റിയാദ് - സ്വദേശികൾക്ക് അറബി മാത്രമേ അറിയൂ എന്ന ധാരണയാണ് പലർക്കും. അറബിക്ക് പുറമെ ഏറിവന്നാൽ ഇംഗ്ലീഷും അറിയുമായിരിക്കും എന്നാണ് പലരും ധരിച്ചുവശായിരിക്കുന്നത്. അങ്ങിനെ വിചാരമുള്ള ഒരു ബംഗാളി കച്ചവടക്കാരനെ സൗദി യുവാവ് കുടുക്കിയ കഥയാണ് ഇപ്പോൾ സൗദിയിലെ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്. സൗദിക്ക് കടയിലെ സാധനം വില കൂട്ടി വിൽക്കാനായിരുന്നു ബംഗാളിയുടെ ശ്രമം. തനിക്കൊപ്പമുള്ള കച്ചവടക്കാരനോട് ബംഗാളി സാധനത്തിന്റെ വില ഒന്ന് പറയുകയും സൗദിയോട് കൂട്ടിപ്പറയുകയും ചെയ്യുന്നതാണ് സൗദി യുവാവ് കയ്യോടെ പിടികൂടിയത്. സൗദിക്ക് ഹിന്ദി അറിയില്ലെന്ന ധാരണയിലായിരുന്നു ബംഗാളി യുവാവിന്റെ നീക്കം.
സംഭവത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ മറ്റൊരാൾ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടതാണ് ഇത് വൈറലാകാൻ കാരണം.
കഥ ഇങ്ങിനെ:
സാധനം വാങ്ങാൻ സൗദി യുവാവ് ബംഗാളി ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. തനിക്കു വേണ്ട സാധനം കടയിലുണ്ടോയെന്ന സൗദി യുവാവിന്റെ അന്വേഷണത്തിന് മറുപടിയായി സ്റ്റോക്കുണ്ടെന്ന് പറഞ്ഞ് ബംഗാളി സാധനം റാക്കിൽ നിന്ന് എടുത്തു നൽകി. തുടർന്ന് യുവാവ് ഇതിന്റെ വില അന്വേഷിച്ചതോടെ കൗണ്ടറിലുണ്ടായിരുന്ന ബംഗാളി തന്റെ സഹപ്രവർത്തകനോട് ഇതിന്റെ യഥാർഥ വില എത്രയാണെന്ന് ആരാഞ്ഞു. പത്തു റിയാലാണ് വിലയെന്ന് സഹപ്രവർത്തകൻ ഹിന്ദിയിൽ മറുപടി പറഞ്ഞതോടെ സാധനത്തിന് 60 റിയാലാണ് വിലയെന്ന് ബംഗാളി സൗദി യുവാവിനോട് പറഞ്ഞു.
അവസാന വില എത്രയാണെന്ന യുവാവിന്റെ അന്വേഷണത്തിന് ഇത് ഒറിജിനലാണെന്നും ഡ്യൂപ്ലിക്കേറ്റ് അല്ലെന്നും 55 റിയാൽ നൽകിയാൽ മതിയെന്നും ഈ വിലക്ക് വിറ്റാൽ തനിക്ക് അഞ്ചു റിയാത്രമേ ലാഭം ലഭിക്കുകയുള്ളൂവെന്നും ബംഗാളി പറഞ്ഞു. ഇതോടെ ഹിന്ദിയിൽ സംസാരം ആരംഭിച്ച സൗദി യുവാവ് വില പലമടങ്ങ് കൂട്ടിപ്പറഞ്ഞ് തന്നെ കബളിപ്പിക്കാൻ ശ്രമിച്ച ബംഗാളിയെ നിർത്തി പൊരിക്കുകയായിരുന്നു. ഇതോടെ നാണം കെട്ട ബംഗാളി ഇരുപതു റിയാലിന് സാധാനം യുവാവിന് വിൽക്കാൻ തയാറായി. എന്നാൽ നുണ പറഞ്ഞ് തന്നെ പറ്റിക്കാൻ ശ്രമിച്ച കള്ളനാണ് താനെന്നും തനിക്ക് സാധനം വേണ്ടെന്നും വ്യക്തമാക്കി യുവാവ് സ്ഥാപനത്തിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.