Sorry, you need to enable JavaScript to visit this website.

നിപ രോഗലക്ഷണമുള്ള എല്ലാവരുടെയും ഫലം നെഗറ്റീവ്, വൻ ആശ്വാസം

കോഴിക്കോട്- നിപ ബാധിച്ച് മരിച്ച കുട്ടിയുടെ മാതാപിതാക്കളുടേത് അടക്കം രോഗലക്ഷണങ്ങളുള്ള എട്ട് പേരുടെ പരിശോധനഫലവും നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. എല്ലാവരുടെയും സാമ്പിളുകൾ പൂനെ ലാബിൽ മൂന്നു തവണ പരിശോധനക്ക് വിധേയമാക്കിയതായി ആരോഗ്യമന്ത്രി പറഞ്ഞു. 48 പേർ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. നിപ വൈറസ് പരിശോധനയ്ക്കാവശ്യമായ ലാബും അനുബന്ധ സംവിധാനവും കോഴിക്കോട് മെഡിക്കൽ കോളേജിലെ വി.ആർ.ഡി. ലാബിൽ സജ്ജമാക്കിയെന്നും മന്ത്രി അറിയിച്ചു. എൻ.ഐ.വി. പൂന, എൻ.ഐ.വി. ആലപ്പുഴ, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നിവയുടെ സംയുക്ത പരിശ്രമം കൊണ്ടാണ് പെട്ടെന്ന് നിപ വൈറസ് ലാബ് സജ്ജമാക്കിയത്. ഈ മൂന്ന് സ്ഥാപനങ്ങളുടെയും ജീവനക്കാർ ചേർന്നാണ് പരിശോധന നടത്തുന്നത്. നിപ വൈറസ് പരിശോധനയ്ക്കുള്ള അർ.ടി.പി.സി.ആർ., പോയിൻറ് ഓഫ് കെയർ ടെസ്റ്റിംഗ് എന്നീ പരിശോധനകളാണ് ഈ ലാബിൽ നടത്തുക. 
അതിനിടെ, നിപ ബാധിച്ച് മരിച്ച കുട്ടിയുടെ പ്രദേശമായ ചാത്തമംഗലത്ത് ഇന്ന് മുതൽ ചാത്തമംഗലത്ത് വീടുവീടാന്തരം നിരീക്ഷണം നടത്തും. മെഡിക്കൽ കോളേജിലെ പരിശോധന ലാബ് സജ്ജമായെന്നും  ആരോഗ്യമന്ത്രി അറിയിച്ചു. 
മരിച്ച കുട്ടിയുടെ താമസസ്ഥലം മൃഗ സംരക്ഷണ വകുപ്പ് സംഘം സന്ദർശിച്ചു. ഇവിടെ റംബുട്ടാൻ മരങ്ങളും വവ്വാലിന്റെ സാന്നിദ്ധ്യവും ഉണ്ട്. പാതി കഴിച്ച റംബുട്ടാൻ പരിശോധനക്ക് എടുത്തിട്ടുണ്ടെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 
സംസ്ഥാന തലത്തിൽ നിപ കൺട്രോൾ സെന്റർ തുടങ്ങി. മറ്റ് ജില്ലകളിലെ ഡി.എം.ഒമാരുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തിയതായും മന്ത്രി അറിയിച്ചു. സമ്പർക്ക പട്ടികയിൽ മലപ്പുറം, കണ്ണൂർ ജില്ലകളിൽനിന്നുള്ള ആരോഗ്യ പ്രവർത്തകരും ഉണ്ട്. മുക്കം നഗരസഭ ഉൾപ്പെടെ അഞ്ചു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ കണ്ടെയ്ൻമെന്റ് സോൺ വരും.
മറ്റ് ജില്ലകളിൽ കൂടി നിപ വൈറസ് പ്രതിരോധം ശക്തമാക്കാനാണ് സ്റ്റേറ്റ് നിപ കൺട്രോൾ സെൽ തീരുമാനം. തുടർച്ചയായ ദിവസങ്ങളിൽ ആരോഗ്യ വകുപ്പിന്റെ യോഗം ചേർന്ന് സ്ഥിതി വിലയിരുത്തും. 
കോഴിക്കോട് ജില്ലയിലെ എല്ലാ ആശുപത്രികളിലേയും മെഡിക്കൽ ഓഫീസർമാർക്ക് വിദഗ്ധ പരിശീലനം നൽകി. രോഗി വരുമ്പോൾ മുതൽ ചികിത്സ ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളിലും നിർദേശങ്ങൾ നൽകി. അസ്വാഭാവികമായ പനിയും മരണവും റിപ്പോർട്ട് ചെയ്യണം. 
ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം കാര്യങ്ങൾ ചർച്ച ചെയ്തു. യോഗത്തിൽ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, കെ.എം.എസ്.സി.എൽ. എം.ഡി ബാലമുരളി, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എ. റംലാ ബീവി, ആരോഗ്യ വകുപ്പ് ഡയറക്ടർ ഇൻ ചാർജ് ഡോ. മീനാക്ഷി, അഡീഷണൽ ഡയറക്ടർമാർ, 
മന്ത്രിമാരായ വീണ ജോർജ്, എ. കെ ശശീന്ദ്രൻ, പി. എ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ചേർന്നു. ആരോഗ്യ വകുപ്പിന്റെ മാർഗനിർദേശങ്ങൾ അവർക്ക് കൈമാറി. അവ കൃത്യമായി പാലിക്കാനും ജാഗ്രത പാലിക്കാനും ബോധവത്ക്കരണം ശക്തമാക്കാനും നിർദേശം നൽകി.

Latest News