ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാനായി ഏഴാം കടലും താണ്ടി മരുഭൂവിലെ ചൂട് കാറ്റില്‍ പഴുത്തു പാകമാവുന്ന മധുരമൂറുന്ന ഈത്തപ്പഴത്തെ പോലെയുള്ള വിലയേറിയ റിയാലിനായുള്ള പരക്കം പാച്ചിലില്‍ പ്രവാസിക്ക് നഷ്ടമാവുന്ന ഒന്നുണ്ട്..അവന്റെ കുടുംബത്തോടപ്പമുള്ള ജീവിതം..പതിറ്റാണ്ടുകളായി പണത്തിനായി പലതിനെയും പരിത്യാഗം ചെയ്യുമ്പോഴും പ്രവാസിയുടെ ഉള്ളിലൊരു പ്രതീക്ഷയുണ്ട്..
തന്റെ കുടുംബത്തോടപ്പമുള്ള അവധിക്കാലവും, പ്രവാസ ജീവിതത്തോട് വിട പറഞ്ഞു കൊണ്ടുള്ള വിശ്രമ ജീവിതവും. മരുഭൂമിയിലെ വെന്തുരുകുന്ന ചൂടിലും അവനെ മുന്നോട്ട് നയിക്കുന്ന മനസ്സിലെ തണുപ്പാണ് ആ സുന്ദര നിമിഷങ്ങള്‍..എന്നാല്‍ അവധി ദിനങ്ങള്‍ പോലെ പലര്‍ക്കും വിശ്രമ നാളുകള്‍ സുഖകരമാവണമെന്നില്ല. കാരണം കുട്ടികള്‍ക്ക് പലപ്പോഴും അവനൊരു എടിഎം മെഷീന്‍ ആയിരുന്നല്ലോ..ഫോണ്‍ ചെയ്യുമ്പോള്‍ മക്കള്‍ക്ക് എന്താണ് വേണ്ടത് ചോദിക്കുകയും അതെല്ലാം അയച്ചു കൊടുക്കുകയും ചെയ്യുന്ന മെഷീന്‍.. എടിഎം മെഷീനില്‍ നിന്നും പണം ലഭിക്കാതിരുന്നാല്‍ അതിനെ ആരും ശ്രദ്ധിക്കാറില്ലാത്തതുപോലെ വിശ്രമ ജീവിതം ആഗ്രഹിച്ചു പോവുന്ന പല പ്രവാസികള്‍ക്കും അവഗണനയും, അവഹേളനയും അനുഭവിക്കേണ്ടി വരുന്നത് സ്വാഭാവികം മാത്രം.
അത്തരത്തില്‍ ഒരു കറിവേപ്പിലയെ പോലെ കുടുംബത്തില്‍ നിന്നും പുറത്താക്കപെട്ടവരോ, അല്ലെങ്കില്‍ മറ്റുള്ളവരുടെ കുത്തു വാക്കുകള്‍ കൊണ്ടും, പുച്ഛം കലര്‍ന്ന നോട്ടം കൊണ്ടും ഹൃദയ വേദനയുമായി ഗള്‍ഫില്‍ നിന്നുള്ള സമ്പാദ്യമായ ഷുഗറും, പ്രെഷറും, കൊളെസ്‌ട്രോളുമായി കാലം കഴിച്ചു കൂട്ടുന്നവരുമുണ്ട് നമ്മുടെ ചുറ്റും..
തന്റെ ജീവിതത്തിന്റെ സിംഹ ഭാഗവും മറ്റുള്ളവര്‍ക്കായി ചിലവഴിച്ച പ്രവാസിയെ ഒരു വലിയ ബാധ്യതയായി കാണുന്ന കുടുംബക്കാരോടും, ഭാര്യ മക്കളോടും പറയാനുള്ളത് നിങ്ങളുടെ സന്തോഷത്തിനായി സ്വന്തം ജീവിതത്തെ ഹോമിച്ചവരാണ് പ്രവാസികള്‍. പണമില്ലാത്തതിന്റെ പേരില്‍ അവരെ കുറ്റപ്പെടുത്താതെ അവരെ ചേര്‍ത്ത് നിര്‍ത്താന്‍ നിങ്ങള്‍ക്ക് സാധിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ കാലം നിങ്ങള്‍ക്ക് മാപ്പ് നല്‍കില്ല..
പ്രവാസികളായി ജീവിക്കുന്നവര്‍ കുറച്ചു കൂടി ശ്രദ്ധ കാണിക്കേണ്ടതുണ്ട്. ഇന്ന് നാട്ടിലുള്ളവരെ കണ്ട് കൊണ്ട് സംസാരിക്കാനുള്ള അവസരങ്ങള്‍ ഉപയോഗിച്ച് കൊണ്ട് നാട്ടിലുള്ള തന്റെ രക്ത ബന്ധങ്ങളെയും, കൂട്ടുകാരെയും ചേര്‍ത്ത് നിര്‍ത്താന്‍ പ്രവാസിക്ക് സാധിച്ചാല്‍ ഒരു പരിധി വരെ ഇത്തരത്തിലുള്ള ദുരവസ്ഥ ഒഴിവാക്കാനാവും.ഭാര്യയോടുള്ള അമിത സ്‌നേഹവും വിശ്വാസവും കൊണ്ട് തന്റെ സമ്പാദ്യവുമെല്ലാം ഭാര്യയുടെ പേരില്‍ എഴുതി വെക്കുന്ന ബുദ്ധിഹീനര്‍ പിന്നീട് അഭയാര്‍ത്ഥിയായി തീരുന്ന കാഴ്ചയും നാം പലപ്പോഴും കാണാറുണ്ട്. സ്വന്തമായി ഒരു സമ്പാദ്യം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ കൂടി പ്രവാസ ജീവിതത്തില്‍ പ്രവാസി ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. പ്രവാസ ജീവിതം പെട്ടെന്ന് അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ സഹ മുറിയന്റെ കാര്യങ്ങള്‍ അന്വേഷിക്കാനും സാധ്യമായ സഹായങ്ങളും, ജീവിതോപാധിക്കുള്ള മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കാനും പ്രവാസിക്ക് ബാധ്യതയുണ്ട്.
തിരക്കിനിടയില്‍ പല പ്രവാസികള്‍ മറന്ന് പോവുന്ന വിഭാഗമാണ് മാതാ പിതാക്കള്‍. ഓഫീസിലേക്കോ ജോലിക്കോ പോകുന്ന തിരക്കിനിടയില്‍ സുഖമാണോ എന്നൊരു വിളിയല്ലാതെ അവരെ കഴിവതും എല്ലാ ദിവസവും സൗകര്യപൂര്‍വ്വം വിളിച്ചു കൊണ്ട് അവരുടെ സുഖ വിവരങ്ങള്‍ അന്വേഷിക്കാനും, അവര്‍ക്ക് ആവശ്യമുള്ളത് അവര്‍ക്ക് നേരിട്ട് അയച്ചു കൊടുക്കാനും പ്രവിസികള്‍ക്ക് സാധിക്കേണ്ടതുണ്ട്..അവരുടെ പ്രാര്‍ത്ഥനയും ത്യാഗവുമാണ് ഇന്ന് ഞാനനുഭവിക്കുന്ന എല്ലാ നേട്ടങ്ങള്‍ക്ക് പിന്നിലുമെന്നുള്ള തിരിച്ചറിവ് ഓരോ പ്രവാസികള്‍ക്കുമുണ്ടായെങ്കില്‍..