Sorry, you need to enable JavaScript to visit this website.

ഇച്ചാക്കയ്ക്കും എനിക്കും ഒന്നിക്കാവുന്ന മനോഹര സിനിമകളുണ്ടാകട്ടെ, മമ്മൂട്ടിക്ക് ആശംസയുമായി മോഹൻലാൽ

തിരുവനന്തപുരം-മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് പിറന്നാൾ ആശംസകളുമായി മോഹൻലാൽ. വീഡിയോ സന്ദേശത്തിലാണ് ലാൽ ആശംസയുമായി എത്തിയത്. ലാലിന്റെ വാക്കുകൾ:
പ്രിയപ്പെട്ട ഇച്ചാക്കാ, ജന്മദിനാശംസകൾ. ഈ ദിവസം എനിക്കും ആഘോഷിക്കാനുള്ളതാണ്. ജീവിതത്തിലെ എല്ലാ സന്തോഷത്തിലും സങ്കടങ്ങളിലും ഉയർച്ച താഴ്ചകളിലും എനിക്ക് താങ്ങായി നിൽക്കുന്ന സാന്നിധ്യമാണ് എനിക്ക് മമ്മൂക്ക. അദ്ദേഹത്തിന്റെ ജന്മദിനം ഞാനും എന്റെ കുടുംബവും അദ്ദേഹത്തിനൊപ്പം ആഘോഷിക്കുന്നു. ഇതേപോലെ ഒരു പ്രതിഭക്കൊപ്പം ജീവിക്കാനാകുന്നു എന്നത് തന്നെ സുകൃതം. അഭിനയത്തിൽ വേറിട്ട വ്യക്തിമുദ്ര പതിപ്പിച്ച ഇച്ചാക്കയ്ക്ക് ഒപ്പം എന്റെയും പേര് വായിക്കപ്പെടുന്നുവെന്നത് ഏറെ സന്തോഷം നൽകുന്നതാണ്. നാലു പതിറ്റാണ്ടിനിടെ ഞങ്ങൾ ഒന്നിച്ചത് 53 സിനിമകളിൽ. നിർമ്മിച്ചത് അഞ്ചു സിനിമകൾ. ഇതൊക്കെ വിസ്മയാണ്. ലോകത്ത് ഒരു ഭാഷയിലും ഇത്ര മനോഹരമായ കൂട്ടുകെട്ട് ഉണ്ടായിട്ടുണ്ടാകില്ല. ചെയ്യാനിരിക്കുന്ന വേഷങ്ങൾ ചെയ്ത വേഷങ്ങളേക്കാൾ മനോഹരം എന്നാണ് ഞാൻ കരുതുന്നത്. ഇച്ചാക്കയിൽനിന്ന് ഇനിയും മലയാള സിനിമയ്ക്കും ഇന്ത്യൻ സിനിമക്കും കൂടുതൽ നല്ല കഥാപാത്രങ്ങൾ ലഭിക്കട്ടെ എന്ന് ഞാൻ ആശിക്കുന്നു. ഇനിയും ഞങ്ങൾക്ക് ഒന്നിക്കാനാകുന്ന മനോഹര സിനിമകൾ ഉണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു. ഇച്ചാക്കയ്ക്ക് എന്റെ പിറന്നാളുമ്മ..
 

Latest News