മലപ്പുറം-എ.ആർ നഗർ ബാങ്കിൽ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണ ഇടപാട് നടന്നുവെന്ന് മുൻ മന്ത്രി കെ.ടി ജലീൽ എം.എൽ.എ. മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ മകൻ പി.കെ ആഷിഖ് മൂന്നു കോടി രൂപ എ.ആർ നഗർ ബാങ്കിൽ വഴിവിട്ട മാർഗത്തിലൂടെ നിക്ഷേപിച്ചുവെന്നും ജലീൽ ആരോപിച്ചു. ഇതിൽ ഒരു കോടി പതിനഞ്ച് ലക്ഷം രൂപയോളം രൂപ ആഷിഖ് പിഴയടക്കേണ്ടി വരും. 35 ലക്ഷം രൂപ പിഴയടച്ച് ബാക്കി പണം പിൻവലിക്കാൻ നീക്കം നടക്കുന്നതായും ഇതിനെതിരെ പരാതി നൽകുമെന്നും ജലീൽ വ്യക്തമാക്കി. ബാങ്കിൽ നടന്ന ക്രമക്കേടുകൾക്ക് ഉത്തരവാദി പി.കെ കുഞ്ഞാലിക്കുട്ടിയും കള്ളപ്പണ ഇടപാട് സൂക്ഷിപ്പുകാരൻ ഹരികുമാറുമാണ്. ബാങ്കിലെ മുഴുവൻ ഇടപാടും അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും കത്ത് നൽകുമെന്നും ജലീൽ അറിയിച്ചു.