരവത്കരിക്കുകയും രാഷ്ട്രീയ സ്വാതന്ത്ര്യം നിഷേധിക്കുകയുമാണ് സി.പി.ഐ.എം ചെയ്യുന്നത്. ഇതിന് പിറകില്‍ കുടിലമായ രാഷ്ട്രീയ തന്ത്രമുണ്ട്. ഇത് തിരിച്ചറിയാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതില്ല.
കമ്മ്യൂണിസ്റ്റ് ഏകാധിപതയും ഫാഷിസ്റ്റുമായ സ്റ്റാലിന്‍ കൂട്ടക്കൊല നടത്തി കുഴിച്ചുമൂടിയവരുടെ കുഴിമാടങ്ങള്‍ ഉയര്‍ന്നുവരുന്ന കാലമാണിത്. അതേക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഉത്തരംമുട്ടിപ്പോയ സഖാക്കള്‍ ന്യായീകീരണ ലേഖനങ്ങള്‍ എഴുതി സ്റ്റാലിനെ വെളുപ്പിക്കാനുള്ള ശ്രമത്തിലാണ്. എം സ്വരാജും ഷിജുഖാനുമെല്ലാം ഇതിനായി മഷി ചെലവഴിക്കുമ്പോള്‍ ഭീതി തോന്നുകയാണ്.
പിണറായിയിയുടെ സ്റ്റാലിനിസ്റ്റ് സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ ഇന്ത്യയുടെ അഖണ്ഡതക്ക് ഭീഷണിയാണെന്ന് ചോദ്യപ്പേപ്പറില്‍ പച്ചക്ക് എഴുതി വെച്ചിരിക്കുകയാണ്. എന്നിട്ടും അരികുവത്കരിക്കപ്പെട്ട ഒരു സമുദായത്തെ താലിബാന്‍ ചാപ്പയടിച്ച് വേട്ടയാടി അധികാരക്കസേര ഉറപ്പിക്കാനുള്ള കുടിലതക്ക് കാലം മാപ്പുതരില്ല.