Sorry, you need to enable JavaScript to visit this website.

നിതാഖാത്ത് പദ്ധതി വഴി ജോലിയിൽ  പ്രവേശിച്ചത് പത്ത് ലക്ഷം സ്വദേശികൾ  

റിയാദ്- സൗദിവൽക്കരണ പദ്ധതിയായ നിതാഖാത്ത് ആരംഭിച്ചതിന് ശേഷം ലക്ഷക്കണക്കിന് സ്വദേശികൾക്ക് ജോലി ലഭിച്ചതായി റിപ്പോർട്ട്. നിതാഖാത്തിന് ശേഷം ജനറൽ ഓർഗനൈസിംഗ് ഫോർ സോഷ്യൽ ഇൻഷുറൻസിൽ (ഗോസി) രജിസ്റ്റർ ചെയ്തത് 1.8 ദശലക്ഷം പേരാണ്. 2011 ൽ നിതാഖാത്ത് ആരംഭിക്കുന്നതിന് മുമ്പ് സ്വദേശികളായ ഗോസി വരിക്കാർ വെറും എട്ട് ലക്ഷമായിരുന്നു. നിതാഖാത്ത് സൗദിയിലെ സ്വദേശി തൊഴിലന്വേഷകർക്ക് അനു്രഗഹമായി എന്നതിന് വ്യക്തമായി തെളിവാണ് ഈ കണക്കുകൾ. മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയ വക്താവ് സഅദ് അൽഹമ്മാദ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 
സൗദി തൊഴിൽ വിപണി സ്വദേശി സൗഹൃദമാക്കുക എന്ന ലക്ഷ്യത്തിന് വേണ്ടിയാണ് നിതാഖാത്ത് ആരംഭിച്ചത്. ലക്ഷക്കണക്കിന് യുവാക്കൾക്ക് ഇതിന്റെ ഗുണം ലഭിച്ചു. രാജ്യത്തെ മിക്ക സ്ഥാപനങ്ങളും തുടക്കത്തിൽ തന്നെ സൗദിവൽക്കരണ പദ്ധതിയിൽ രജിസ്റ്റർ ചെയ്തു. നിലവിൽ രാജ്യത്തെ 16 ലക്ഷത്തോളം സ്ഥാപനങ്ങൾ നിതാഖാത്തിൽ രജിസ്റ്റർ ചെയ്തുവെന്നാണ് കണക്ക്. ഇതിന്റെ ഫലമായി വനിതകൾ ഉൾപ്പെടെ നിരവധി സ്വദേശികൾക്ക് മികച്ച തൊഴിലവസരങ്ങൾ ലഭ്യമായി. 
സ്വകാര്യ സ്ഥാപനങ്ങളെ സ്വദേശിവൽക്കരണം നടപ്പിലാക്കാൻ മാനവശേഷി മന്ത്രാലയവും തൊഴിൽ മന്ത്രാലയവും നിരന്തരം പ്രേരിപ്പിച്ചുകൊണ്ടിരുന്നു. പുതിയ സാഹചര്യത്തിൽ കൂടുതൽ സ്വദേശികൾക്ക് തൊഴിലവസരം ഉറപ്പാക്കുന്നതിന്റെ ഭാഗമായി
പരിഷ്‌കരിച്ച നിതാഖാത്ത് പദ്ധതി പ്രാബല്യത്തിലാക്കിയതായും സഅദ് അൽഹമ്മാദ് പറഞ്ഞു. 
തൊഴിൽ വിപണിയിലെ ആധുനിക സങ്കേതങ്ങളുമായി സംയോജിപ്പിച്ചുകൊണ്ടുള്ള പദ്ധതിയാണ് പുതിയ നിതാഖാത്ത് നയത്തിലെ അടിസ്ഥാനം. പരിഷ്‌കരിച്ച നിതാഖാത്ത് നടപ്പാക്കുന്നത് കൂടുതൽ സുതാര്യവും ലളിതവുമാക്കും. 2024 നകം 3,40,000 പേർക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാനാണ് പദ്ധതി ലക്ഷ്യമാക്കുന്നത്. സ്വദേശികൾക്ക് തൊഴിലും മിനിമം വേതനവും ഉറപ്പാക്കുക എന്ന ഉദ്ദേശ്യത്തോടെ 2011 ലാണ് രാജ്യത്ത് നിതാഖാത്ത് പദ്ധതിക്ക് തുടക്കം കുറിച്ചത്. വ്യത്യസ്തമായ ഘട്ടങ്ങളിലൂടെയാണ് ഈ ലക്ഷ്യത്തിലേക്ക് എത്തിയത്. നിരവധി വിദേശികൾക്ക് നിതാഖാത്ത് കാരണം തൊഴിൽ നഷ്ടമായെങ്കിലും സ്വദേശി തൊഴിലാളികളുടെ എണ്ണം എല്ലാ മേഖലകളിലും വർധിച്ചു. 
സ്വദേശിവൽക്കരണം നടപ്പാക്കാത്ത സ്ഥാപനങ്ങളെ ചുവപ്പ് കാറ്റഗറിയിലും തദ്ദേശീയർക്ക് ജോലി നൽകിയവരെ പച്ചയിലും സ്വദേശിവൽക്കരണത്തിൽ പുരോഗതിയുള്ള കമ്പനികളെ മഞ്ഞ നിറത്തിലുമാണ് അടയാളപ്പെടുത്തിയിരുന്നത്. മൂന്ന് വർഷങ്ങൾക്കകം സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങളിൽ സ്വദേശി പങ്കാളിത്തം കുറച്ചെങ്കിലും ഉറപ്പാക്കുകയായിരുന്നു ആദ്യ ഘട്ടത്തിലെ ദൗത്യം. 
സ്ഥാപനങ്ങൾ തരംതിരിച്ച് സൗദിവൽക്കരണ പദ്ധതിയുടെ തോത് അളന്നുകൊണ്ടാണ് രണ്ടാം ഘട്ടം നടപ്പാക്കിയത്. സൗദിവൽക്കരണം വർധിപ്പിക്കുന്ന കമ്പനികൾക്ക് ആനുകൂല്യങ്ങളും നൽകി. 85 ഓഫറുകളിൽനിന്ന് 35 എണ്ണം തെരഞ്ഞെടുത്ത് മൂന്നാം ഘട്ടത്തിൽ പദ്ധതി കുറേക്കൂടി ലളിതവൽക്കരിച്ചു. ആദ്യഘട്ടത്തിൽ ചുരുങ്ങിയ വേതനം 3,000 റിയാൽ ആയിരുന്നു. ഈ വർഷം രണ്ടാം പാദത്തിന്റെ തുടക്കത്തിൽ ഇത് 4,000 ആയി വർധിപ്പിച്ചതായും സഅദ് അൽഹമ്മാദ് വ്യക്തമാക്കി.


 

Latest News