റിയാദ് - ജിദ്ദ നഗരമധ്യത്തിലെ ഹിസ്റ്റോറിക് ജിദ്ദ ഏരിയക്ക് പുതുജീവൻ നൽകുന്ന പദ്ധതിക്ക് തുടക്കം. ഹിസ്റ്റോറിക് ജിദ്ദ വികസന പ്രോഗ്രാമിന്റെ ഭാഗമായ പുതിയ പദ്ധതി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് പ്രഖ്യാപിച്ചത്. ബിസിനസ്, സാംസ്‌കാരിക പദ്ധതികൾക്കുള്ള ആകർഷകമായ കേന്ദ്രമായും സംരംഭകരുടെ പ്രധാന ലക്ഷ്യസ്ഥാനമായും ഹിസ്റ്റോറിക് ജിദ്ദ ഏരിയയെ വികസിപ്പിക്കാനാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾ കൈവരിക്കാൻ ശ്രമിച്ച്, ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ സംരക്ഷിക്കാനും പുനരധിവസിപ്പിക്കാനുമുള്ള കിരീടാവകാശിയുടെ താൽപര്യാനുസരണമാണ് പദ്ധതി നടപ്പാക്കുന്നത്.
ഹിസ്റ്റോറിക് ജിദ്ദ ഏരിയയിലെ പൈതൃക സവിശേഷതകൾ പദ്ധതി എടുത്തുകാണിക്കും. സൗദിയിൽ സമാനതകളില്ലാത്ത ചരിത്രപരമായ സ്ഥലമായ ഹിസ്റ്റോറിക് ജിദ്ദ ഏരിയയിൽ 600 ലേറെ പൈതൃക കെട്ടിടങ്ങളും 36 ചരിത്രപ്രധാനമായ മസ്ജിദുകളും ചരിത്രമുറങ്ങുന്ന അഞ്ചു പ്രധാന സൂഖുകളും പുരാതന ഇടനാഴികളും ചത്വരങ്ങളും ചരിത്രപരമായി പ്രാധാന്യമുള്ള സ്ഥലങ്ങളുമുണ്ട്. ഇസ്‌ലാമിന്റെ ആവിർഭാവ കാലം മുതൽ തീർഥാടനത്തിന്റെ മഹത്തായ ചരിത്രം ഹിസ്റ്റോറിക് ജിദ്ദ സന്ദർശകർക്കു മുന്നിൽ അനാവരണം ചെയ്യുന്ന നിലക്ക്, പുരാതന കാലത്ത് ഹജ് തീർഥാടകരുടെ പ്രധാന പാതയായിരുന്ന പഴയ വാട്ടർഫ്രണ്ട് പുതിയ പദ്ധതി പുനർനിർമിക്കും. പശ്ചാത്തല സൗകര്യങ്ങൾ, സേവനങ്ങൾ, പരിസ്ഥിതി, പ്രകൃതി വികസനം, ജീവിത ഗുണമേന്മ മെച്ചപ്പെടുത്തൽ, നഗര വശങ്ങൾ മെച്ചപ്പെടുത്തൽ എന്നീ വ്യത്യസ്ത പദ്ധതികളിലൂടെ പതിനഞ്ചു വർഷമെടുത്താണ് ഹിസ്റ്റോറിക് ജിദ്ദ വികസന പദ്ധതി പൂർത്തിയാക്കുക. ഹിസ്റ്റോറിക് ജിദ്ദ ഏരിയയെ പ്രചോദനാത്മക കേന്ദ്രമായും സൗദി അറേബ്യയുടെ ആഗോള മുഖമായും മാറ്റാൻ ലക്ഷ്യമിട്ട് നഗരവാസികൾക്കും സന്ദർശകർക്കും സർഗാത്മകതയുടെ സാധ്യതകൾ ലഭ്യമാകുന്ന ജീവിത സാഹചര്യം സൃഷ്ടിക്കാൻ ഹിസ്റ്റോറിക് ജിദ്ദയുടെ പൈതൃക സ്ഥലങ്ങളും തനതായ സാംസ്‌കാരിക, നഗര ഘടകങ്ങളും പ്രയോജനപ്പെടുത്തും. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഹിസ്റ്റോറിക് ജിദ്ദ ഏരിയ 2014 ൽ ഇടംനേടിയിരുന്നു.