അൽജൗഫ് - കുഞ്ഞുമകളെ സമ്മാനിച്ച് അകാലത്തിൽ മൺമറഞ്ഞുപോയ ഭാര്യയുടെ ഓർമയിൽ മനം നൊന്ത് കഴിഞ്ഞിരുന്ന ബംഗ്ലാദേശ് പൗരന് സ്‌പോൺസറുടെ സ്‌നേഹ സാന്ത്വനം. ആദ്യ പ്രസവത്തെ തുടർന്നുണ്ടായ സങ്കീർണതയിൽ ഭാര്യയുടെ ജീവൻ നഷ്ടപ്പെട്ടപ്പോൾ പിഞ്ചുകുഞ്ഞിന്റെ ഭാവി ഇരുളടയുമോ എന്ന് ശങ്കിച്ച് നിൽക്കുമ്പോഴാണ് സ്‌പോൺസർ കുഞ്ഞിനെ ഏറ്റെടുത്തതും തന്റെ മക്കളെ പോലെ സംരക്ഷിക്കാൻ തയ്യാറായതും.
അൽജൗഫിൽ ആയിദ് അൽശമ്മരിയുടെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ഹസൻ ആബിദീൻ മൂന്നു വർഷം മുമ്പാണ് വിവാഹിതനായത്. പിന്നീട് ഭാര്യയെ സൗദിയിൽ കൊണ്ടുവന്നു. ഇരുവരും ആയിദ് അൽശമ്മരിയുടെ വീട്ടിൽ തന്നെ ജോലി ചെയ്തു. ഇതിനിടയിൽ ഹസന്റെ ഭാര്യ ഗർഭിണിയാവുകയും പ്രസവത്തിനായി അൽജൗഫ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പെൺകുഞ്ഞ് 'റഹ്മ'യെ പ്രസവിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ ഭാര്യ മരിച്ചു. പ്രസവ സമയത്തെ സങ്കീർണതകളെ തുടർന്നായിരുന്നു മരണം. ഒന്നരവർഷം മുമ്പാണ് സംഭവം.
ഭാര്യയുടെ ഭൗതിക ശരീരം അൽജൗഫിൽ തന്നെ ഖബറടക്കി. എന്നും സമയം കിട്ടുമ്പോഴൊക്കെ ഖബറിനരികെ ചെന്ന് ഇദ്ദേഹം അവൾക്കായി അല്ലാഹുവിനോട് കരഞ്ഞു പ്രാർഥിക്കും. ഭാര്യയുടെ വിരഹത്തിലുള്ള വേദനയും പിഞ്ചുകുഞ്ഞിനെ കുറിച്ചുള്ള ആശങ്കയും ഇദ്ദേഹത്തെ പിടിച്ചുകുലുക്കിയ സമയത്ത് സ്‌പോൺസറായ ആയിദ് അൽശമ്മരി കുട്ടിയെ ഏറ്റെടുക്കാൻ താത്പര്യം പ്രകടിപ്പിച്ചു.
(കടപ്പാട്- എം.ബി.സി)