റിയാദ് - കഴിഞ്ഞ മാസം സൗദി അറേബ്യ പ്രതിദിന എണ്ണയുൽപാദനം 96.54 ലക്ഷം ബാരലായി ഉയർത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. ആഗോള വിപണിയിൽ വിലയിടിച്ചിൽ തടയാൻ എണ്ണയുൽപാദനത്തിൽ വരുത്തിയ നിയന്ത്രണം ക്രമാനുഗതമായി ലഘൂകരിച്ച് ഉൽപാദനം വർധിപ്പിക്കാനുള്ള പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കും സംഘടനക്ക് പുറത്തുള്ള സ്വതന്ത്ര ഉൽപാദകരും ചേർന്ന് രൂപീകരിച്ച ഒപെക് പ്ലസ് കൂട്ടായ്മയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ മാസം സൗദി അറേബ്യ എണ്ണയുൽപാദനം വർധിപ്പിച്ചത്. പ്രതിദിന ഉൽപാദനത്തിൽ 1,80,000 ബാരലിന്റെ വീതം വർധനയാണ് സൗദി അറേബ്യ കഴിഞ്ഞ മാസം വരുത്തിയത്. ഇതോടെ പ്രതിദിന ഉൽപാദനം 96.54 ലക്ഷം ബാരലായി.
ഒരു വർഷത്തിനിടെ സൗദി അറേബ്യയുടെ എണ്ണയുൽപാദനം ഇത്രയും ഉയരുന്നത് ആദ്യമാണ്. ജൂലൈയിൽ സൗദി അറേബ്യയുടെ പ്രതിദിന ഉൽപാദനം 94.47 ദക്ഷം ബാരലായിരുന്നു. 2020 സെപ്റ്റംബർ മുതൽ 2021 ജൂൺ വരെയുള്ള കാലത്ത് സൗദി അറേബ്യയുടെ പ്രതിദിന എണ്ണയുൽപാദനം 90 ലക്ഷം ബാരലിലും കുറവായിരുന്നു.
ഒപെക് പ്ലസ് ധാരണ പ്രകാരമുള്ള ക്വാട്ട അനുസരിച്ച് യു.എ.ഇ പ്രതിദിന ഉൽപാദനത്തിൽ 40,000 ബാരലും കുവൈത്ത് 20,000 ബാരലും വീതം ഉയർത്തി. എന്നാൽ കഴിഞ്ഞ മാസം നൈജീരിയയുടെ പ്രതിദിന എണ്ണയുൽപാദനത്തിൽ ഒരു ലക്ഷം ബാരലിന്റെ വീതം കുറവുണ്ടായി. നൈജീരിയയിലെ പ്രധാന എണ്ണ വ്യവസായ കേന്ദ്രത്തിലുണ്ടായ പ്രശ്‌നങ്ങളാണ് ഇതിന് കാരണം. ഇറാന്റെയും ലിബിയയുടെയും എണ്ണയുൽപാദനം കഴിഞ്ഞ മാസം നേരിയ തോതിൽ കുറഞ്ഞു. ഉൽപാദനം വർധിപ്പിക്കാൻ വെനിസ്വേലക്ക് സാധിച്ചു. ഒപെക് പ്ലസ് ധാരണ പാലിക്കുന്നതിൽ നിന്ന് ഈ മൂന്നു രാജ്യങ്ങൾക്കും ഇളവ് നൽകിയിട്ടുണ്ട്.
ഒപെക് രാജ്യങ്ങൾ കഴിഞ്ഞ മാസം പ്രതിദിനം 26.93 ദശലക്ഷം ബാരൽ എണ്ണ തോതിലാണ് ഉൽപാദിപ്പിച്ചത്. ജൂലൈ മാസത്തെ അപേക്ഷിച്ച് കഴിഞ്ഞ മാസം ഒപെക് രാജ്യങ്ങളുടെ പ്രതിദിന എണ്ണയുൽപാദനത്തിൽ 2,10,000 ബാരലിന്റെ വർധനയാണുണ്ടായത്. 2020 ഏപ്രിൽ മാസത്തിനു ശേഷം ഒപെക് രാജ്യങ്ങളുടെ എണ്ണയുൽപാദനം ഇത്രയും വർധിക്കുന്നത് ആദ്യമാണ്. ഒപെക് പ്ലസ് കരാർ പ്രകാരം ഓഗസ്റ്റിൽ മുഴുവൻ അംഗ രാജ്യങ്ങൾക്കും കൂടി പ്രതിദിനം നാലു ലക്ഷം ബാരൽ എണ്ണ അധികം ഉൽപാദിപ്പിക്കാനാണ് അനുമതിയുണ്ടായിരുന്നത്. ഇതിൽ 2,53,000 ബാരൽ കരാർ ബാധകമായ പത്തു ഒപെക് രാജ്യങ്ങൾക്ക് അനുവദിച്ചതാണ്.