Sorry, you need to enable JavaScript to visit this website.

ഐ.എൻ.എൽ  ഒത്തുതീർപ്പ് വ്യവസ്ഥ കാസിം വിഭാഗം ലംഘിച്ചതായി വഹാബ്, കാന്തപുരത്തെ കാണും

കോഴിക്കോട്- കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാരുടെ മധ്യസ്ഥതയിൽ ഐ.എൻ.എൽ വിഭാഗങ്ങൾ തമ്മിൽ ഉണ്ടാക്കിയ ഒത്തുതീർപ്പ് വ്യവസ്ഥകൾ കാസിം വിഭാഗം ലംഘിച്ചതായി പരാതി. മെമ്പർഷിപ്പ് വിതരണം നിർത്തിവെക്കാനും കേസുകൾ പിൻവലിക്കാനുമുള്ള വ്യവസ്ഥകളാണ് പാലിക്കാത്തത്. 
സംസ്ഥാന പ്രസിഡന്റായി എ.പി.അബ്ദുൽ വഹാബും ജനറൽ സെക്രട്ടറിയായി കാസിം ഇരിക്കൂറും തുടരുക, ജൂലൈ 25 ന് ശേഷം എടുത്ത എല്ലാ അച്ചടക്ക നടപടികളും ഒഴിവാക്കുക, നിലവിൽ കാസിം വിഭാഗം നടത്തുന്ന അംഗത്വ വിതരണം റദ്ദാക്കി രണ്ടു മാസത്തിന് ശേഷം പുതിയ അംഗത്വ വിതരണം നടത്തുക, കേസുകൾ പിൻവലിക്കുക എന്നിവയാണ് എത്തിയ ധാരണകൾ.  
തിങ്കളാഴ്ച മഞ്ചേരിയിൽ മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ നേതൃത്വത്തിൽ അംഗത്വ വിതരണം നടത്തുകയും അംഗത്വ വിതരണം തുടരുമെന്ന് കാസിം ശബ്ദ സന്ദേശം നൽകുകയും ചെയ്തതായി അബ്ദുൽ വഹാബ് വിഭാഗം പറയുന്നു. ചൊവ്വാഴ്ച കോഴിക്കോട് കോടതിയിൽ സംസ്ഥാന കമ്മിറ്റി ഓഫീസുമായി ബന്ധപ്പെട്ട കേസിന്റെ നടപടികൾ ഉണ്ട്. കേസ് പിൻവലിക്കാമെന്ന വ്യവസ്ഥ ഇതുവരെ പാലിച്ചിട്ടില്ല. 
കൊച്ചിയിലെ സംസ്ഥാന കമ്മിറ്റിയിലെ അടിപിടിയെ തുടർന്ന് രണ്ടായി പിളർന്ന ഐ.എൻ.എല്ലിൽ കാസിം വിഭാഗം അംഗത്വ വിതരണം നടത്തിയിരുന്നു. ഈ അംഗത്വ വിതരണം റദ്ദാക്കാനും രണ്ടു മാസം അംഗത്വ വിതരണം ഇല്ലാതെ മറ്റു പ്രവർത്തനങ്ങളിൽ ഒന്നിച്ചു നീങ്ങാനുമായിരുന്നു ധാരണ. ഇതിന് ശേഷം ഇരു വിഭാഗങ്ങളിൽ നിന്നുമായി അഞ്ചു വീതം പ്രതിനിധികളെ വെച്ച് അംഗത്വ വിതരണം നടത്താനും തീരുമാനിച്ചതാണ്. ഇതിനിടയിലാണ് മഞ്ചേരിയിലെ അംഗത്വ വിതരണം. മെമ്പർഷിപ്പ് പ്രവർത്തനം തുടരുമെന്നും ഇക്കാലത്ത് പാർട്ടിയിലുണ്ടാകാതിരുന്നവർക്ക് പിന്നീട് അംഗത്വം നൽകുമെന്നും കാസിം ശബ്ദ സന്ദേശം നൽകിയിട്ടുണ്ട്.  ഇതും കരാർ ലംഘനമാണ്. 
ചൊവാഴ്ച കാന്തപുരത്തെ കണ്ട് ഒത്തുതീർപ്പു ലംഘനം ബോധ്യപ്പെടുത്തുമെന്ന് വഹാബ് വിഭാഗം അറിയിച്ചു. 
യോജിപ്പിലെത്തിയില്ലെങ്കിൽ മുന്നണിയിലുണ്ടാവില്ലെന്ന് സി.പി.എം ശക്തമായി താക്കീത് ചെയ്തതോടെയാണ് ഐ.എൻ.എല്ലിലെ ഇരുവിഭാഗവും ഒത്തുതീർപ്പിന് തയാറായത്. യോജിപ്പിന് മധ്യസ്ഥനാകാൻ കാന്തപുരത്തോട് സി.പി.എം. നിർദേശിക്കുകയും ചെയ്തു. ഇരു വിഭാഗം നേതാക്കളെയും വിളിച്ച് കാന്തപുരം നടത്തിയ ചർച്ചയിൽ വ്യവസ്ഥകൾ വെക്കുകയും അംഗീകരിച്ച് ഒന്നായി മുന്നോട്ട് പോകാമെന്ന് സമ്മതിക്കുകയും ചെയ്തതാണ്.
 

Latest News