പാലക്കാട്- തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ നടപടിക്ക് ചുവടു പിടിച്ച് കോളേജുകളിലും സര്‍, മാഡം വിളി ഒഴിവാക്കണമെന്ന ചര്‍ച്ച കൊഴുക്കുന്നു. വിഷയം ചര്‍ച്ച ചെയ്യുന്നതിന് ചിറ്റൂര്‍ ഗവ.കോളജില്‍ കൗണ്‍സില്‍ യോഗം. കൊമേഴ്‌സ് വിഭാഗത്തിലെ അധ്യാപകനായ കെ.പ്രദീപ് രേഖാമൂലം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് യോഗം. വിവിധ വകുപ്പ് മേധാവികള്‍ ഉള്‍പ്പെട്ട കോളേജ് കൗണ്‍സിലിന്റെ യോഗത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. പാലക്കാട് ജില്ലയിലെ മാത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി തുടങ്ങിവെച്ച നടപടിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പഞ്ചായത്തില്‍ സര്‍, മാഡം വിളി ഒഴിവാക്കിക്കൊണ്ട് മാത്തൂര്‍ പഞ്ചായത്ത് നടപ്പിലാക്കിയ തീരുമാനം സംസ്ഥാനത്തെ മറ്റ് പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഏറ്റെടുത്തിരുന്നു. അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കോളജുകളിലും സമാനമായ തീരുമാനം വേണമെന്നാവശ്യപ്പെട്ട് അധ്യാപകന്‍ രംഗത്തെത്തിയത്.
ബ്രിട്ടീഷ് കൊളോണിയല്‍ സംസ്‌കാരത്തിന്റെ തുടര്‍ച്ചയായാണ് അധ്യാപകരെ സാര്‍, മാഡം എന്നിങ്ങനെ വിളിക്കുന്നത്. ആ കൊളോണിയല്‍ മനോഭാവത്തില്‍ നിന്ന് കോളേജുകളെ മോചിപ്പിക്കണം. അധ്യാപകരെ ഇഷ്ടമുള്ള രീതിയില്‍ വിളിക്കാനുള്ള അവകാശം വിദ്യാര്‍ഥികള്‍ക്ക് നല്‍കണം. സാര്‍, മാഡം എന്നിങ്ങനെയുള്ള വിളികള്‍ നിരോധിച്ചു കൊണ്ട് കോളേജില്‍ ഉത്തരവ് ഇറങ്ങിയാല്‍ പുതിയ തുടക്കമാവും- അധ്യാപകന്‍ പ്രിന്‍സിപ്പലിന് നല്‍കിയ കത്തില്‍ പറയുന്നു.
സാര്‍, മാഡം വിളികള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ മാത്തൂര്‍ ഗ്രാമപ്പഞ്ചായത്തിന് പ്രചോദനമായ 'സൗഹൃദഭാഷ' എന്ന വാട്‌സ്ആപ് കൂട്ടായ്മ കോളജുകളിലെ പരിഷ്‌കരണശ്രമത്തെ സ്വാഗതം #െചയ്തു. അപേക്ഷ, ദയവായി, താഴ്മയായി എന്നിങ്ങനെയുള്ള ഉപചാരവാക്കുകള്‍ ചവറ്റുകൊട്ടയില്‍ എറിയേണ്ട കാലം കഴിഞ്ഞു. പുതിയ തലമുറ വിഷയം ഗൗരവമായി എടുത്തതില്‍ സന്തോഷമുണ്ട്. കാഴ്ചപ്പാടില്‍ വലിയ മാറ്റം കൊണ്ടു വരുന്ന ഇത്തരം നടപടികള്‍ കൂടുതല്‍ സ്ഥലങ്ങളില്‍ നിന്ന് സ്വാഭാവികമായി പ്രതീക്ഷിക്കുന്നു- കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്ന പൊതുപ്രവര്‍ത്തകന്‍ ബോബന്‍ മാട്ടുമന്ത പറഞ്ഞു.